താനൂരില്‍ യുവാവിന്റെ കൊലപാതകം;ഭാര്യ അറസ്റ്റില്‍;കാമുകനെ പോലീസ് തിരയുന്നു

താനൂര്‍: താനൂരില്‍ യുവാവ് വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യ സൗജത്തി(35)നെ പോലീസ് അറസ്റ്റ് ചെയ്തു. കാമുകന്‍ ബഷീറിനെ പോലീസ് തിരയുന്നു. ഭാര്യ സൗജത്തും കാമുകന്‍ ബഷീറും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.

സൗജത്തിന്റെ കാമുകന്‍ ബഷീറാണ് ഉറങ്ങിക്കിടന്ന സവാദിന്റെ തലക്കടിച്ചത്. ഇതിനിടെ സവാദിനൊപ്പം ഉറങ്ങിക്കിടന്ന മകള്‍ ഉണര്‍ന്നു. തുടര്‍ന്ന് സൗജത്ത് മകളെ മുറിയിലിട്ട് പൂട്ടുകയും മരണമുറപ്പിക്കാനായി കഴുത്ത് കത്തികൊണ്ട് മുറിക്കുകയുമായിരുന്നു. കസ്റ്റഡിയിലെടുത്ത സൗജത്തിനെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഇവര്‍ക്ക് ഒരുമിച്ച് ജീവിക്കാനാണ് കൊലപാതകം നടത്തിയതെന്നും സൗജത്ത് പോലീസിനോട് പറഞ്ഞു.

കൊലപാതകത്തില്‍ കാമുകനെ സഹായിച്ച ഓമച്ചപ്പുഴ സ്വദേശി സൂഫിയാനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദേശത്തു നിന്നും രണ്ടുദിവസത്തെ അവധിയിലാണ് ബഷീര്‍ കൃത്യനിര്‍വഹണത്തിനായി ഇവിടെയെത്തിയത്. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ വിദേശത്തേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്.

താനൂര്‍ അഞ്ചുടി സ്വദേശിയും ഓമച്ചപ്പുഴ റോഡില്‍ മണലിപ്പുഴയില്‍ താമസക്കാരനുമായ പൗറകത്ത് കമ്മുവിന്റെ മകന്‍ സവാദ്(40) വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.