Section

malabari-logo-mobile

കോണ്‍ഗ്രീറ്റ് ഭിത്തിയുടെ അപകടാവസ്ഥ; വീട്ടുകാരുടെ ഉറക്കം കെടുത്തുന്നു.

HIGHLIGHTS : താനൂര്‍ : ഒഴൂര്‍ റോഡ് സംരക്ഷണാര്‍ത്ഥം പഞ്ചായത്ത് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് ഭിത്തി അപകടാവസ്ഥയില്‍. ഭിത്തിയുടെ അപകടാവസ്ഥ കുടുംബത്തിന്റെ ഉറക്കം കെടുത...

tanurതാനൂര്‍ : ഒഴൂര്‍ റോഡ് സംരക്ഷണാര്‍ത്ഥം പഞ്ചായത്ത് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് ഭിത്തി അപകടാവസ്ഥയില്‍. ഭിത്തിയുടെ അപകടാവസ്ഥ കുടുംബത്തിന്റെ ഉറക്കം കെടുത്തുന്നു.

പെരിഞ്ചേരി വിഐപി കോളനി റോഡരുകില്‍ താമസിക്കുന്ന ചെറുമുതലേത്ത് വാസുദേവനും കുടുംബവുമാണ് ഭീതിയുടെ നിഴലില്‍ ജീവിതം തള്ളി നീക്കുന്നത്. റോഡിന്റെ സുരക്ഷക്കായി ഒഴൂര്‍ പഞ്ചായത്ത് നിര്‍മ്മിച്ച മതിലിന്റെ അപകടാവസ്ഥയാണ് പ്രതിസന്ധിക്ക് കാരണം. 2 മീറ്റര്‍ വീതിയുള്ള റോഡിന്റെ അരുകില്‍ ഒരു മീറ്റര്‍ മാത്രം വ്യത്യാസത്തില്‍ താഴ്ചയിലാണ് വാസുവിന്റെ വീട് സ്ഥിതി ചെയ്യുന്നത്. 30 വര്‍ഷമായി കുടുംബം താമസിക്കുന്നത് ഈ വീട്ടിലാണ്. നേരത്തെ ഉണ്ടായിരുന്ന നടപ്പാത 15 വര്‍ഷം മുമ്പാണ് പഞ്ചായത്ത് ഏറ്റെടുത്ത് റോഡാക്കിയത്. പ്രദേശത്തെ നൂറില്‍പരം വീടുകള്‍ക്കുള്ള സഞ്ചാര മാര്‍ഗമാണിത്. വീടിന്റെ സുരക്ഷക്കായി മണ്ണിടിയാതിരിക്കാന്‍ വാസു നിര്‍മ്മിച്ച മതില്‍ നിരന്തരം ഇടിഞ്ഞതോടെ വാസു ഒഴൂര്‍ പഞ്ചായത്തില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 70,000 ത്തോളം രൂപ ചെലവില്‍ പഞ്ചായത്ത് മതില്‍ നിര്‍മ്മിച്ചു.

sameeksha-malabarinews

നിര്‍മ്മാണം പൂര്‍ത്തിയായി 3 മാസം പൂര്‍ത്തിയാകും മുമ്പ് മതില്‍ അപകടാവസ്ഥയിലായി. ഇതോടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയായി. അപകടസ്ഥിതി രൂക്ഷമായതോടെ വാസുദേവന്‍ വീണ്ടും പഞ്ചായത്തില്‍ പരാതി നല്‍കി. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ല. തുടര്‍ന്ന് ആര്‍ഡിഒ, കളക്ടര്‍, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് വിഷയം ബോധ്യപ്പെട്ട ആര്‍ഡിഒ പഞ്ചായത്തിനോട് അടിയന്തിര നടപടിക്കും, തല്‍ക്കാലം അപകടാവസ്ഥ പരിഹരിക്കാന്‍ റോഡില്‍ അമിതഭാരമുള്ള വാഹനങ്ങള്‍ നിരോധിച്ച് ബോര്‍ഡ് വെക്കാനും നിര്‍ദ്ദേശിച്ചു. എന്നാല്‍ ഈ നിര്‍ദേശം പഞ്ചായത്ത് അവഗണിച്ചു.

തുടര്‍ന്നാണ് ശനിയാഴ്ച പകല്‍ 11 ന് ജെസിബി കടന്നു പോകവെ മതിലിന്റെ ഒരു ഭാഗം തകര്‍ന്ന് വീട്ടുമുറ്റത്ത് പതിച്ചത്. സമീപത്തുണ്ടായിരുന്ന കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ജെസിബി മറിയാതെ രക്ഷപ്പെട്ടതും തലനാരിഴ വ്യത്യാസത്തിനാണ്. 30 മീറ്ററോളം നീളമുള്ള മതില്‍ ഏതുസമയവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ റോഡ് തടഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രദേശം സന്ദര്‍ശിക്കാനോ നടപടി സ്വീകരിക്കാനോ അധികൃതര്‍ തയ്യാറായിട്ടില്ല. നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് മതില്‍ തകരാന്‍ കാരണമെന്നും ആക്ഷേപമുണ്ട്.

ഈ സാഹചര്യത്തില്‍ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. മതില്‍ പുനര്‍ നിര്‍മ്മിച്ച് കുടുംബത്തിന്റെ ആശങ്കയകറ്റണമെന്നും നാട്ടുകാരുടെ ഗതാഗതമാര്‍ഗ്ഗം പുനഃസ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!