താനൂര്‍ സര്‍ക്കാര്‍ ആശുപത്രി വികസനം: സമഗ്ര മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും

താനൂര്‍: സര്‍ക്കാര്‍ ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ എച്ച്‌.എം.സി യോഗം തീരുമാനിച്ചു. ആശുപത്രിയില്‍ ഡയാലിസിസ്‌ യൂണിറ്റ്‌ ആരംഭിക്കാന്‍ എം.എല്‍.എ ഫണ്ടില്‍ നിന്ന്‌ ഒരു കോടി അനുവദിക്കുമെന്ന്‌ വി. അബ്‌ദുറഹിമാന്‍ എം.എല്‍.എ അറിയിച്ചു. അതോടൊപ്പം എക്‌സറേ യൂണിറ്റും ലാബും നവീകരിക്കാനും തീരുമാനമായി. നിലവില്‍ ഉപയോഗ ശൂന്യമായി കിടക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുകയും നവീനമായ രീതിയില്‍ കെട്ടിടങ്ങള്‍ പണിയാനാണ്‌ ഉദ്ദേശിക്കുന്നത്‌.

ആശുപത്രിയില്‍ കാഷ്വാലിറ്റി സംവിധാനം ഒരുക്കാനും ലേബര്‍ റൂം തുറന്നു പ്രവര്‍ത്തിക്കാനും നടപടികളുണ്ടാകണമെന്നും ഇതിനായി കൂടുതല്‍ ഡോക്‌ടര്‍മാരെ നിയമിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇത്‌ സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുമെന്ന്‌ എം.എല്‍.എ അറിയിച്ചു. യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ. സുബൈദ അദ്ധ്യക്ഷത വഹിച്ചു. വൈസ്‌ ചെയര്‍മാന്‍ സി. മുഹമ്മദ്‌ അഷ്‌റഫ്‌, ആരോഗ്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.പി. ഷഹര്‍ബാന്‍, എം. അനില്‍കുമാര്‍, എം.പി. ഹംസക്കോയ, ഇ.പി. കുഞ്ഞാവ, കെ. പ്രഭാകരന്‍, ബാപ്പു വടക്കയില്‍ പ്രസംഗിച്ചു.