താനൂര്‍ കുടിവെള്ള പദ്ധതി:  ഉദ്‌ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

താനൂര്‍: നൂറ്‌ കോടി ചിലവില്‍ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പദ്ധതിയുടെ പ്രധാന ടാങ്ക്‌ നിര്‍മിക്കുന്ന ചെറിയമുണ്ടത്താണ്‌. ഈ മാസം 23ന്‌ രാവിലെ 11 മണിക്കാണ്‌ പരിപാടി.

താനൂര്‍ നഗരസഭയും താനാളൂര്‍, നിറമരുതൂര്‍, പൊന്മുണ്ടം, ഒഴൂര്‍, ചെറിയമുണ്ടം എന്നീ പഞ്ചായത്തുകളുമടങ്ങിയ താനൂര്‍ നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ നാല്‌ ദശാബ്‌ദക്കാലമായി ഉയര്‍ന്നുവന്ന പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു കുടിവെള്ള പദ്ധതി. തീരദേശമാണ്‌ കുടിവെള്ളക്ഷാമം കൊണ്ട്‌ കൂടുതല്‍ ദുരിതമനുഭവിച്ചത്‌. മറ്റു പഞ്ചായത്തുകളും വേനല്‍ക്കാലമെത്തുന്നതോടെ കുടിവെള്ള ദൗര്‍ലഭ്യം നേരിട്ടുകൊണ്ടിരിക്കുകയാണ്‌. ചെറിയമുണ്ടം ഗ്രാമപഞ്ചായത്താണ്‌ പദ്ധതിക്ക്‌ വേണ്ടിയുള്ള ഒന്നര ഏക്കര്‍ ഭൂമി വിട്ടുനല്‍കിയത്‌. 2 വര്‍ഷം കൊണ്ട്‌ പൂര്‍ത്തിയാവുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാകുന്നതോടൊപ്പം തന്നെ രണ്ടാംഘട്ടത്തിലെ വിതരണ ശൃംഖലയും പൂര്‍ത്തിയാക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരമേറ്റെടുത്ത 2016 ജൂണ്‍ മാസത്തില്‍ തന്നെ താനൂര്‍ എം.എല്‍.എ വി. അബ്‌ദുറഹിമാന്‍ സര്‍ക്കാരിന്‌ സമര്‍പ്പിച്ച ആദ്യപദ്ധതിയാണ്‌ താനൂര്‍ കുടിവെള്ള പദ്ധതി.

ചടങ്ങില്‍ ജലവിഭവ വകുപ്പ്‌ മന്ത്രി മാത്യു ടി തോമസ്‌ അധ്യക്ഷത വഹിക്കും. ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എം.പി മുഖ്യാതിഥിയാകുമെന്നും വി. അബ്‌ദുറഹിമാന്‍ എം.എല്‍.എ അറിയിച്ചു.