തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ചൂടു പകര്‍ന്ന്‌ `ബീരാനിക്കയുടെ ചായപ്പീടിക’

1 Dramaതാനൂര്‍: തിരഞ്ഞെടുപ്പ്‌ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേറിട്ട കാഴ്‌ചയായി നാടകവും എത്തിയതോടെ താനൂര്‍ നിയോജക മണ്ഡലത്തിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ചൂടുപിടിക്കുന്നു. ഇത്തവണ കടുത്ത മത്സരം നടക്കുന്ന താനൂരില്‍ വികസന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌താണ്‌ മാവൂര്‍ നവധാര തിയേറ്റേഴ്‌സിന്റെ ബീരാനിക്കയുടെ ചായപ്പീടിക എന്ന തെരുവുനാടകം ശ്രദ്ധേയമാകുന്നത്‌. വികസന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന നാടകത്തില്‍ ചായക്കടക്കാരന്‍ ബീരാനിക്ക, പാത്തുമ്മത്താത്ത, കൃഷ്‌ണന്‍കുട്ടി, ശങ്കരന്‍ നായര്‍, കലന്തന്‍ഹാജി എന്നീ കഥാപാത്രങ്ങളാണ്‌ കാണികളുടെ മനംകവരുന്നത്‌.
മത്സ്യതൊഴിലാളികളുടെ ദുരിതങ്ങള്‍, താനൂരിലെ കുടിവെള്ളത്തിന്റെ അപര്യാപ്‌തത, വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍, വിലക്കയറ്റം, ആരോഗ്യരംഗത്തെ പ്രതിസന്ധികള്‍ എന്നിവയെല്ലാം കടന്നുവരുന്ന നാടകത്തിന്‌ കാഴ്‌ചക്കാരേറെയാണുള്ളത്‌. എല്‍ ഡി എഫ്‌ സ്ഥാനാര്‍ഥി വി അബ്‌ദുറഹിമാന്റെ പ്രചാരണത്തിന്റെ ഭാഗമായാണ്‌ വിവിധ സ്ഥലങ്ങളില്‍ നാടകം അരങ്ങേറുന്നത്‌.
മാവൂര്‍ വിജയന്‍ രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുള്ള നാടകത്തില്‍ സുധാകരന്‍ ചൂലൂര്‍, ഒ ടി വേലായുധന്‍, സാബു രാമകൃഷ്‌ണന്‍, റീന കോഴിക്കോട്‌, ലനീഷ്‌ നരയന്‍കുളം, രജുലാല്‍, സരീഷ്‌ കുമാര്‍ എന്നിവരാണ്‌ അഭിനേതാക്കളായി രംഗത്തെത്തുന്നത്‌. മണ്ഡലത്തിലെ ഗ്രാമ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ ഓരോ ദിവസത്തെയും പര്യടനം.

താനൂരില്‍ അവതരിപ്പിക്കുന്ന മാവൂര്‍ നവധാര തിയേറ്റേഴ്‌സിന്റെ `ബീരാനിക്കയുടെ ചായപ്പീടിക’ എന്ന നാടകത്തില്‍ നിന്നുള്ള ദൃശ്യം