ദേവധാറിന്റെ മുറ്റത്ത് അവര്‍ വീണ്ടും ഒത്തു കൂടി: മാതൃക നിയമസഭയുടെ ഓര്‍മ്മ പുതുക്കാന്‍

താനൂര്‍: നിയമസഭയുടെ 60-ാം വാര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം ദേവധാര്‍ ഹൈസ്‌ക്കൂളില്‍ നടന്ന  മാതൃക നിയമസഭയില്‍ പങ്കെടുത്ത നൂറോളം കുട്ടികള്‍ ഓര്‍മ്മ പുതുക്കാനും അനുഭവങ്ങള്‍ പങ്കുവെയ്ക്കാനും വീണ്ടും ഒത്തുക്കൂടി. ദേവധാര്‍ ഹൈസ്‌ക്കൂളില്‍ നടന്ന ചടങ്ങില്‍ വി.അബ്ദുറഹിമാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

വജ്രകേരളം എന്ന പേരില്‍ നടന്ന പരിപാടി കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്തത് കേരള ഗവര്‍ണറായിരുന്നു. ഇതോടനുബന്ധിച്ച് മണ്ഡലത്തിലും സമീപപ്രദേശങ്ങളിലുമുള്ള വിദ്യാലയങ്ങളില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട 100 വിദ്യാര്‍ത്ഥികളാണ് മാതൃകാ പാര്‍ലമെന്റില്‍ പങ്കെടുത്തിരുന്നത്. കേരളാ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അന്ന് മാതൃകാ നിയമസഭ വീക്ഷിക്കാനുണ്ടായിരുന്നു. അന്ന് പങ്കെടുത്ത കുട്ടികളെ മുഴുവനും നിയമസഭ കാണാന്‍ ക്ഷണിച്ചു കൊണ്ടാണ് അദ്ദേഹം വിടവാങ്ങിയത്. പിന്നീട് കുട്ടികള്‍ തിരുവനന്തപുരത്തേക്ക് യാത്ര പോവുകയും അസംബ്ലി അടക്കമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും മുഖ്യമന്ത്രി അടക്കമുള്ളവരെ കാണുകയും ചെയ്തു. തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കാനും ഓര്‍മ്മകള്‍ പുതുക്കാനുമാണ് അവര്‍ വീണ്ടും ഒത്തു ചേര്‍ന്നത്.

തങ്ങളുടെ വിദ്യാഭ്യാസ ജീവിതത്തില്‍ അവിസ്മരണീയമായ ഒരു അനുഭവമാണ് വിദ്യാര്‍ത്ഥി പാര്‍ലമെന്റും നിയമസഭാ യാത്രയുമെന്ന് ഓരോരുത്തരും വിലയിരുത്തി. ഈ ഒത്തുച്ചേരലിന് ആശംസ അറിയിച്ചു കൊണ്ട് നിയമസഭ സെക്രട്ടറി വി.കെ ബാബു പ്രകാശിന്റെ ശബ്ദ സന്ദേശം വേദിയില്‍ കേള്‍പ്പിച്ചു. ചടങ്ങില്‍ വിഷ്ണു സ്വാഗതവും മുഹമ്മദ് അനസ് അധ്യക്ഷനുമായി. ലക്ഷമി നാരായണന്‍ മാസ്റ്റര്‍, രവീന്ദ്രന്‍മാസ്റ്റര്‍ സംസാരിച്ചു. ജനാര്‍ദ്ദനന്‍ പേരാമ്പ്ര വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്തു.