ആദ്യ ശബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്;മാതൃകയായി താനൂര്‍ ദേവധാര്‍ സ്‌കൂളിലെ അധ്യാപകരായ മേരി ദയയും ഷീജയും

താനൂര്‍: ഏറെ നാളത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ ആശിച്ചുകിട്ടിയ ജോലിയുടെ ആദ്യ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി രണ്ട് അധ്യാപികമാര്‍. ദേവധാര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ നാച്ചുറല്‍ സയന്‍സ് അധ്യാപികമാരായ മേരി ദയയും ഷീജയുമാണ് മാതൃകാപരമായ ഈ തീരുമാനമെടുത്തിരിക്കുന്നത്. ഓഗസ്റ്റ് 10, 13 തീയതികളിലായാണ് ഇരുവരും ദേവധാർ സ്കൂളിൽ അധ്യാപകരായി ജോലിയിൽ പ്രവേശിച്ചത്.

സർക്കാരിൽ നിന്നും ലഭിക്കുന്ന ആദ്യ ശമ്പളം എന്തുചെയ്യണമെന്ന് ആലോചിച്ചിരുന്ന വേളയിലാണ് മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് എന്ന ആഹ്വാനം വന്നത്. മറിച്ചൊന്നും ചിന്തിക്കാതെ ആദ്യ ശമ്പളം പൂർണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുകയായിരുന്നു.

ആലപ്പുഴ ചേർത്തല സ്വദേശിയായ മേരിദയയുടെ ഭർത്താവ് റെനി സെബാസ്റ്റ്യൻ തൈക്കാട്ടുശ്ശേരി പഞ്ചായത്തിൽ അസിസ്റ്റൻറ് എൻജിനീയറായി ജോലി ചെയ്യുകയാണ്. പ്രളയ ദിനങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്ന റെനി ദുരിതാവസ്ഥ ഭാര്യയുമായി പങ്കുവച്ചിരുന്നു. ആ ദുരിത ചിത്രങ്ങളും മനസ്സിലേക്ക് കടന്നു വന്നതോടെ മറ്റൊന്നും ചിന്തിക്കാതെ ഈ തീരുമാനം എടുക്കുകയായിരുന്നു. സർക്കാരിന്റെ ശക്തമായ ഇടപെടൽ മൂലമാണ് തങ്ങൾക്ക് ഈ ജോലി ലഭിച്ചതെന്നും, അതിനാൽ തന്നെ ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് തങ്ങൾ ശമ്പളം കൈമാറുന്നതെന്നും മേരി ദയ പറഞ്ഞു.

ആലപ്പുഴ ജില്ലയിൽ തന്നെ കായംകുളം സ്വദേശിയാണ് ഷീജ. പ്രളയ സമയത്ത് നാട്ടിൽ പോവാൻ ഏറെ പ്രയാസം അനുഭവിച്ചിരുന്നു .ഈ പ്രയാസങ്ങളുടെ തുടർച്ചയെന്നോണമാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും,  കേരളം പുനർനിർമ്മിക്കാൻ നമ്മുടെ സർക്കാർ ശ്രമിക്കുമ്പോൾ അതിനൊരു കൈത്താങ്ങ് ആവുകയാണ് താനെന്നും ഷീജ പറഞ്ഞു.

പ്രളയം നേരിട്ട് ബാധിക്കാത്ത ഈ പ്രദേശത്തുനിന്നും അധ്യാപകരും കുട്ടികളും നാട്ടുകാരും കാണിക്കുന്ന സഹായ മനോഭാവം കാണുമ്പോൾ പ്രളയം അനുഭവിച്ച തങ്ങൾക്ക് വല്ലാത്ത ആവേശം തോന്നുന്നതായും ഈ അധ്യാപകർ കൂട്ടിച്ചേർക്കുന്നു.
താനൂരിലെ വാടകവീട്ടിൽ ഒരുമിച്ചാണ് ഇവർ താമസിക്കുന്നത് .അതുകൊണ്ടുതന്നെ രണ്ടുപേരുടെയും കൂടിയാലോചനയിൽ ശക്തമായ തീരുമാനമായിരുന്നു കൈക്കൊണ്ടത്. മഹാ പ്രളയത്തെ നേരിടാൻ നിങ്ങൾ എന്തു ചെയ്തു എന്ന് മുമ്പിലിരിക്കുന്ന വിദ്യാർഥികളുടെ ചോദ്യത്തിന് ഇനി ഞങ്ങൾക്ക് വ്യക്തമായ മറുപടിയുണ്ടെെന്ന് ഈ അധ്യാപകർ അഭിമാനത്തോടെ പറയുന്നു.