താനൂരില്‍ തീരദേശ സമാധാന സന്ദേശ റാലി നടത്തി

താനൂർ : താനൂർ തീരദേശത്തെ സമാധാനം തിരികെ കൊണ്ടുവരാൻ പാർടി നേതൃത്വത്തോടൊപ്പം പ്രവർത്തകരും അണിനിരന്നു. താനൂർ ജനമൈത്രി പൊലീസും, താനൂർ മുനിസിപ്പൽ തീരദേശ സമാധാന കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ തീരദേശ സമാധാന സന്ദേശ റാലി നടന്നു. വെള്ളിയാഴ്ച വൈകീട്ട് 4ന് ഒട്ടുംപുറം ഫാറൂഖ് പള്ളി പരിസരത്തു നിന്ന്  ആരംഭിച്ച റാലി വാഴക്കതെരു അങ്ങാടിയിൽ സമാപിച്ചു.
മുസ്ലിം ലീഗ് നേതാക്കളായ അലിഅക്ബർ, ഷംസു, സിപിഐ എം തീരദേശ ലോക്കൽ സെക്രട്ടറി എം പി ഹംസ കോയ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി ഹംസ കുട്ടി മുഹമ്മദ് സറാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമാധാന റാലി.
താനൂർ മേഖല  സമാധാന കമ്മിറ്റി അംഗം എംപി  അഷ്റഫിന്റെ അധ്യക്ഷതയിൽ  വാഴക്കതെരുവിൽ നടന്ന സമാധാന പൊതുയോഗത്തിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ, സിപിഐ എം ജില്ലാസെക്രട്ടറി ഇ എൻ മോഹൻദാസ്, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി അഡ്വ. യു എ ലത്തീഫ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ ജയൻ, മുൻമന്ത്രി കുട്ടി അഹമ്മദ് കുട്ടി, തിരൂർ ഡിവൈഎസ്പി ബിജു ഭാസ്കർ എന്നിവർ സംസാരിച്ചു. നഗരസഭ ചെയർപേഴ്സൺ സികെ സുബൈദ സമാധാന സന്ദേശ പ്രതിജ്ഞ ചൊല്ലി. താനൂർ സമാധാന കമ്മിറ്റി അംഗം എം അനിൽ കുമാർ സ്വാഗതവും, താനൂർ സി ഐ എം ഐ ഷാജി നന്ദിയും പറഞ്ഞു. റാലിയിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും പായസം നൽകി.
നേതൃത്വത്തെ അംഗീകരിക്കാൻ പ്രവർത്തകർ തയ്യാറായതാണ് തീരദേശത്തെ സംഘർഷങ്ങൾക്ക് അയവ് വരാൻ സാഹചര്യം ഒരുക്കിയതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. അതേസമയം അതിജീവനത്തിനു മാതൃകാപരമായ ഇടപെടൽ നടത്തിയ മത്സ്യത്തൊഴിലാളികൾ സംഘർഷം കൈവെടിയണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ചുമാസമായി നിലനിൽക്കുന്ന സമാധാനാന്തരീക്ഷം തുടർന്നുപോകാൻ മുഴുവനാളുകളും രംഗത്തുവരണമെന്ന് യോഗത്തിൽ സംസാരിച്ച മറ്റുനേതാക്കൾ ആവശ്യപ്പെട്ടു.