Section

malabari-logo-mobile

“പിച്ചിടല്ലേ പറിച്ചെടുക്കല്ലേ കൊച്ചുപൂവിനെ നോവിച്ചിടല്ലേ”

HIGHLIGHTS : താനൂര്‍: ജീവിതത്തിന്റെ വിശാലതയിലേക്ക് വിടരും മുമ്പേ ചീന്തിയെറിയപ്പെടേണ്ടി വരുന്ന കുരുന്നിളം പൂവിന്റെ ജീവിതദൈന്യം സംബന്ധിച്ച് കവയത്രി സുഗതകുമാരി കുറ...

tanur 1താനൂര്‍: ജീവിതത്തിന്റെ വിശാലതയിലേക്ക് വിടരും മുമ്പേ ചീന്തിയെറിയപ്പെടേണ്ടി വരുന്ന കുരുന്നിളം പൂവിന്റെ ജീവിതദൈന്യം സംബന്ധിച്ച് കവയത്രി സുഗതകുമാരി കുറിച്ചിട്ട വാക്കുകളാണിത്. ഒഴൂര്‍ വെള്ളച്ചാല്‍ സ്വദേശി ശ്രീകാന്ത് എന്ന വിദ്യാര്‍ത്ഥിയുടെ ജീവിത ദുരിതത്തിന്റെ പരിപ്രേക്ഷ്യമാകുകയാണ് അക്ഷരാര്‍ത്ഥത്തില്‍ ഈ വരികള്‍. “എനിക്ക് പഠിക്കണം, കൂട്ടുകാര്‍ക്കൊപ്പം കളിക്കണം, പഠിച്ച് വല്ല്യ ആളായി ഒരു വീട് വെക്കണം. അച്ഛന്റെയും, അമ്മയുടെയും സ്വപ്നം സാക്ഷാത്കരിക്കണം”. ശരീരം കാര്‍ന്ന് തിന്നുന്ന അസഹ്യമായ വേദന കടിച്ചമര്‍ത്തി ദുരിതക്കിടക്കയില്‍ നാളുകള്‍ തള്ളിനീക്കുമ്പോഴും സന്ദീപിന്റെ മനസ്സ് വാചാലമാകുന്നു. സ്വന്തം വേദനയേക്കാള്‍ ഈ കുഞ്ഞുമനസ്സിനെ അലട്ടുന്നത് അച്ഛന്റെയും, അമ്മയുടെയും വേദനകള്‍ ആണ്.

ഒഴൂര്‍ വെള്ളച്ചാല്‍ കോയസ്സം പറമ്പില്‍ ബാബു സിന്ധു ദമ്പതികളുടെ ഇളയ മകനാണ് ശ്രീകാന്ത് (15). കുട്ടികളില്‍ കാണുന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സന്ധിവാതമാണ് ശ്രീകാന്തിന്റെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തുന്നത്. പതിനായിരങ്ങളില്‍ ഒരാള്‍ക്ക് മാത്രം വന്ന് ചേരുന്ന രോഗത്തിനെ വൈദ്യശാസ്ത്രം “സോജിയ” (SOJIA) എന്ന ചുരുക്ക പേരിലാണ് വിളിക്കുന്നത്. സന്ധി നുറുങ്ങുന്ന വേദനയാണ് പ്രധാനം. വേദന തുടങ്ങിയാല്‍ തൊണ്ടയില്‍ നിന്ന് ഒരു തുള്ളി വെള്ളം പോലും ഇറങ്ങാത്ത അവസ്ഥ. പരസഹായമില്ലാതെ ഒന്നനങ്ങാന്‍ പോലുമാകില്ല.

sameeksha-malabarinews

5 വയസ്സുള്ളപ്പോഴാണ് ശ്രീകാന്തിന് രോഗം സ്ഥിരീകരിച്ചത്. 8 മാസത്തോളം പൊള്ളുന്ന പനി ബാധിച്ച് ശ്രീകാന്ത് കിടപ്പിലായി. വെള്ളവും ഭക്ഷണവും കഴിക്കാനാകാതെ, അസഹ്യമായ വേദന കടിച്ചമര്‍ത്തി. ആവുന്ന ചികില്‍സയെല്ലാം നല്‍കി. യാതൊരു ഫലവുമുണ്ടായില്ല. ഒടുവില്‍ എറണാകുളം അമൃതയില്‍ ചികില്‍സ തേടി. ഇവിടെ നിന്നാണ് രോഗം സ്ഥിരീകരിച്ചത്. പിന്നീട് മാസങ്ങള്‍ക്കു ശേഷം ശ്രീകാന്ത് എണീറ്റ് നടന്നത് നിരന്തരമായ ഫിസിയോ തെറാപ്പിയുടെ സഹായത്താലാണ്. തുടര്‍ന്നും നിരവധി തവണ തുടര്‍ച്ചയായി കിടപ്പിലായി. ഇതിനിടെ സ്വന്തമായി പഠിച്ച് ശ്രീകാന്ത് 9 ാം ക്ലാസ് വരെ പാസായി. പഠനം പലപ്പോഴും മുടങ്ങിയിട്ടും ശ്രീകാന്തിന്റെ പരിശ്രമം വിജയിച്ചു.

കഴിഞ്ഞ അഞ്ചുമാസമായി കുട്ടിയുടെ സ്ഥിതി അത്യന്തം ഗുരുതരമാണ്. ഇതിനിടെ ആവുന്ന ചികില്‍സകളെല്ലാം നടത്തിയ കുടുംബത്തോട് വൈദ്യശാസ്ത്രം നിര്‍ദ്ദേശിക്കുന്നത് ഒരു പോംവഴി മാത്രം. മാസത്തില്‍ ഒരു തവണ ഒരു ഇഞ്ചക്ഷന്‍ നല്‍കണം. ഒന്നിന് മാത്രം വില 32,000 രൂപ. അനുബന്ധമരുന്നുകള്‍ വേറെയും. കൂലിപ്പണിക്കാരനായ ബാബുവിന്റെ വരുമാനത്തില്‍ മാത്രം പുലരുന്ന കുടുംബത്തിന് സ്വപ്നങ്ങള്‍ പോലും ബാക്കിയാകുന്നില്ല. ഉള്ളതെല്ലാം വിറ്റുപെറുക്കിയും കടം വങ്ങിച്ചുമാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് നാളിതുവരെ ചികില്‍സിച്ചത്. സുമനസ്സുകളുടെ അകമഴിഞ്ഞ സഹായവും തുണയായി. ഇനി കൈനീട്ടാന്‍ ആരുമില്ലെന്ന് പറയുമ്പോള്‍ അമ്മ സിന്ധുവിന്റെ കണ്ണില്‍ കണ്ണീര്‍ച്ചാലൊഴുകുന്നു.

സ്വന്തമായൊരു വീട് കുടുംബത്തിന് സ്വപ്നം മാത്രമാണ്. 10 വര്‍ഷത്തോളമായി വാടകക്വാര്‍ട്ടേഴ്‌സിലാണ് താമസം. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കുത്തിച്ചാരി നിര്‍മ്മിച്ച കൂരയില്‍ ആയിരുന്നു ഇതിന് മുമ്പ്. വീട് തകര്‍ന്ന് വീണതോടെ താമസം ക്വാര്‍ട്ടേഴ്‌സിലാക്കി. സുമനസ്സുകളുടെ സഹായം കൊണ്ടും മറ്റും ഇന്ന് 4 സെന്റ് ഭൂമി സ്വന്തമായുണ്ട്. ചുവരുറപ്പുള്ള വീടിന് വേണ്ടി തറയൊരുക്കാന്‍ ശ്രമിച്ചെങ്കിലും പാതിവഴിയില്‍ മുടങ്ങി. ശ്രീകാന്തിന്റെ സഹോദരങ്ങള്‍ ഇരുവരും പഠനത്തില്‍ മിടുക്കരാണ്. ശ്രീകാന്തിന്റെ ചികില്‍സ, മൂവരുടെയും പഠനം, വീട്ടുചെലവുകള്‍ എല്ലാം കഴിഞ്ഞുപോകുന്നത് ബാബുവിന്റെ തുച്ഛ വരുമാനം കൊണ്ട് മാത്രം. കുത്തിവെപ്പിന് പണം കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ ഡോക്ടര്‍ നിര്‍ത്തിയ വേദന സംഹാരികള്‍ കൊണ്ടാണ് ശ്രീകാന്ത് പിടിച്ച് നില്‍ക്കുന്നത്.

ഈ സാഹചര്യത്തില്‍ ശ്രീകാന്തിന്റെ ചികില്‍സക്ക് സുമനസ്സുകളുടെ സഹായം അനിവാര്യമാണ്. 10 ാം ക്ലാസുകാരനായ ശ്രീകാന്തും പ്രതീക്ഷയിലാണ്. തനിക്ക് പഠിക്കാന്‍, രോഗമുക്തനാകാന്‍ ആരെങ്കിലും സഹായിക്കാതിരിക്കില്ലെന്ന പ്രതീക്ഷയാണ് ശ്രീകാന്തിന്റെ മനം നിറയെ. ശ്രീകാന്തിന്റെ ചികില്‍സക്ക് വേണ്ടി നാട്ടുകാര്‍ ഒരു സഹായ കമ്മറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. അയ്യായ പ്രേമന്‍ പണിക്കര്‍ ചെയര്‍മാനും, വാര്‍ഡംഗം സിപി സമീറ കണ്‍വീനറുമായ കമ്മറ്റിയാണ് രൂപികരിച്ചത്. കമ്മറ്റി കേരള ഗ്രാമീണ്‍ ബാങ്കിന്റെ പുല്‍പ്പറമ്പ് എക്കൗണ്ടും തുറന്നിട്ടുണ്ട് ശ്രീകാന്തിന് സഹായം നല്‍കാനാഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന എക്കൗണ്ടില്‍ പണം നിക്ഷേപിക്കണം.
A/c- 40649101002661, IFC -CNRDOOSMGD4

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!