താനൂരില്‍ സ്‌കൂള്‍ ബസ് മരത്തിലിടിച്ച് ഡ്രൈവറുള്‍പ്പെടെ 17 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

busseesssതാനൂര്‍: സ്‌കൂള്‍ ബസ് മരത്തിലിടിച്ച് ഡ്രൈവറുള്‍പ്പെടെ 17 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. താനൂര്‍ അമൃതാനന്ദമയി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന ബസ്സാണ് പട്ടരുപറമ്പ് വട്ടത്താണി റോഡില്‍ അപകടത്തില്‍പ്പെട്ടത്.

വിദ്യാര്‍ത്ഥികളെ കയറ്റി സ്‌കൂളിലേക്ക് പോകുന്നതിനിടെ റോഡരികില്‍ കൂട്ടിയിട്ടിരുന്ന കരിങ്കല്ലില്‍ തട്ടി ബസ് നിയന്ത്രണം വിടുകയും സമീപത്തെ മരത്തിലിടിച്ച് നില്‍ക്കുകയുമായിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴുവാക്കിയത്.

വട്ടത്താണി സ്വദേശിയായ ഡ്രൈവര്‍ ഗംഗാധരനുള്‍പ്പെടെ 17 വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. വിദ്യാര്‍ത്ഥികളെ അടുത്തുള്ള സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.