മൂന്ന് വയസ്സുകാരന്റെ ജീവന്‍ രക്ഷിച്ച ജിതിന് നാടിന്റെ ആദരം

Story dated:Saturday July 22nd, 2017,05 18:pm
sameeksha

താനൂര്‍: നമ്പീശന്‍ റോഡ് സ്വദേശി ആക്കിപ്പറമ്പത്ത് പരേതനായ ഭാസ്‌കരന്‍-പ്രേമകുമാരി ദമ്പതികളുടെ മകനായ ജിതിന്‍കുമാറാണ് കുളത്തില്‍ മുങ്ങിത്താഴുകയായിരുന്ന മൂന്ന് വയസ്സുകാരന്റെ ജീവന്‍ രക്ഷിച്ചത്. സമീപവാസിയായ അറക്കലകത്ത് മുക്താറിന്റെ മകന്‍ ഷഫിന്‍ അഹമ്മദാണ് കളിക്കുന്നതിനിടെ കാല്‍വഴുതി ആഴമേറിയ കുളത്തില്‍ വീണത്. സംഭവമറിഞ്ഞതോടെ പ്രദേശവാസികള്‍ കുളത്തില്‍ പരിശോധന നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ സമയം സംഭവമറിഞ്ഞ് പ്രദേശത്തെത്തിയ ജിതിന്‍ കുളത്തിലിറങ്ങുകയും പരിശോധന നടത്തുകയും ചെയ്തു. ചെളിയില്‍ ആഴ്ന്നുപോയ കുഞ്ഞിന്റെ കാല്‍ ജിതിന്റെ കൈകളില്‍ തട്ടിയതോടെ ആഴത്തിലെത്തി കുഞ്ഞിനെ ഉയര്‍ത്തി. തുടര്‍ന്ന് കുളക്കരയില്‍വെച്ച് പ്രാഥമിക ചികിത്സ നടത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രായിരിമംഗലം ഈസ്റ്റ് ജി.എല്‍.പി സ്‌കൂളില്‍ നടന്ന ഗ്രാമസഭയില്‍ ജിതിനെ വി. അബ്ദുറഹിമാന്‍ എം.എല്‍.എ പൊന്നാടയണിയിച്ച് ആദരിച്ചു. നഗരസഭാ കൗണ്‍സിലര്‍മാരായ കെ. വിവേകാനന്ദന്‍, ടി. അറുമുഖന്‍, കെ. ബീന, ലൈബ്രേറിയന്‍ കെ.പി. അഷ്‌റഫ്, സി.പി. അശോകന്‍ എന്നിവര്‍ പങ്കെടുത്തു.