താനൂരില്‍ ബൈക്ക്‌ മോഷ്ടാവ്‌ പിടിയില്‍

tanur bike theft 1താനൂര്‍: താനാളൂര്‍ മൂച്ചികലില്‍ നിന്നും ബൈക്ക്‌ മോഷ്ടിച്ച യുവാവിനെ താനൂര്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പാലക്കാട്‌ കൊഴിഞ്ഞാംപാറ ജാഹിര്‍ ഹുസൈന്‍ കോളനി സ്വദേശി തന്‍സീര്‍(19)നെയാണ്‌ താനൂര്‍ എസ്‌ ഐ കെ.പി മിഥുനും സംഘവും അറസ്റ്റ്‌ ചെയ്‌തത്‌. കഴിഞ്ഞ 22 നാണ്‌ കേസിനാസ്‌പദമായ സംഭവം . മഞ്ഞളാംപടി സ്വദേശി ഫാസിലിന്റെ ബൈക്കാണ്‌ മോഷ്ടിച്ചത്‌.

മൂച്ചിക്കില്‍വെച്ച്‌ ഫാസിലിന്റെ ബൈക്കില്‍ ചങ്ങാത്തംകൂടി കയറിയ തന്‍സീര്‍ വാഹനത്തിന്റെ ചാവി മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന്‌ പെരുന്നാളിന്‌ രണ്ടുദിവസം മുന്‍പ്‌ കാളാട്‌ എത്തിയ തന്‍സീര്‍ സമീപത്തെ മുഹിയുദ്ദീന്‍ പള്ളിയിലെ മുസ്ല്യാരുടെ മൊബൈല്‍ മോഷ്ടിച്ചു. തുടര്‍ന്ന്‌ നേരത്തെ സംഘടിപ്പിച്ച ഫാസിന്റെ മൊബൈലിലേക്ക്‌ മോഷ്ടിച്ച മൊബൈലില്‍ നിന്ന്‌ വിളിച്ച്‌ മൂച്ചിക്കലില്‍ എത്താന്‍ ആവശ്യപ്പെട്ടു. ഫാസില്‍ ബൈക്കിനടുത്ത്‌ നിന്ന്‌ മാറിയ തക്കം നോക്കി തന്‍സീര്‍ ബൈക്കുമായി കടന്നു.

ബൈക്കിന്റെ പെയിന്റടക്കം മാറ്റി തന്‍സീര്‍ ഉപയോഗിച്ച്‌ വരവെയാണ്‌ താനൂര്‍ പോലീസിന്റെ പിടിയിലായത്‌. ശനിയാഴ്‌ച പുലര്‍ച്ചെ 1.30 ന്‌ താനൂര്‍ റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ നൈറ്റ്‌ പെട്രോളിംഗിനിടെയാണ്‌ തന്‍സീറിനെ പിടികൂടിയത്‌. വാഹനത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ യുവാവ്‌ സംശയാസ്‌പദമായി പെരുമാറുകയായിരുന്നു. പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി. എസ്‌ഐ കെ.പി മിഥുനിനൊപ്പം എഎസ്‌ഐ ജയകൃണന്‍, സിപിഒ കിഷോര്‍ എന്നിവരും ഉണ്ടായിരുന്നു.