Section

malabari-logo-mobile

32 വര്‍ഷത്തിന് ശേഷം അബ്ദുറഹ്മാന്‍ താനൂരിലെ വീട്ടിലെത്തി

HIGHLIGHTS : താനൂർ : ഓർമ്മകൾ മാത്രം ബാക്കിയായി അബ്ദുറഹിമാൻ വീടണഞ്ഞു. 32 വർഷങ്ങൾക്ക് ശേഷം. താനാളൂർ വലിയപാടം സ്വദേശി കുനിയിൽ അബ്ദുറഹ്മാ(71)നാണ് പഴയ ഓർമകളുമായി വീട...

താനൂർ : ഓർമ്മകൾ മാത്രം ബാക്കിയായി അബ്ദുറഹിമാൻ വീടണഞ്ഞു. 32 വർഷങ്ങൾക്ക് ശേഷം. താനാളൂർ വലിയപാടം സ്വദേശി കുനിയിൽ അബ്ദുറഹ്മാ(71)നാണ് പഴയ ഓർമകളുമായി വീട്ടിലെത്തിയത്. 35 വർഷങ്ങൾക്കു മുമ്പ് സൗദിയിലേക്ക് ജോലിക്കായി പോയതാണ് അബ്ദുറഹ്മാൻ. ഇതിനിടയിൽ നാലുതവണ അവധിക്ക് വീട്ടിൽ വന്നു. നാലാം തവണ അവധി കഴിഞ്ഞ് സൗദിയിലേക്ക് പോയ അബ്ദുറഹ്മാനെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതായി.   ബന്ധുക്കൾ പലതവണ വിദേശത്തുള്ള വരുമായി ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. വിദേശ മലയാളി സംഘടനകളും ശ്രമം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇളയമകൻ മുസ്തഫയ്ക്ക് ഒന്നര വയസ്സായപ്പോൾ പോയതാണ്. ഉപ്പയുടെ മുഖം ഓർമ്മയില്ല എന്നായിരുന്നു മുസ്തഫ പറയുന്നത്. മൂത്തമകൻ അബ്ദുറസാക്ക് ദമാമിൽ ആണ് ജോലി ചെയ്യുന്നതെങ്കിലും ഉപ്പയെ കണ്ടെത്താൻ അദ്ദേഹത്തിനും കഴിഞ്ഞില്ല.

സൗദിയിൽ നിന്നും യാദൃശ്ചികമായി ശ്രീലങ്കയിലേക്ക് പോയതോടെ നാടുമായുള്ള എല്ലാ ബന്ധവും മുറിഞ്ഞു. 25 വർഷം ശ്രീലങ്കയിലെ കെന്റിനിൽ കുടിവെള്ള വിതരണ കമ്പനിയിലായിരുന്നു അബ്ദുറഹ്മാൻ. ഇതിനിടയിൽ ഓർക്കാൻ ഇഷ്ടമില്ലാത്ത ഒട്ടേറെ ദുരനുഭവങ്ങളും അബ്ദുറഹ്മാൻ ഉണ്ടായി.

sameeksha-malabarinews

ശ്രീലങ്കയിലുണ്ടായിരുന്ന സഹപ്രവർത്തകന്റെ സുഹൃത്ത് ചമ്രവട്ടം സ്വദേശിയായിരുന്നു. ഇദ്ദേഹം വഴിയാണ് നാടുമായുള്ള ബന്ധം പുനഃസ്ഥാപിച്ചത്. അബ്ദുറഹിമാൻ തന്റെ  ഫോൺ നമ്പർ ഇയാളുടെ കൈവശം നാട്ടിലെത്തിച്ചു. തുടർന്ന് ബന്ധുക്കൾ അബ്ദുറഹിമാനുമായി സംസാരിച്ചെങ്കിലും അവർക്ക് ഉൾക്കൊള്ളാനും വിശ്വസിക്കാനും കഴിഞ്ഞില്ല. പിന്നീട് വീഡിയോ കോൾ ചെയ്യുകയും അബ്ദുറഹ്മാൻ ബന്ധുക്കളെ കുറിച്ച് ചോദിച്ചറിയുകയും ചെയ്തതോടെ വീട്ടുകാർക്ക് വിശ്വാസമായി.

പിന്നീട് ബന്ധുക്കളും മറ്റും ഇടപെട്ടാണ് ശ്രീലങ്കയിൽ നിന്നും അബ്ദുറഹ്മാനെ കൊണ്ടുവരാനായത്.കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളം വഴിയാണ് അബ്ദുറഹിമാൻ നാട്ടിലെത്തിയത്. വർഷങ്ങൾക്കുമുമ്പ് പാസ്പോർട്ട് നഷ്ടപ്പെട്ടതാണ് വിദേശത്തുനിന്നും അബ്ദുറഹ്മാന് നാട്ടിൽ എത്താതിരിക്കാൻ കാരണമായത്. അതുകൊണ്ടുതന്നെ  രേഖകളില്ലാത്തതിനാൽ വിമാനത്താവളത്തിൽ നിന്ന് പുറത്ത് കടക്കാൻ ഏറെ പ്രയാസപ്പെട്ടു.

മൂന്നു വർഷങ്ങൾക്ക് മുമ്പാണ് ഉമ്മ മരിച്ചത്. ബന്ധുക്കളെ കാണുന്നതിനു മുമ്പ് താനാളൂർ ജുമാമസ്ജിദ് കബർസ്ഥാനിലെ ഉമ്മയുടെ ഖബറിടത്തിൽ പോയി സിയാറത്ത് ചെയ്യുകയായിരുന്നു അബ്ദുറഹ്മാൻ ആദ്യം ചെയ്തത്.

25 വർഷത്തെ ശ്രീലങ്കൻ വാസം അബ്ദുറഹ്മാൻ ഭാഷയിലും പ്രതിഫലിക്കുന്നുണ്ട്. പറയുന്നത് തമിഴ് കലർന്ന മലയാളത്തിലാണ്. അറബിയും ഹിന്ദിയും എല്ലാം തനിക്ക് സ്വായത്തമാണെന്നും, അതേസമയം മലയാളം മറന്നിട്ടില്ലെന്നും അബ്ദുറഹ്മാൻ പറഞ്ഞു. 35 വർഷത്തെ വിദേശ ജീവിതത്തിന്റെ  സമ്പാദ്യം എന്നത് തന്റെ ജീവനും, നഷ്ടപ്പെട്ട ആരോഗ്യവും ദിനങ്ങളും ആണെന്ന് ഏറെ വിഷമത്തോടെയാണ് ഈ വയോധികൻ പറയുന്നത്. അബ്ദുറഹ്മാൻ തിരിച്ചുവന്നതിന്റെ ആഹ്ലാദത്തിലാണ് ഭാര്യയും മക്കളും സഹോദരങ്ങളും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!