രാജീവ്ഗാന്ധി വധകേസിലെ 7 പ്രതികളെ വിട്ടയക്കും

rajiv-gandhi-killerS freeചെന്നൈ : രാജീവ്ഗാന്ധി വധകേസിലെ 7 പ്രതികളെ വിട്ടയക്കാന്‍ തമിഴ്‌നാട് മന്ത്രിസഭായോഗം തീരുമാനിച്ചു. പേരറിവാളന്‍, ശാന്തന്‍, മുരുകന്‍, നളിനി, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍, ജയകുമാര്‍ എന്നിവരെയാണ് മോചിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇന്നു ചേര്‍ന്ന അടിയന്തിര മന്ത്രിസഭായോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. മന്ത്രി സഭാ യോഗത്തിന് ശേഷം മോചനം സംബന്ധിച്ച തീരുമാനം എടുത്തതായി ജയലളിത നിയമസഭയെ ഔദേ്യാഗികമായി അറിയിച്ചു. കയ്യടിയോടെയാണ് നിയമസഭാ അംഗങ്ങള്‍ തീരുമാനം സ്വാഗതം ചെയ്തത്.

കോണ്‍ഗ്രസ്സ് ഒഴികെ തമിഴ്‌നാട്ടിലെ പാര്‍ട്ടികളെല്ലാം തന്നെ നേരത്തെ തന്നെ ശിക്ഷ ജീവപര്യന്തമാക്കി കുറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

പൊതു തെരഞ്ഞെടുപ്പിന്റെ ഔദേ്യാഗിക പ്രഖ്യാപനം വന്നു കഴിഞ്ഞാല്‍ പെരുമാറ്റ ചട്ടം നിലവില്‍ വരും. അതിനുമുമ്പു തന്നെ ഈ മാസം അവസാനത്തോടെ തന്നെ ജയില്‍ മോചനം സാധ്യമാക്കാനാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ശ്രമം.

രാജീവ് വധകേസിലെ പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ഇന്നലെയാണ് ജീവപര്യന്തമായി ഇളവു ചെയ്തത്. ദയാഹര്‍ജി തീര്‍പ്പാക്കുന്നത് അനന്തമായി നീണ്ടു പോയാല്‍ വധശിക്ഷ റദ്ധാക്കാമെന്ന് ചീഫ് ജസ്റ്റിസ് പി സദാശിവം അദ്ധ്യക്ഷനായ ബഞ്ച് ജനുവരി 21 ന് വിധിച്ചിരുന്നു. ദയാഹര്‍ജി പരിഗണിക്കുന്നതിന് 11 വര്‍ഷത്തെ കാലതാമസമുണ്ടായി. പ്രതികള്‍ ഇതിനകം തന്നെ ജീവപര്യന്തം തടവ് അനുഭവിച്ച് കഴിഞ്ഞ സാഹചര്യത്തില്‍ ഇവരുടെ മോചനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തിര മന്ത്രിസഭായോഗം ചേര്‍ന്ന ശേഷം പ്രതികളെ വിട്ടയക്കാനുള്ള തീരുമാനം ഉണ്ടായത്.