താമരശ്ശേരിയില്‍ ഓടുന്നതിനിടെ ഇന്നോവ കാറിന് തീപിടിച്ചു

താമരശ്ശേരി: ഓടിക്കൊണ്ടിരുന്ന ഇന്നോവ കാറിന് തീ പിടിച്ച് കത്തിനശിച്ചു. ചുങ്കം ചെക്ക് പോസ്റ്റിന് സമീപം വെച്ചാണ് കാറിന് തീപിടിച്ചത്. ഈ സമയത്ത് മുക്കം സ്വദേശികളായ എട്ടുപേരാണ് കാറിലുണ്ടായിരുന്നത്. യാത്രക്കാരെല്ലാവരും രക്ഷപ്പെട്ടു.

ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് അപകടം സംഭവിച്ചത്. കോരങ്ങാട് പള്ളിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു സംഘം. ചുങ്കം ജംങ്ഷനില്‍ നിന്ന് വഴിതെറ്റി വയനാട് ഭാഗത്തേക്ക് പോവുകയായിരുന്നു. വഴിതെറ്റിയതിനെ തുടര്‍ന്ന് വണ്ടി തിരിച്ചോടിക്കാന്‍ തുടങ്ങിയപ്പോഴാണ് ബോണറ്റില്‍ നിന്ന് പുകവരുന്നത് കണ്ടത്. ഇതു കണ്ടയുടന്‍ തന്നെ യാത്രക്കാരെല്ലാം പുറത്തിറങ്ങുകയായിരുന്നു. ഇത് വന്‍ അപകടമാണ് ഇല്ലാതാക്കിയത്.

മുക്കത്ത് നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ഈ സമയം സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്കും ചെറിയതോതില്‍ തീ പിടിച്ചു. ഇന്നോവ കാര്‍ പൂര്‍ണമായും കത്തിനശിച്ചു.