ടിപി  സെന്‍കുമാറിന്റെ നിയമനം: സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം – മുഖ്യമന്ത്രി

തിരുവനന്തപുരം: ടിപി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനര്‍നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടിപി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനര്‍നിയമിക്കാനുള്ള സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

ഉത്തരവില്‍ എജിയുടെ നിയമോപദേശം തേടിയിട്ടുണ്ട്. സെന്‍കുമാര്‍ വിഷയത്തില്‍ സുപ്രീംകോടതി വിമര്‍ശിച്ചത് മുന്‍ സര്‍ക്കാരിനെയാണെന്നും പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുമ്പോള്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സെന്‍കുമാറിനെ നിയമിക്കണമെന്നുള്ള സുപ്രീംകോടതി വിധി നടപ്പാക്കാന്‍ വൈകുന്നുവെന്നാരോപിച്ച് പ്രതിപക്ഷത്ത് നിന്ന് എം ഉമ്മര്‍ ആണ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. ആരാണ് കേരളത്തിന്റെ ഡിജിപിയെന്ന് മുഖ്യമന്ത്രി പറയണമെന്ന് എം ഉമ്മര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മറുപടിയോടെ അടിയന്തരപ്രമേയത്തിനുള്ള അനുമതി സ്പീക്കര്‍ നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപോയി.

അതേസമയം ഇന്നും വൈദ്യുതി മന്ത്രി എം എം മണിരാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചു.