അലിപ്പോയില്‍ ഷെല്ലാക്രമണം;34 പേര്‍ കൊല്ലപ്പെട്ടു;100 പേര്‍ക്ക്‌ പരിക്കേറ്റു

Syria's-Aleppoഡമസ്‌കസ്‌: സിറിയയില്‍ സര്‍ക്കാര്‍ അധീനതയിലുള്ള അലെപ്പോയില്‍ വിമതര്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ 34 പേര്‍ കൊല്ലപ്പെടുകയും നൂറ്‌ പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. സ്ഥിതിഗതികള്‍ വിലയിരുത്താനായി ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക സംഘം സിറിയയിലെത്തിയതിന്‌ പിന്നാലെയാണ്‌ ഷെല്ലാക്രമണം നടന്നത്‌.

ആലിപ്പോയില്‍ പള്ളിക്ക്‌ സമീപമാണ്‌ ഷെല്ലാക്രണം നടന്നത്‌. ആക്രണത്തില്‍ പള്ളി പൂര്‍ണമായും തകര്‍ന്നു. ഇവിടെ മദ്രസ പഠനത്തിനെത്തിയ വിദ്യാര്‍ത്ഥികളും മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ ആളുകള്‍ ഇനിയും കുടുങ്ങി കിടക്കുന്നതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ടെന്നാണ്‌ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌.

സംഭവത്തെ തുടര്‍ന്ന്‌ സൈന്യം തിരിച്ച്‌ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ടെങ്കിലും അത്‌ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ നാല്‌ വര്‍ഷമായി തുടരുന്ന പോരാട്ടത്തിനിടയില്‍ സിറിയയില്‍ രണ്ടേകാല്‍ ലക്ഷത്തോളം പേര്‍ മരിച്ചതായാണ്‌ റിപ്പോര്‍ട്ട്‌.