സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ യുവതിക്ക് കോടതിയുടെ ശാസന; നുണപരിശോധനയില്ല

Story dated:Monday July 3rd, 2017,02 33:pm

കൊച്ചി: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിയെ നുണപരിശോധനയ്ക്ക് വിധേയയാക്കില്ലെന്ന് കോടതി. നുണപരിശോധനയില്‍ നിലപാടറിയിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും ഹാജരാകാത്തതിനെ തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ കോടതി അവസാനിപ്പിക്കുകയും ചെയ്തു. തിരുവനന്തപുരം പോസ്കോ കോടതിയുടേതാണ് തിരുമാനം.

യുവതിയുടെ അനുമതിയില്ലാതെ കേസില്‍ നടപടികള്‍ സ്വീകരിക്കാന്‍ കോടതിക്ക് സാധിക്കാത്തതിനാല്‍ തുടര്‍നടപടികള്‍ അവസാനിപ്പിക്കുകയാണെന്ന് കോടതി പറഞ്ഞു. കേസില്‍ യുവതി നിരന്തരമായി മൊഴി മാറ്റുന്നതിന്റെ അടിസ്ഥാനത്തില്‍ നുണപരിശോധനക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയ സമീപിച്ചിരുന്നു.

ഇതേ തുടര്‍ന്ന് രണ്ട് തവണ നിലപാടറിയിക്കാന്‍ കോടതി യുവതിക്ക് അവസരവും നല്‍കി. എന്നാല്‍ ഇന്ന് അന്വേഷണ സംഘത്തിന്റെ ഹര്‍ജി പരിഗണിച്ചപ്പോള്‍ യുവതി ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഹര്‍ജിയുമായി ബന്ധപ്പെട്ടുള്ള തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ കോടതി തിരുമാനിച്ചത്. ഇനി കോടതി നടപടികളില്‍ നിന്ന് വിട്ടുനിന്നാല്‍ കേസ് തള്ളുമെന്നും കോടതി യുവതിക്ക് മുന്നറിയിപ്പ് നല്‍കി