സൂര്യനെല്ലി കേസ്: പെണ്‍കുട്ടിയുടെ വാദം കേള്‍ക്കാതെ പിജെ കുര്യനെ ഒഴിവാക്കിയത് തെറ്റ്; ഹൈക്കോടതി

തിരു : സൂര്യനെല്ലി കേസില്‍ പെണ്‍കുട്ടിയുടെ വാദം കേള്‍ക്കുന്നതിന് മുമ്പ് തന്നെ പിജെ കുര്യനെ ഒഴിവാക്കിയത് ശരിയായില്ലെന്ന് ഹൈക്കോടതി. കേസില്‍ നിന്നും പിജെ കുര്യനെ കുറ്റവിമുക്തനാക്കിയത് പരിശോധിക്കണമെന്ന് കാണിച്ച് സൂര്യനെല്ലി പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസിന്റെ പ്രഥമിക വാദം കേള്‍ക്കുന്നതിനിടയിലാണ് ജസ്റ്റീസ് പി ഭവദാസന്‍ ഈ പരാമര്‍ശം നടത്തിയത്.

പിജെ കുര്യനെ സൂര്യനെല്ലി കേസില്‍ നിന്നും 2006 ലാണ് സെഷന്‍സ് കോടതി കുറ്റ വിമുക്തനാക്കിയത്. എന്നാല്‍ ഈ കോടതി ഉത്തരവ് പിന്‍വലിക്കണമെന്നും തന്റെ ഭാഗം കൂടി കേട്ട ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ വിധി പുറപ്പെടുവിക്കാവൂ എന്നും ആവശ്യപ്പെട്ട് സൂര്യ നെല്ലി പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചത്. സൂര്യനെല്ലി കേസില്‍ പിജെ കുര്യനെ കുറ്റവിമുക്തനാക്കികൊണ്ട് 2006 ല്‍ ഹൈക്കോടതി വിധി പറഞ്ഞ കേസില്‍ സൂര്യനെല്ലി പെണ്‍കുട്ടി കക്ഷിയായിരുന്നില്ല.

നിലവില്‍ പിജെ കുര്യനെതിരെ സൂര്യനെല്ലി കേസില്‍ പരാമര്‍ശം ഉണ്ടാകുമ്പോള്‍ 2006 ലെ വിധിയാണ് കോടതികള്‍ മുഖവിലക്ക് എടുത്തിട്ടുള്ളത്. ഇത്രയേറെ പ്രധാന്യമുള്ള ഒരു വിധി പറയും മുമ്പ് ഇരയുടെ വാദം കൂടി കേള്‍ക്കണമെന്നായിരന്നു ഹൈേക്കാടതിയുടെ പരാമര്‍ശം. അതേ സമയം പെണ്‍കുട്ടി സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിക്കണോ എന്ന കാര്യത്തില്‍ വാദം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയാണെങ്കില്‍ സൂര്യനെല്ലികേസ് മറ്റൊരു വഴിത്തിരിവിലേക്ക് കടക്കുമെന്ന കാര്യത്തില്‍ സംശയമില്ല.