58കാരി പത്താം നിലയില്‍ നിന്നും ചാടിമരിച്ചു

download (2)സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ മധ്യവയസ്‌ക പത്താം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. വിമല സദാനി എന്ന 58 കാരിയാണ് ജീവനൊടുക്കിയത്. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. പാര്‍വത് പട്യയിലെ വ്രാജ് ഭൂമി ടവറിലെ പത്താം നിലയിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നിന്നുമാണ് ഇവര്‍ താഴേക്ക് ചാടിയത്.

ഏറെക്കാലമായി രോഗങ്ങളുടെ പിടിയിലായിരുന്നു വിമല സദാനി എന്ന് ഇവരുടെ ബന്ധുക്കളും വീട്ടുകാരും പോലീസിനോട് പറഞ്ഞു. തൈറോയ്ഡ്, പ്രമേഹം, വൃക്കരോഗം തുടങ്ങിയവയാണ് ഇവരെ അലട്ടിയിരുന്നത്. ഇതിന് പുറമേ ഇവര്‍ വിഷാദരോഗത്തിനും മരുന്ന് കഴിക്കുന്നുണ്ടായിരുന്നത്രെ. ഇക്കാരണങ്ങള്‍ കൊണ്ടാവാം ഇവര്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചത് എന്നാണ് കരുതുന്നത്.

ബാല്‍ക്കണിയില്‍ നിന്നും ഇവര്‍ താഴേക്ക് ചാടുകയായിരുന്നു. ബന്ധുക്കള്‍ ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. താഴെ വീണപ്പോള്‍ തന്നെ വിമല സദാനി മരിച്ചിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സംഭവസ്ഥലത്ത് പരിസരവാസികള്‍ കൂടിനില്‍ക്കുകയാണ്.

രാജസ്ഥാനിലെ ബിക്കാനിര്‍ സ്വദേശികളാണ് ഇവര്‍, സൂറത്തില്‍ തുണിവ്യാപാരം നടത്തുകയാണ് ഇവരുടെ കുടുംബം. ഇവരുടെ രണ്ട് മക്കള്‍ക്കും ഇവിടെ തുണിക്കടകളുണ്ട്. ബന്ധുക്കളില്‍ നിന്നും അയല്‍വാസികളില്‍ നിന്നും പോലീസ് മൊഴിയെടുത്തു. ഇവരുടെ പക്കല്‍ നിന്നും ആത്മഹത്യ കുറിപ്പ് കിട്ടിയിട്ടില്ല എന്ന് പോലീസ് പറഞ്ഞു.
.