സെന്‍കുമാറിനെ പൊലീസ് മേധാവിയായി നിയമിക്കാന്‍ സുപ്രിം കോടതി ഉത്തരവ്

ന്യൂഡൽഹി: ഡി.ജി.പി ടി.പി സെൻകുമാറിനെ കേരളാ പൊലീസ് മേധാവിയായി പുനർനിയമിക്കണമെന്ന് സുപ്രീംകോടതി. ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയ കേരള സർക്കാർ നടപടി പരമോന്നത കോടതി റദ്ദാക്കി. പൂറ്റിങ്ങൽ വെടിക്കെട്ട് അപകടം, ജിഷ വധകേസ് എന്നിവയിലെ പൊലീസിന്‍റെ വീഴ്ചകൾ സെൻകുമാറിനെ മാറ്റാനുള്ള കാരണങ്ങളല്ലെന്ന് ജസ്റ്റിസുമാരായ മദന്‍ ബി. ലോകുര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധിയിൽ പറയുന്നു. പൊലീസ് മേധാവി സ്ഥാനത്തേക്ക് സെൻകുമാറിനെ പുനർനിയമിച്ച് കേരളാ സർക്കാർ ഉത്തരവിറക്കണമെന്നും മദന്‍ ബി. ലോകുർ ഉത്തരവിട്ടു.

വിരമിക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കിയുള്ളപ്പോഴാണ് പൊലീസ് മേധാവിയുടെ സ്ഥാനത്ത് നിന്നും മാറ്റി പകരം ലോക്നാഥ് ബെഹ്റയെ എൽ.ഡി.എഫ് സർക്കാർ ആ സ്ഥാനത്ത് നിയമിച്ചത്. പൊലീസ് ഹൗസിങ്ങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷൻ മേധാവിയായാണ് സെന്‍കുമാറിനെ പുതുതായി നിയമിച്ചിരുന്നത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സേവന കാലാവധി അവസാനിക്കുന്ന ജൂൺ 30 വരെ സെൻകുമാറിന് ഡി.ജി.പിയായി തുടരാം. എന്നാൽ, ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരാണ് തീരുമാനം എടുക്കേണ്ടത്.

വ്യക്തമായ കാരണങ്ങളൊന്നും ബോധിപ്പിക്കാതെ ഡി.ജി.പി സ്ഥാനത്ത് നിന്നും മാറ്റിയത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന സെൻകുമാറിന്‍റെ വാദം അംഗീകരിച്ചാണ് മദന്‍ ബി. ലോകുർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റെ വിധി. ഡി.ജി.പി സ്ഥാനത്ത് നിന്ന് നീക്കിയ കേരള സർക്കാർ നടപടിക്കെതിരെ സെൻകുമാർ ആദ്യം ദേശീയ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെയും പിന്നീട് ഹൈകോടതിയെയും സമീപിച്ചു. എന്നാൽ, സർക്കാറിന്‍റെ നടപടി ഹൈക്കോടതി ശരിവെക്കുകയായിരുന്നു. തുടർന്നാണ് സെൻകുമാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. പൂറ്റിങ്ങൽ വെടിക്കെട്ടപകടം, ജിഷ കേസ് എന്നിവയിലെ പൊലീസിന്‍റെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ സെൻകുമാറിനെ തൽസ്ഥാനത്ത് നിന്ന് മാറ്റിയത്.

ജിഷ വധക്കേസ്, പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം എന്നിവയുമായി ബന്ധപ്പെട്ടാണ് സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്തു നിന്ന് മാറ്റിയതെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ പ്രധാനമായും വാദിച്ചത്. ഈ കേസുകളില്‍ വീഴ്ചയുണ്ടായതു കൊണ്ടാണ് സെന്‍കുമാറിനെ നീക്കിയതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍, സെന്‍കുമാറിനെ മാറ്റിയ ശേഷം കണ്ണൂരില്‍ ഒമ്പത് രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോയെന്ന് ദവെ സുപ്രീംകോടതിയിലെ വാദത്തിനിടെ ചോദിച്ചിരുന്നു.

ഡി.ജി.പിമാരെ നിയമിക്കുമ്പോള്‍ നിയമിക്കപ്പെടുന്നവര്‍ക്ക് രണ്ടു കൊല്ലം തുടര്‍ച്ചയായി കാലാവധി ലഭിക്കുമെന്ന് ഉറപ്പു വരുത്തണമെന്ന് 2006ല്‍ പ്രകാശ്‌സിങ് കേസില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. 2012ല്‍ തമിഴ്‌നാട്ടില്‍ അന്നത്തെ ജയലളിത സര്‍ക്കാര്‍ ഡി.ജി.പിയായി നിയമിച്ച കെ. രാമാനുജം കുറച്ചു നാളുകള്‍ക്കു ശേഷം വിരമിക്കേണ്ടതായിരുന്നെങ്കിലും സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി സര്‍വീസ് നീട്ടി നല്‍കുകയായിരുന്നു. മാറി വരുന്ന സര്‍ക്കാരുകളുടെ ഇഷ്ടത്തിനൊത്ത് പ്രവര്‍ത്തിക്കാതെ സ്വതന്ത്രമായും നീതിപൂര്‍വമായും പ്രവര്‍ത്തിക്കുന്നതിന് ഇതാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്.