സുനന്ദ പുഷ്‌കറിന്റെ മരണം: മനീഷ് തീവാരിയെ ചോദ്യം ചെയ്തു

manishtewariദില്ലി: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് മനീഷ് തീവാരിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഏകദേശം രണ്ട് മണിക്കൂറോളമാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ തിവാരിയെ ചോദ്യം ചെയ്തത്. സുനന്ദയുടെ മരണത്തിന് രണ്ടു ദിവസം മുമ്പ് ശശി തരൂരും സുനന്ദയും തിരുവനന്തപുരത്തുനിന്നും ഡല്‍ഹിക്കു വന്ന വിമാനത്തില്‍ മനീഷ് തിവാരിയും ഉണ്ടായിരുന്നു.

വിമാനത്തില്‍ സുനന്ദയും തരൂരും വഴക്കുണ്ടാക്കിയതിന് മനീഷ് തിവാരി സാക്ഷിയാകുകയും ചെയ്തു. ഇക്കാര്യത്തെക്കുറിച്ചും പോലീസ് വിശദമായി ചോദിച്ചറിഞ്ഞിട്ടുണ്ട്. സുനന്ദയുടെ മരണം നടന്ന് ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിക്കുന്നത്. ഇതേ തുടര്‍ന്നാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതും.

സുനന്ദയുടെ ആന്തരീകാവയവങ്ങള്‍ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുടെ ലാബില്‍ പരിശോധനയ്ക്ക് അയക്കുകയുമായിരുന്നു. ഇന്ത്യന്‍ ലാബുകളിലെ പരിശോധനകളില്‍ തിരിച്ചറിയാനാവാത്ത വിഷമാണ് സുനന്ദയുടെ ശരീരത്തിലുണ്ടായിരുന്നതെന്ന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.

സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ ശശി തൂരിനെ മൂന്നുവട്ടം പോലീസ് ചോദ്യം ചെയ്തിരുന്നു. സുനന്ദയുടെ മകന്‍ ശിവ് മേനോന്‍ ഉള്‍പ്പെടെ നിരവധി പേരെയും പോലീസ് ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു.