സുനന്ദയുടെ മരണം; ഹോട്ടല്‍മുറി വീണ്ടും പോലീസ്‌ പരിശോധിച്ചു

18-sunanda-pushkar-aloneദില്ലി: മുന്‍ കേന്ദ്രമന്ത്രി ശശിതരൂരിന്റെ ഭാര്യ സുനന്ദപുഷ്‌ക്കര്‍ മരിച്ച ലീലാ പാലസ്‌ ഹോട്ടലിലെ 345 ാം നമ്പര്‍ മുറിയില്‍ പോലീസ്‌ വീണ്ടും പരിശോധന നടത്തി. മുറിയിലെ കിടക്കയിലും, പരവതാനിയിലും ദ്രവകത്തിന്റെ പാടുകളും, പൊട്ടിയ ചില്ലുകളും കണ്ടെത്തി. പുതുതായി ലഭിച്ച തെളിവുകള്‍ സെന്‍ട്രല്‍ ഫോറന്‍സിക്‌ സയന്‍സ്‌ ലബോറട്ടറിയില്‍ പരിശോധന നടത്തും. ഇതിന്റെ റിപ്പോര്‍ട്ട്‌ എത്രയും വേഗം പോലീസിന്‌ സമര്‍പ്പിക്കും.

ഡല്‍ഹി രോഹിണിയിലെ ഫോറന്‍സിക്‌ സയന്‍സ്‌ ലബോറട്ടറിയും, ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സും അവരുടെ പുതിയ റിപ്പോര്‍ട്ടുകള്‍ പോലീസിന്‌ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ്‌ ഹോട്ടലില്‍ വീണ്ടും പരിശോധന നടത്താന്‍ ഡല്‍ഹി പോലീസ്‌ തീരുമാനമെടുത്തത്‌.

കഴിഞ്ഞ ജനുവരി 17 നാണ്‌ സുനന്ദപുഷ്‌കറിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. പ്രാഥമിക പരിശോധനക്ക്‌ ശേഷം ലീലാപാലസ്‌ ഹോട്ടലിലെ 345 ാം നമ്പര്‍ മുറി അടച്ചിട്ടിരിക്കുകയായിരുന്നു.