സിനിമക്ക് പോയതിന് വീട്ടുകാര്‍ വഴക്ക് പറഞ്ഞതിന് വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്തു

Untitled-2 copyശാസ്താംകോട്ട : വീട്ടുകാര്‍ അറിയാതെ സിനിമക്ക് പോയതിന് രക്ഷിതാക്കള്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ കായലില്‍ ചാടി ആത്മഹത്യ ചെയ്തു. ശാസ്താം കോട്ട ഭരണിക്കാവ് ജെ എം ഹൈസ്‌കൂളിലെ ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥിനികളാണ് ഇരുവരും. കൊല്ലം തൃക്കരുവാക്കാഞ്ഞവെളി അശ്വതി ഭവനില്‍ അശോക് കുമാറിന്റെയും, രജനിയുടെയും മകള്‍ ആതിര (15) ,ചെങ്ങന്നൂര്‍ ആലപ്പെണ്ണുകരതെക്ക് വൃന്ദാവനം വിജയകുമാറിന്റെയും ശ്രീദേവിയുടെയും മകള്‍ അഖില (15) എന്നിവരാണ് മരിച്ചത്.

അഷ്ടമുടികായലിലാണ് ചൊവ്വാഴ്ച ഉച്ചയോടെ കുട്ടികളുടെ മൃതദേഹം കണ്ടത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. കൂട്ടുകാരായ അഖിലയും ആതിരയും മറ്റു കൂട്ടുകാരുമൊത്ത് കഴിഞ്ഞ ശനിയാഴ്ച കരുനാഗപള്ളിയില്‍ സിനിമക്ക് പോയിരുന്നു. ഈ സംഭവം വീട്ടില്‍ അറിഞ്ഞതിനെ തുടര്‍ന്ന് ഇവരുടെ രക്ഷിതാക്കള്‍ വഴക്ക് പറയുകയും അഖിലയുടെ അമ്മ സ്‌കൂളിലെത്തി സിനിമക്ക് പോയ വിവരം ഹെഡ്മാസ്റ്ററോട് പറയുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഹെഡ്മാസ്റ്ററും അധ്യാപകരും കുട്ടികളെ ഉപദേശിക്കുകയും ചെയ്തു. എന്നാല്‍ സ്‌കൂള്‍ വിട്ട് വീട്ടിലെത്താതിരുന്ന കുട്ടികളെ പോലീസും ബന്ധുക്കളും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ബുധനാഴ്ച ഉച്ചയോടെ കുട്ടികളുടെ മൃതദേഹം കായലില്‍ കണ്ടെത്തുകയായിരുന്നു.

മകളുടെ മരണത്തില്‍ മനംനൊന്ത് ആതിരയുടെ പിതാവ് അശോകന്‍ ആത്മഹത്യ ചെയ്തു. അശോകനെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.