Section

malabari-logo-mobile

സുഡാനി ഫ്രം നൈജീരിയ കണ്ട ഒരു മലപ്പുറത്തുകാരിയുടെ പോസ്റ്റ്

HIGHLIGHTS : നിറഞ്ഞ സ്‌നേഹവും, കാല്‍പന്തുകളിയും മുഖമുദ്രയാക്കിയ മലപ്പുറത്തെ സാധാരണക്കാര്‍ സുഡുവിനേയും മജീദിനെയും, തങ്ങളുടെ വല്യുമ്മമാരെയും നെഞ്ചേറ്റിക്കഴിഞ്ഞു. ...

നിറഞ്ഞ സ്‌നേഹവും, കാല്‍പന്തുകളിയും മുഖമുദ്രയാക്കിയ മലപ്പുറത്തെ സാധാരണക്കാര്‍ സുഡുവിനേയും മജീദിനെയും, തങ്ങളുടെ വല്യുമ്മമാരെയും നെഞ്ചേറ്റിക്കഴിഞ്ഞു. മലപ്പുറത്തെ സ്ത്രീ സമൂഹമടക്കം എങ്ങിനെ ഈ സിനിമയെ കാണുന്നു എന്നതിന്റെ തെളിവാണ് മലപ്പുറത്തുകാരിയായ സിമി വിനോദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. തന്റെ മകനിലൂടെയും, നാടകപ്രവര്‍ത്തകനായിരുന്ന പിതാവിലുടെയും,തന്നിലൂടെയും
സിമി ഈ ചിത്രത്തെ കാണുന്നു…
സിമിയുടെ ഫെയ്‌സബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെകൊടുക്കുന്നു

 

“അമ്മയെന്തിനാ എന്നെയിങ്ങനെ നിര്‍ബന്ധിക്കുന്നേ… നിങ്ങള്‍ പൊക്കോ.. ഞാനില്ല.”

sameeksha-malabarinews

സിനിമയ്ക്ക് വിളിച്ചാല്‍ കുട്ടന്‍റെ ആദ്യ പ്രതികരണം കുറച്ചായി ഇങ്ങനെയാണ്.

സുഡാനിക്ക് വിളിച്ചപ്പോള്‍ എന്നെ ‍‍ഞെട്ടിച്ചു കൊണ്ട് അവന്‍ ഗംഭീര ഉത്സാഹത്തില്‍. 
നൈജീരിയക്കാരനായ സുഡുവോ സെവന്‍സ് ഫുട്ബോളോ ഒന്നുമല്ല അവന്‍റെ ഉത്സാഹത്തിനു 
പിന്നിലെന്ന് എനിക്കറിയായിരുന്നു. സൗബിന്‍ സാഹിര്‍ എന്ന ഒരൊറ്റ മുഖം മാത്രം മതിയായിരുന്നു
അവന് ചാടിപ്പുറപ്പെടാന്‍….

മദ്യക്കുപ്പി വീണു പൊട്ടിയപ്പോള്‍ തുടങ്ങിയ ചിരിയാ……..ജനലിനരികില്‍ തൂമ്പയുമേന്തി പരമസാധ്വിയായി വന്ന
മജീദിന്‍റെ “ഇവിടെ എന്താ പ്രശ്നം ” എന്ന ചോദ്യം കൂടിയായപ്പോഴേക്കും അവന്‍ പരിസരം മറന്നിരുന്നു. സീറ്റിലേക്ക് കാലൊക്കെ പൊക്കി വെച്ച് ” മനസ്സിനക്കര ” യിലെ ഷീലാമ്മയെ ഓര്‍മ്മിപ്പിക്കും വിധം അട്ടഹസിക്കുന്ന അവനേം നോക്കി ഞങ്ങള്‍ കുറച്ചുനേരം ഇരുന്നു.

************************************************

ചിലത് അങ്ങിനെയാണ്…. ഒരാളുടെ കാഴ്ചകളായിരിക്കില്ല മറ്റൊരാളിലേക്കെത്തുന്നത്…. കുട്ടന്‍ കണ്ട സുഡാനിയല്ല ഞാന്‍ കണ്ടത്. അത് എനിക്കു സമ്മാനിച്ചത് മറ്റെന്തെക്കയോ ഭൂതകാലസ്മരണകളാണ്… സന്തോഷമാണോ സങ്കടമാണോ എന്ന് തിരിച്ചറിയാനാവാത്ത ഒരുതരം മധുരമുളള വിങ്ങലായി നെഞ്ചേറിയ ഒരുപാടോര്‍മ്മകള്‍…

വര്‍ഷങ്ങളായി തട്ടിനു മുകളില്‍ വിശ്രമിക്കുന്ന യവനിക തിയറ്റേഴ്സിന്‍റെ പൊടി പിടിച്ച കര്‍ട്ടന്‍….
കഴുകന്‍, വളര്‍ത്തുമൃഗങ്ങള്‍ (ക‍ൃത്യമായി ഏതാണെന്ന് ഓര്‍മ്മയില്ല) എന്നീ നാടകങ്ങളിലെ പോസ്റ്ററുകളില്‍ തെളിഞ്ഞ മുടിയഴിച്ചിട്ട സുന്ദരിയായ സരസു ചേച്ചി (സരസു ബാലുശ്ശേരി), ആദ്യമായി ഞാന്‍കണ്ട പ്രൊഫഷണല്‍ നാടകമായ രാജസൂയത്തിലെ അറയ്ക്കല്‍ ബീവി ( സാവിത്രി ശ്രീധരന്‍), സാഗ ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് അങ്ങനെയെല്ലാം അച്ഛനുമായി ചേര്‍ന്നു നില്‍ക്കുന്നു….നാടകവും ഫുട്ബോളും അച്ഛനും മാത്രമുളള, സുഗന്ധമുളള ഒരുപിടി ഓര്‍മ്മകളാണ് ‘സക്കറിയ’ , നിങ്ങള്‍ എനിക്കു സമ്മാനിച്ചത്..

************************************************

സുഡാനി നല്‍കിയ വെളളിവെളിച്ചങ്ങൾ
☘ ☘ ☘ ☘ ☘ ☘ ☘ ☘ 
?സുഡാനി ഇറങ്ങുന്നതോടു കൂടി മലപ്പുറത്തിന്‍റെ ചിത്രം തന്നെ മലയാളി മനസ്സില്‍ നിന്നും മാറാന്‍ സാധ്യതയുണ്ട്
എന്ന് എവിടെയോ വായിച്ചിരുന്നു…ശരിയാണ്, ‘മലപ്പുറം കത്തി’ യും വര്‍ഗ്ഗീയതയും തീവ്രവാദവും ആണ് മലപ്പുറം എന്നതിന്‍റെ കടക്കല്‍ തന്നെയാണ് ഈ കൊച്ചു ചിത്രം കത്തി വെച്ചത്.

?മതവും വിശ്വാസവും പ്രാര്‍ത്ഥനയും എല്ലാം മനുഷ്യത്വത്തിനു വേണ്ടിയാണെന്നും ഒന്നും ദൈവത്തിനുവേണ്ടിയല്ലെന്നും ഓര്‍മ്മപ്പെടുത്തൽ കൂടിയാണ് ഇത്.

?ഭാഷയ്ക്കും ദേശത്തിനും വര്‍ണ്ണത്തിനും മതത്തിനും നിര്‍വചിക്കാനാവാത്ത ബന്ധങ്ങള്‍ ഇപ്പോഴും 
ഈ മണ്ണില്‍ ആഴത്തില്‍ വേരൂന്നി നില്‍ക്കുന്നുണ്ട് എന്ന ആശ്വാസം കൂടിയാണ് സുഡാനി….

?മലയാളിയുടെ ജലധൂര്‍ത്തിന് ആഫ്രിക്കക്കാരനിലൂടെ, സിനിമയുടെ സഹജഭാവമായ നര്‍മ്മത്തിലുടെ, ഓരോ മലയാളിയുടെയും ബോധതലത്തില്‍ തന്നെ ആഞ്ഞടിക്കുന്നുണ്ട് സംവിധായകന്‍.

?കുറച്ചു കാലത്തേക്കെങ്ങിലും സുഡാനി കണ്ട ഓരോ മലയാളിയും ആശുപത്രിയില്‍ എത്തിയാല്‍ അവിടുത്തെ കലക്ടറുടെ ഉത്തരവിനെയും ഓര്‍ഡറിട്ട ഉമ്മാനെയും ഓര്‍ക്കാതിരിക്കില്ല… 
? നാമൊന്നും അനുഭവിക്കാത്ത, വായിച്ചു മാത്രം അറിഞ്ഞ അഭയാർത്ഥികളുടെ അരക്ഷിതാവസ്ഥ…. ഇവരും മനുഷ്യരോ എന്ന ചിന്ത നെഞ്ചിലൊരു നീറ്റലായി കൂടെ പോരുന്നു.  ?നിഷ്കളങ്ക മുഖവുമായി സിനിമയിൽ നിറഞ്ഞു നിന്ന സാമുവല്‍… നിങ്ങൾ തന്നെയാണ് സുഡാനിയ്ക്ക് ഇത്ര നിറപ്പകിട്ട് ചാർത്തിയത്…മാന്വേജർ എന്ന ആ വിളി ഇപ്പോഴും കാതിൽ… കാൽപ്പന്തുകളിയുടെ മുഴുവൻ നന്മയും ആവാഹിച്ചതായിരുന്നു എയർപോർട്ടിൽ വെച്ചുള്ള ജഴ്സി മാറൽ… കണ്ണും മനസ്സും നിറച്ചു കളഞ്ഞു മനുഷ്യാ നിങ്ങൾ.
?സ്വതസിദ്ധമായ ശൈലിയിൽ എല്ലാവരേയും രസിപ്പിച്ച് സൗബിൻ… നായക നടന് ഓരം ചേർന്ന് നടക്കേണ്ടവനല്ല നിങ്ങൾ എന്ന് പറവയിലൂടെ നിങ്ങൾ പറഞ്ഞുവെച്ചു.. ഇവിടെ അതിനു നിങ്ങൾ തന്നെ അടിവരയിടുകയാണ്.
?നമ്മളെ ഓരോരുത്തരേയും തങ്ങളുടെ സ്നേഹത്തിലേക്ക്, വാത്സല്യത്തിലേക്ക് കൈപിടിച്ചു കൂടെ നടത്തിയ ഉമ്മമാർ… കാണണമെന്ന് മനസ്സിൽ തോന്നിയ സിനിമകളെ കുറിച്ച് കഴിയാവുന്നതും ഒന്നും തന്നെ അറിയാൻ ശ്രമിക്കാറില്ല ഞാൻ.. ഒരു മുൻധാരണയുമില്ലാതെയാണ് മിക്ക സിനിമകളെയും സമീപിക്കാറ്… എന്നാൽ ഈ ഉമ്മമാരെ കുറിച്ചറിയാതെ പോയത് വല്ലാത്ത സങ്കടമായി മനസ്സിൽ കിടക്കുന്നു..സിനിമ കണ്ടതിനു ശേഷം സുഹൃത്ത് Younas Mariyamത്തിന്റെ പോസ്റ്റിലൂടെയാണ് അവർ അച്ഛൻ എപ്പോഴും പറഞ്ഞു കേട്ടിട്ടുള്ളതും പലപ്പോഴായി കുട്ടിക്കാലത്ത് അടുത്ത് സംസാരിച്ചവരുമായ സരസു ചേച്ചിയും സാവിത്രി ചേച്ചിയുമാണെന്ന് അറിയുന്നത്.. എന്തോ അവരെ ഒന്നുകൂടി കാണാൻ തോന്നുന്നു…  ?സുഖമില്ലാതെ കിടക്കുന്ന അന്യദേശക്കാരനെ തന്റെ മെയ്യഭ്യാസത്തിലൂടെ സന്തോഷിപ്പിക്കുന്ന നായര്……. 
?മജീദിന്റെ രണ്ടാനച്ഛൻ..നിങ്ങളെല്ലാം കൂടി ഞങ്ങളെ നന്നായി രസിപ്പിച്ചു.. ചിന്തിപ്പിച്ചു…

എവിടെയും അല്പം പോലും മുഷിപ്പിക്കാതെ ഞങ്ങളിലേക്ക് ഇറങ്ങി വന്ന വാഴയൂർ ഗ്രാമവാസികളേ…. എല്ലാവർക്കും ഒരുപാട് നന്ദി…. ************************************************സ്വന്തം നാട്… നമ്മൾ ജീവിച്ച സാഹചര്യവുമായി ചേർന്നു നിൽക്കുന്ന സീനുകൾ…. എല്ലാം നമുക്ക് വല്ലാത്തൊരു ആവേശം തന്നെയാണ്… മലപ്പുറത്തിന്റെ കാൽപ്പന്തുകളിയുടെ പിരാന്ത് കുറച്ചാഴത്തിൽ പതിഞ്ഞ ഒരു കുടുംബത്തിലെ കണ്ണിയായതു കൊണ്ടാവാം… കുറെ ഫുട്ബാൾ ഭ്രാന്തന്മാരുടെ നടുവിൽ (ഓഫീസിലും വീട്ടിലും ) ഇപ്പോഴും ജീവിക്കുന്നതു കൊണ്ടു കൂടിയാവാം മുൾമുനയിൽ നിർത്തുന്ന, ത്രസിപ്പിക്കുന്ന ഗെയിം ഷോട്ടുകൾ ഒന്നും തന്നെ ഇല്ലാതിരുന്നിട്ടു കൂടി എനിക്ക് ഈ കളി ഒത്തിരി ഇഷ്ടമായത്……. വേൾഡ് കപ്പിന്റെ ആവേശം മലപ്പുറത്തുകാർ സുഡാനിയിലൂടെ ഏറ്റെടുത്തു കഴിഞ്ഞു.. എല്ലാ ജില്ലക്കാർക്കും ഇതിൽ കൈകോർക്കാം… അണിചേരാം.. 
സിമി

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!