രക്ഷിതാക്കളുടെ അനുവാദമില്ലാതെ മിശ്രവിവാഹം ചെയ്‌ത യുവതിക്ക്‌ കേളേജില്‍ വിലക്ക്‌

Untitled-1 copyകോഴിക്കോട്‌: രക്ഷിതാക്കളുടെ അനുവാദമില്ലാതെ മിശ്രവിവാഹം കഴിച്ച യുവതിക്ക്‌ തുടര്‍പഠനത്തിന്‌ കോളേജ്‌ അധികൃതര്‍ വിലക്കേര്‍പ്പെടുത്തി. കോഴിക്കോട്‌ എംഇഎസ്‌ കോളേജിലെ ഒന്നാം വര്‍ഷ ബുരുദ വിദ്യാര്‍ത്ഥിനി മാവൂര്‍ സ്വദേശിനി നീരജയോടാണ്‌ അധികൃതര്‍ ഇനിമുതല്‍ കോളേജില്‍ വരേണ്ടെന്ന്‌ അറിയിച്ചിരിക്കുന്നത്‌.

രക്ഷിതാക്കളറിയാതെ വിവാഹം ചെയ്‌താല്‍ അത്‌ കോളേജ്‌ നിയമങ്ങള്‍ക്ക്‌ വിരുദ്ധമാണെന്ന്‌ വൈസ്‌ പ്രിന്‍സിപ്പല്‍ അറിയിച്ചതായി നീരജ പറഞ്ഞു. നീരജയും കൊയ്‌ലാണ്ടി നന്തി സ്വദേശി മുഹമ്മദ്‌ റമീസും ഒരാഴ്‌ച മുമ്പാണ്‌ വിവാഹിതരായത്‌. ഇരുവരും കോളേജിലെത്തി അവധിക്കാര്യം സംസാരിക്കാനായി പ്രിന്‍സിപ്പലിനെ കാണാന്‍ ശ്രമിച്ചപ്പോഴാണ്‌ പഠനം തുടരാന്‍ കഴിയില്ലെന്ന്‌ അറിയിച്ചത്‌. പ്രിന്‍സിപ്പല്‍ ബി സീതാലക്ഷമിയെ കണ്ട്‌ സംസാരിക്കാന്‍ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടുവെങ്കിലും അനുവദിച്ചിരുന്നില്ല. കോളേജില്‍ പഠിക്കാന്‍ അനുവദിക്കുന്നില്ലെങ്കില്‍ അത്‌ എഴുതിതരണമെന്ന്‌ ആവശ്യപ്പെട്ടപ്പോള്‍ അങ്ങനെയൊരു രീതി ഇവിടെയില്ലെന്നായിരുന്നു വൈസ്‌ പ്രിന്‍സിപ്പാളിന്റെ പ്രതികരണം. സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ടപ്പോള്‍ അവ യൂണിവേഴ്‌സിറ്റിയില്‍ പോയി വാങ്ങിക്കാന്‍ വൈസ്‌പ്രിന്‍സിപ്പല്‍ നിര്‍ദേശിച്ചതായി നീരജ പറഞ്ഞു.

അതെസമയം വിദ്യഭ്യാസം തുടരാനുള്ള തയ്യാറെടുപ്പില്‍ തന്നെയാണ്‌ നീരജ. കോഴിക്കോട്‌ കുന്ദമംഗലം കോടതി റമീസിനും നീരജയ്‌ക്കും ഒരുമിച്ച്‌ ജീവിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്‌.