വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിയെത്തിക്കുന്ന രണ്ട് പേര്‍ പിടിയില്‍; നിരവധി വിദ്യാര്‍ത്ഥികള്‍ പോലീസ് നിരീക്ഷണത്തില്‍

ganja accuesed copyപരപ്പനങ്ങാടി: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവും ലഹരിവസ്തുക്കളും മെത്തിക്കുന്ന സംഘത്തിലെ രണ്ട്‌പേര്‍ പോലീസ് പിടിയില്‍. ചെട്ടിപ്പടിയിലെ കെ. അബ്ദുള്‍ സലാം(30), ആനങ്ങാടിയിലെ അബൂബക്കര്‍ സിദ്ധീഖ്(28) എന്നിവരാണ് പിടിയിലായത്.

വള്ളിക്കുന്നിലെ സ്വകാര്യ റിസോര്‍ട്ടിനടുത്തെ പ്രധാന റോഡോരത്ത് വെച്ച് പോലീസിനെ വെട്ടിച്ച് ബൈക്കില്‍ കടന്നുകളയാന്‍ ശ്രമിച്ച ഇവരെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കാമ്പസുകള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ കച്ചവടമെന്നും വിദ്യാര്‍ത്ഥികളെ വഴിപിഴപ്പിക്കുന്ന ഗൂഡസംഘത്തെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ അടുത്തദിവസങ്ങളിലായുണ്ടാകുമെന്നും പരപ്പനങ്ങാടി എസ്‌ഐ അനില്‍കുമാര്‍ മേപ്പള്ളി പറഞ്ഞു. അതിനിടെ പെപ്പ്‌സി ബോട്ടിലില്‍ വേദനാസംഹാരി ഗുളികകള്‍ ചേര്‍ത്ത് ലഹരി നുകരുന്ന വിദ്യാര്‍ത്ഥി സംഘവും പോലീസ് നിരീക്ഷണത്തിലാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ബീച്ച് റോഡോരത്തെ ആളൊഴിഞ്ഞ പറമ്പില്‍ സംഘം ചേര്‍ന്ന് ‘ഫെവികിക്ക്’ കെമിക്കല്‍ പശ ചേര്‍ത്ത ലഹരിയുടെ ആവി നുകരാനെത്തിയ വിദ്യാര്‍ത്ഥികളെ നാട്ടുകാര്‍ കയ്യോടെ പിടികൂടി താക്കീത് നല്‍കി വിട്ടയച്ചു. 25 ഓളം വിദ്യാര്‍ത്ഥികള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. റെയില്‍വെ ചാമ്പ്രകള്‍ കേന്ദ്രീകരിച്ചുള്ള വിദ്യാര്‍ത്ഥികളുടെ ദുരൂഹതയാര്‍ന്ന സാന്നിധ്യവും പോലീസ് നിരീക്ഷണത്തില്‍ പെട്ടിട്ടുണ്ട്.

അതെസമയം പോലീസ് നടപടിക്ക് പിന്തുണ പകരാനും കൃത്യമായ ബോധവത്ക്കരണത്തിനും പിടിഎ കമ്മിറ്റികള്‍ മുന്നോട്ടുവരണമെന്ന് ടൗണ്‍ ജിഎംഎല്‍പി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ചുക്കാന്‍ അബ്ദുള്‍ റഷീദ് ആവശ്യപ്പെട്ടു.