വിദ്യാര്‍ത്ഥികളെ പറ്റിക്കാന്‍ സ്ഥലപ്പേരുമാറ്റുന്ന ബസ്സുകള്‍

tirurangadiതിരൂരങ്ങാടി:

സമയം വൈകീട്ട് 4 മണി.

മഞ്ചേരിയില്‍ നിന്ന് പരപ്പനങ്ങാടിയിലേക്കുള്ള ബസ്സ് കക്കാട് സ്റ്റോപ്പില്‍ നിന്ന് യാത്ര തിരിക്കുന്നു. ‘കിളി’ എന്ന ഓമനപ്പേരുള്ള ക്ലീനര്‍ മെല്ലെ മുന്നോട്ട്. ബസ്സിന്റെ മുന്നില്‍ വെച്ചിട്ടുള്ള പരപ്പനങ്ങാടി എന്നെഴുതിയ ബോര്‍ഡ് എടുത്ത് മാറ്റി ചെമ്മാട് എന്ന ബോര്‍ഡ് വെക്കുന്നു.

സമയം 4.05 pm  പിഎസ്എംഒ കോളേജിന് മുന്‍വശം പരപ്പനങ്ങാടിയിക്കുള്ള ബസ്സ് കണ്ട് ഓടിയടുക്കുന്ന വിദ്യാര്‍ത്ഥികള്‍ ചെമ്മാട് ബോര്‍ഡ് കണ്ട് പിന്‍വാങ്ങുന്നു.

ഇതു തന്നെ ഓറിയന്റല്‍ ഹൈസ്‌കൂളിന് മുന്നിലെ തിരൂരങ്ങാടി സ്റ്റോപ്പിലും, ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ സ്റ്റോപ്പായ ചന്തപ്പടിയിലും ആവര്‍ത്തിക്കുന്നു.

മമ്പുറം സ്‌റ്റോപ്പ് കഴിയുന്നതോടെ വീണ്ടും ‘കിളി’ മുന്നോട്ട് നേരത്തെ സ്ഥാപിച്ച ചെമ്മാട് ബോര്‍ഡ് എടുത്തുമാറ്റി പരപ്പനങ്ങാടി തന്നെയാക്കുന്നു. ചെമ്മാട്ടെത്തുന്ന ബസ്സില്‍ പേരിനുപോലും വിദ്യാര്‍ത്ഥികളെ കാണാനില്ല. സന്തോഷത്തോടെ കിളിയും ചെക്കറും വിളിച്ചാര്‍ക്കുന്നു പരപ്പനങ്ങാടി….പരപ്പനങ്ങാടി….

വിദ്യാര്‍ത്ഥികേളെറെ ദുരിതമനുഭവിക്കുന്ന തിരൂരങ്ങാടി-പരപ്പനങ്ങാടി റൂട്ടിലെ വൈകുന്നേരങ്ങളിലെ സ്ഥിരം കാഴ്ചയായി ബസ്സുകാരുടെ ഈ നാടകം പതിവാകുന്നു. നാലിനും അഞ്ചിനു മിടയിലുള്ള നിരവധി ബസ്സുകളാണ് ഇത്തരം തട്ടിപ്പ് നടത്തിവരുന്നത്. ഇതോടെ പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ സന്ധ്യയായിട്ടും വീട്ടിലെത്താതെ ഉഴലുകയാണ്.

ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പിഎസ്എംഒ കോളേജ്, ഒറിയന്റല്‍ സ്‌കൂള്‍, ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നിവങ്ങളിലെ വിദ്യാര്‍ത്ഥികളെ പറ്റിക്കാനാണ് ഈ തട്ടിപ്പ് തൃക്കുളം,പന്താരങ്ങാടി, പാലത്തിങ്ങല്‍, പരപ്പനങ്ങാടി മേഖലകളിലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ കൂടുതലായി ആശ്രിയിക്കുന്നത് ഈ സ്വകാര്യ ബസ്സുകളെയാണ്.

മിക്ക ദിവസങ്ങളിലും ഈ സമയത്ത് ചില ബസ്സുകള്‍ പെര്‍മിറ്റ് വ്യവസ്ഥ ലംഘിച്ച് ചെമ്മാട് യാത്ര അവസാനിപ്പിക്കാറുണ്ട്. വിദ്യാര്‍ത്ഥികളോട് തുടര്‍ന്നു വരുന്ന ഈ വിവേചനത്തിനെതിരെ പൊതുപ്രവര്‍ത്തകനായ കരിമ്പില്‍ സ്വദേശി സി പി ഇമ്രാന്‍ തിരൂരങ്ങാടി ജോ.ആര്‍ടിഒയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.