നിലവാരമില്ലാത്ത റേഷന്‍ വിതരണം: ഡി.വൈ.എഫ്.ഐക്കാര്‍ റേഷന്‍ ഷോപ്പ് ഉപരോധിച്ചു.

പരപ്പനങ്ങാടി: ചിറമംഗലം റേഷന്‍ ഷോപ്പില്‍ നിലവാരം കുറഞ്ഞ ഗോതമ്പും അരിയും വിതരണം ചെയ്തതിനേ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ റേഷന്‍ ഷോപ്പ് ഉപരോധിച്ചു. ചിറമംഗലത്തെ എ.ആര്‍.ഡി. 26 പൊതുവിതരണ കേന്ദ്രത്തില്‍നിന്നാണ് നിലവാരം കുറഞ്ഞ ഗോതമ്പും അരിയും വിതരണം ചെയ്തത്. സര്‍ക്കാര്‍ നല്‍കുന്ന ജയ, ബോധന, കുട്ടനാടന്‍ അരി, പാലക്കാടന്‍ മട്ട എന്നിവയ്ക്ക് പകരം പുഴുത്തരിച്ച നിലവാരം കുറഞ്ഞ അരിയും കല്ലും പതിരുമടങ്ങുന്ന ഗോതമ്പുമാണ് ഈ റേഷന്‍ ഷോപ്പില്‍ നിന്ന് വിതരണം ചെയ്തിട്ടുള്ളതായി ജനങ്ങള്‍ പരാതിപ്പെട്ടു.

ഇതിനെതുടര്‍ന്നാണ് ഡി.വൈ. എഫ്. ഐ. പ്രവര്‍ത്തകര്‍ റേഷന്‍ ഷോപ്പ് ഉപരോധിച്ചത്. 1 മണിക്കൂറോളം നിന്ന ഉപരോധത്തിനൊടുവില്‍ പരപ്പനങ്ങാടി പോലീസ് എത്തുകയും അരിയുടെയും ഗോതമ്പിന്റെയും സാമ്പിള്‍ ശേഖരിച്ച് സിവില്‍ സപ്ലൈ അധികൃതരെ ഏല്‍പ്പിക്കാന്‍ വേണ്ട നടപടികള്‍ എടുത്തു. മോശമായ അരിയും ഗോതമ്പും തിരിച്ചു കൊണ്ടുവരുന്നവര്‍ക്ക് യഥാവിധി നല്ല വ്യജ്ഞനം കൊടുക്കാമെന്ന റേഷന്‍ ഷോപ്പ് ഉടമയുടെ ഉറപ്പിന്‍മേല്‍ ഉപരോധം അവസാനിപ്പിക്കുകയും ചെയ്തു.

ഡി.വൈ.എഫ്.ഐ. പരപ്പനങ്ങാടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉപരോധം നടന്നത്. ബൈജു, സുരേഷ്, നവീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.