തെരുവ് നാടകം

താനൂർ : മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഒരു സമൂഹം ഇവിടെയുണ്ട് എന്ന് തെളിയിക്കുകയായിരുന്നു താനൂരിലെ, കലാകാരന്മാർ. ഭ്രാന്ത് പിടിച്ച ആൾക്കൂട്ടം തല്ലിക്കൊന്ന മധുവിന് തെരുവുകളിൽ എത്തിക്കുകയായിരുന്നു കലാകാരന്മാർ. താനൂർ ജങ്ഷൻ, പുത്തൻതെരു, താനാളൂർ അങ്ങാടി എന്നിവിടങ്ങളിൽ തെരുവ് നാടകം അരങ്ങേറി.
ലോകമനസാക്ഷിയെ ഏറെ ഞെട്ടിച്ച സംഭവമായിരുന്നു കഴിഞ്ഞദിവസം അട്ടപ്പാടിയിൽ അരങ്ങേറിയത്. മോഷണം ആരോപിച്ച് ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊല്ലുകയായിരുന്നു പരിഷ്കാരികൾ എന്നു സ്വയം ആരോപിക്കുന്ന ഒരുകൂട്ടം ആളുകൾ ചെയ്തുകൂട്ടിയത്.

വിശപ്പ് സഹിക്കാൻ വയ്യാതായപ്പോൾ  കണ്ണിൽ കണ്ട സാധനങ്ങൾ തന്റെ കൈ സഞ്ചിയിൽ നിറയ്ക്കുകയായിരുന്നു മധു ചെയ്തത്. സഞ്ചിയിൽ  ആൾക്കൂട്ടം കണ്ടത് മോഷണമുതലുകൾ ആയിരുന്നു. മനുഷ്യത്വം മരവിച്ച മനുഷ്യർക്കിടയിൽ നന്മയുടെ വെളിച്ചം പകരുകയായിരുന്നു താനൂരിലെ കലാകാരന്മാർ. നാടകം കാണാൻ എത്തിയവരിലും പ്രതിഷേധം കാണാനായി. താനൂർ ജങ്ഷനിലൂടെ മധുവിനെ വലിച്ചിഴച്ച് കൊണ്ടുപോയി. നിങ്ങൾ അനുഭവിക്കുന്ന ഈ സുഖമെല്ലാം ഞങ്ങളെ നശിപ്പിച്ചു നേടിയതാണല്ലോ എന്ന മധുവിന്റെ ചോദ്യം കാഴ്ചക്കാരിലും കണ്ണീർ നിറച്ചു. സെൽഫികൾക്ക് നേരെയും നാട്ടുകാർ കാർക്കിച്ച് തുപ്പുകയായിരുന്നു. ആർ കെ താനൂർ, പി എസ് സഹദേവൻ, പി ടി അക്ബർ, അജയ് താനൂർ, എം റിയാസ് ,ഷാഹുൽ കാരാട് എന്നിവരായിരുന്നു തെരുവു നാടകവുമായി താനൂർ  പരിസരങ്ങളിൽ പ്രതിഷേധം തീർത്തത്.#