ന്യൂനമര്‍ദ്ദം;ശക്തമായ കാറ്റിന് സാധ്യത;മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മാര്‍ച്ച് 11ന് നടന്ന അവലോകനത്തില്‍ കന്യാകുമാരിക്ക് തെക്ക്  ശ്രീലങ്കയ്ക്ക് പടിഞ്ഞാറ് ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നു എന്നും ഇത് ശക്തിപ്പെടാന്‍ സാധ്യത ഉണ്ടെന്നും സൂചനയുണ്ട്.  ഈ ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറില്‍ ശക്തിപ്പെടാനും പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കാനും സാധ്യതയുണ്ട് എന്നാണ് നിരീക്ഷണം.

കടലിനുള്ളില്‍ കാറ്റിന്റെ വേഗത 60 കിലോമീറ്റര്‍ വരെയും, തിരമാല സാധാരണയില്‍ നിന്നും 3.2 മീറ്റര്‍ വരെ ആകാനും സാധ്യതയുണ്ട്.  അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കക്ക് പടിഞ്ഞാറും, ലക്ഷദീപിന് കിഴക്കും, കന്യാകുമാരിക്കും തിരുവനന്തപുരത്തിനും പടിഞ്ഞാറും ഉള്ള തെക്കന്‍ ഇന്ത്യന്‍ കടലില്‍ രണ്ട് ദിവസം (13-03-2018 വരെ) മത്സ്യബന്ധനം നടത്തരുത് എന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.

മുന്‍പ് ന്യൂനമര്‍ദ്ദം പടിഞ്ഞാറേയ്ക്ക് പോകുമെന്നായിരുന്നു പ്രവചനം.  എന്നാല്‍ ഇപ്പോള്‍ പടിഞ്ഞാറ് വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ തിരിയും എന്നാണ് നിരീക്ഷണം.