സംസ്ഥാനത്തെ ടൂറിസം ഉത്തരവാദിത്ത ടൂറിസത്തില്‍ അധിഷ്ഠിതം; കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥന സര്‍ക്കാരിനെ സംബന്ധിച്ചടുത്തോളം ഉത്തരവാദിത്ത ടൂറിസം എന്നത് പ്രസംഗിച്ച് നടക്കാനോ , മേളകളില്‍ പ്രദശിപ്പിക്കാനോ മാത്മ്രുള്ള പരിപാടിയല്ലെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ടൂറിസം നയം  ഉത്തരവാദിത്ത ടൂറിസത്തില്‍ അധിഷ്ഠിതമായി മാത്രമേ നടപ്പാക്കുകയുള്ളൂ. സംസ്ഥാനത്ത് നടപ്പില്‍ വരുത്തുന്ന ഏത് ടൂറിസം പ്രവര്‍ത്തനങ്ങളും ഉത്തരവാദിത്ത ടൂറിസം ആശയങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന കാര്യ്ങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാകും ഇനി മുതല്‍  ടൂറിസം വകുപ്പ് പ്രവര്‍ത്തികുകയെന്നും, ഇതിന്റെ തുടക്കമാണ് ഇപ്പോള്‍ ഉത്തരവാദിത്വ ടൂറിസം മിഷന്‍ ഇപ്പോള്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തിരുവവന്തപുരത്ത് സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷന്റെ നേതൃത്വത്തില്‍ ടൂറിസം റിസോഴ്‌സ്  പേര്‍സര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടവരുടെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരള ടൂറിസത്തെ റീ ബ്രാന്‍ഡ് ചെയ്യാനുള്ള സര്‍ക്കാര്‍ നടപടി അവസാന ഘട്ടത്തിലാണ്. സംസ്ഥാനത്തെ ടൂറിസം വികസനം ജനകീയ താല്‍പര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് നടപ്പിലാക്കുന്നത്.  അതിന് മുന്‍കൈയെടുക്കുന്ന ഉത്തരവാദിത്വ ടൂറിസം മിഷന്റെ പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. 2008 ല്‍ കുമരകം, കോവളം, തേക്കടി, വൈത്തിരി എന്നിവടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ഉത്തരവാദിത്വം ടൂറിസം പദ്ധതി ഇന്ന് ടൂറിസം രംഗത്തിന്റെ നട്ടെല്ലാണ്. തദ്ദേശ വാസികള്‍ക്ക് ടൂറിസം വഴി തൊഴിലും , വരുമാനവും ലഭിക്കാന്‍ ഇത് കാരണം ഏറെ സഹായകമായി. ഇതിനോടകം തന്നെ സംസ്ഥാനത്തെ ഉത്തരവാദിത്വ ടൂറിസം പദ്ധതിക്ക് നിരവധി ദേശീയ അന്തര്‍ദേശിയ പുരസ്‌കാരങ്ങളും ലഭിച്ചു. പരമ്പരാഗത തൊഴിലുകളെ ടൂറിസം പാക്കേജുകളാക്കി മാറ്റി കള്ളു ചെത്ത്, നെയ്ത്ത്, ഓലമെടയല്‍, തഴപ്പായ നെയ്ത്ത്, മണ്‍പാത്ര നിര്‍മ്മാണം, കൈത്തറി നെയ്ത്ത്, എന്നിവയെല്ലാം സംരക്ഷിക്കാന്‍ കഴിയുമെന്ന് ഉത്തരവാദിത്ത ടൂറിസം പദ്ധതി തെളിയിച്ചതായും മന്ത്രി പറഞ്ഞു.

ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ ടൂറിസം മേഖലയില്‍ ഒരു ലക്ഷം തൊഴില്‍ സൃഷ്ടിക്കുവാനണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ടൂറിസം മേഖലയിലെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദിത്വ മിഷനാണ് ഇനി മുതല്‍ മേല്‍നോട്ടം വഹിക്കുക. വേമ്പനാട്ട് കായല്‍ , അഷ്ടമുടിക്കായല്‍ എന്നിവക്ക് പുറമെ കേരളത്തിലെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളതും ആരംഭിക്കാന്‍ പോകുന്നതുമായ എല്ലാ ജലാശയങ്ങളുടേയും പാരിസ്ഥിതിക സംരക്ഷണ ചുമതലയും, ടൂറിസവുമായി ബന്ധപ്പെട്ട മാലിന്യ നിര്‍മാര്‍ജന സംസ്‌കരണ പ്രവര്‍ത്തനങ്ങളും ഉത്തരവാദിത്ത ടൂറിസം മിഷന്റെ മേല്‍നോട്ടത്തിലാകും നടക്കുകയെന്നും മന്ത്രി വ്യക്തിമാക്കി.

സംസ്ഥാന ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ് ഐഎഎസ്, അധ്യക്ഷത വഹിച്ച ചടങ്ങില്‍ ടൂറിസം ഡയറക്ടര്‍ ശ്രീ. പി. ബാലകിരണ്‍ ഐഎഎസ് സ്വാഗതം ആശംസിച്ചു. ഉത്തരവാദിത്ത മിഷന്‍ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ശ്രീ രൂപേഷകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ വിഷയങ്ങലെ കുറിച്ച്, ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍, വയല ഡയറക്ടര്‍ വിനോദ് നമ്പ്യാര്‍, ആര്‍.ടി റിസോഴ്‌സ് പേഴ്‌സണ്‍  പിന്റോ പോള്‍. സി, ടൂറിസം ഉപദേശക സമിതി അംഗം രവിശങ്കര്‍, ബിജു ജോര്‍ജ്, ധന്യ സാബു, വി. എസ് കമലാസനന്‍, എന്‍. ഡി സുനന്ദരേശന്‍, ബിജി സേവ്യര്‍, തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. രണ്ട് ദിവസം നീളുന്ന പരിശീലന പരിപാടി ബുധനാഴ്ച സമാപിക്കും
. ബുധനാഴ്ച നടക്കുന്ന പരിശീലന പരിപാടിയില്‍  വിവിധ വിഷയങ്ങളെ കുറിച്ച് എം. പി. ശിവദത്തന്‍ (കേരള ഹാറ്റ്‌സ്), അനില്‍ രാധാകൃഷ്ണന്‍ (മാധ്യമ പ്രവര്‍ത്തകന്‍, ദി ഹിന്ദു), ഡോ. ബി രാജേന്ദന്‍ ( പ്രിന്‍സിപ്പല്‍, കിറ്റ്‌സ്), തുടങ്ങിയവര്‍ ക്ലാസുകള്‍ നയിക്കും.

ഫോട്ടോ ക്യാപ്ഷന്‍ സംസ്ഥാന ഉത്തരവാദിത്ത ടുറിസം മിഷന് കീഴില്‍ തിരഞ്ഞെടുക്കപ്പെട്ട റിസോര്‍ഴ്‌സ് പേര്‍സന്‍മാരുടെ ദ്വിദിന പരിശീലന പരിപാടി തിരുവനന്തപുരത്ത് ബഹു ടൂറിസം വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ ഉത്ഘാടനം ചെയ്യുന്നു. ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ് ഐഎഎസ്, ടൂറിസം ഡയറക്ടര്‍ ശ്രീ പി. ബാലകിരണ്‍ ഐഎഎസ്, സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ശ്രീ കെ രൂപേഷ് കുമാര്‍, രവിശങ്കര്‍ കെ വി, ബിജു ജോര്‍ജ് സോമതീരം എന്നിവര്‍ സമീപം.