Section

malabari-logo-mobile

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‌ ഇന്ന്‌ കൊടി ഉയരും

HIGHLIGHTS : കോഴിക്കോട്‌: നഗരത്തിന്‌ ആഘോഷത്തിന്റെ നാളുകള്‍ സമ്മാനിച്ചുകൊണ്ട്‌ 55-ാമത്‌ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‌ ഇന്ന്‌ (വ്യാഴാഴ്‌ച) കൊടിയേറ്റം. മേളയുടെ ഔ...

kalolsavam 2015 calicut Logoകോഴിക്കോട്‌: നഗരത്തിന്‌ ആഘോഷത്തിന്റെ നാളുകള്‍ സമ്മാനിച്ചുകൊണ്ട്‌ 55-ാമത്‌ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‌ ഇന്ന്‌ (വ്യാഴാഴ്‌ച) കൊടിയേറ്റം. മേളയുടെ ഔപചാരിക ഉദ്‌ഘാടനം പ്രധാന വേദിയായ ക്രിസ്‌ത്യന്‍ കോളേജ്‌ ഗ്രൗണ്ടില്‍ വൈകിട്ട്‌ നാലിന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. വ്യാഴാഴ്‌ച രാവിലെ ഒമ്പതിന്‌ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ഗോപാലകൃഷ്‌ണഭട്ട്‌ പതാക ഉയര്‍ത്തും. പത്തിന്‌ ബി.ഇ.എം. ഹയര്‍സെക്കന്ററി സ്‌കൂളില്‍ രജിസ്‌ട്രേഷന്‍ തുടങ്ങും. ഉച്ചയ്‌ക്ക്‌ 2.30ന്‌ കോഴിക്കോട്‌ ബീച്ചില്‍ നിന്ന്‌ ഘോഷയാത്ര ആരംഭിക്കും. 50 സ്‌കൂളുകളില്‍ നിന്നായി ആറായിരത്തോളം കുട്ടികള്‍ അണിനിരക്കും. കേരളത്തിന്റെ സാംസ്‌കാരികത്തനിമ വിളിച്ചോതുന്ന കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയില്‍ അണിനിരക്കും. എ.ഡി.ജി.പി. എന്‍. ശങ്കര്‍ റെഡ്ഡി ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന്‌ മുഖ്യവേദിയായ മലബാര്‍ ക്രിസ്‌ത്യന്‍ കോളേജ്‌ ഗ്രൗണ്ടില്‍ എത്തിച്ചേരും.

55 സംഗീതാധ്യാപകര്‍ അവതരിപ്പിക്കുന്ന സ്വാഗത ഗാനാലാപനവും ദൃശ്യാവിഷ്‌ക്കാരവും ഉണ്ടായിരിക്കും. ഗായകന്‍ ഡോ.കെ.ജെ. യേശുദാസ്‌ മുഖ്യാതിഥിയാകും. ഉദ്‌ഘാടനസമ്മേളനത്തിനു ശേഷം ഒന്നാംവേദിയില്‍ മോഹിനിയാട്ട മത്സരം നടക്കും. ആദ്യദിവസം പത്തുവേദികളിലായാണ്‌ മത്സരം. പ്രധാനവേദിയായ മലബാര്‍ ക്രിസ്‌ത്യന്‍ കോളേജിന്‌ ‘ മോഹനം ‘ എന്നാണ്‌ നാമകരണം ചെയ്‌തിരിക്കുന്നത്‌.

sameeksha-malabarinews

17 വേദികളിലായി 232 ഇനങ്ങളില്‍ 11,000 കലാപ്രതിഭകളാണ്‌ ജനുവരി 15 മുതല്‍ 21 വരെ നടക്കുന്ന കലോത്സവത്തില്‍ മാറ്റുരക്കുന്നത്‌. കലോത്സവത്തോടനുബന്ധിച്ച്‌ ജില്ലാ ഇന്‍ഫര്‍മേഷന്‍ ആന്റ്‌ പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്റ്റാള്‍ ഒരുക്കിയിട്ടുണ്ട്‌. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ വിവിധ ജില്ലകളില്‍ നിന്നെത്തിയ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും 15 കേന്ദ്രങ്ങളില്‍ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്‌. കലോത്സവനഗരിയില്‍ കര്‍ശന സുരക്ഷയൊരുക്കാന്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്‌. പാചകത്തിന്റെ മേല്‍നോട്ടം ഇത്തവണയും പഴയിടം മോഹനന്‍ നമ്പൂതിരിയ്‌ക്കാണ്‌.

അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനായി അലോപ്പതി, ആയുര്‍വ്വേദം, ഹോമിയോപ്പതി വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സേവനവും ക്രിസ്‌ത്യന്‍ കോളേജിലെ വെല്‍ഫെയര്‍ സെന്ററില്‍ സജ്ജമാക്കിയിട്ടുണ്ട്‌. എല്ലാ വേദികളിലും ഒരുക്കിയിട്ടുളള കൗണ്ടറുകളെ ബന്ധപ്പെടുത്തിയ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റില്‍ നാല്‌ ആംബുലന്‍സുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. 21ന്‌ വൈകിട്ട്‌ മൂന്നിന്‌ സമാപനസമ്മേളനം പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ ഉദ്‌ഘാടനം ചെയ്യും. സമാപന സമ്മേളനത്തില്‍ സംഗീതാധ്യാപകരുടെ നേതൃത്വത്തില്‍ മംഗളഗാനാലാപനവും ഉണ്ടാകും. വിജയികള്‍ക്കുളള സമ്മാനങ്ങള്‍ വിദ്യാഭ്യാസവകുപ്പ്‌ മന്ത്രി പി.കെ. അബ്ദുറബ്ബ്‌ വിതരണം ചെയ്യും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!