മതനിരപേക്ഷ രാഷ്ട്രത്തില്‍ വര്‍ഗീയ ഭരണകൂടം വന്നാല്‍ മതനിരപേക്ഷ രാഷ്ട്രത്തില്‍ വര്‍ഗീയ ഭരണകൂടം വന്നാല്‍ 

മതത്തെ രാഷ്ട്രീയം, ഭരണകൂടം, വിദ്യഭ്യാസം, നിയമസംവിധാനം എന്നിവയില്‍ നിന്ന് വേര്‍പ്പെടുത്തി നിര്‍ത്തുന്ന ഭരണസംവിധാനത്തെയാണ് മതനിരപേക്ഷ ഭരണകൂടം എന്ന് വിളിക്കുന്നത്.  മതവും രാഷ്ട്രീയവും കൂട്ടുപിണഞ്ഞ വര്‍ഗീയതയാണ് ഇപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ മൂടികെട്ടിനില്‍ക്കുന്നത്. ജാതി രാഷ്ട്രീയം, മതരാഷ്ട്രീയം എന്നിവ മതനിരപേക്ഷ രാഷ്ട്രീയത്തെ മായിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ അനിവാര്യഫലമാണ് നമ്മുടെ മതനിരപേക്ഷ ഭരണഘടനയ്ക്ക് കീഴില്‍ ഹിന്ദുവര്‍ഗീയ ഭരണകൂടം ആവിഷ്‌ക്കരിപ്പെട്ടത്. ഈ രാഷ്ട്രീയ വൈരുദ്ധ്യമാണ് ഇന്ന് ഗുര്‍മീത് റാംറഹീമിന്റെ സ്വകാര്യ മതസേനാഗുണ്ടകള്‍ ഹരിയാനയിലും ദില്ലിയിലും പഞ്ചാബിലും നടപ്പിലാക്കിക്കൊണ്ടിരുന്നത്.
ബലാത്സംഗക്കേസില്‍ ഹൈക്കോടതി വിധി വരുന്നതിന് മുമ്പ് തന്നെ സുരക്ഷ ഒരുക്കാന്‍ ഹരിയാന-പഞ്ചാബ് ഹൈക്കോടതി കര്‍ശനമായ മുന്‍കൂര്‍ നിര്‍ദേശം നല്‍കിയിട്ടും ഹരിയാന സര്‍ക്കാര്‍ അത് മുഖവിലയ്ക്ക് എടുത്തില്ല. ഫലമോ ദേരസച്ചസൗദ മതഗുണ്ടകള്‍ ഹരിയാനയിലെ 17 ജില്ലകളില്‍ വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിട്ടു. പഞ്ചകുലയില്‍ രണ്ട ലക്ഷത്തോളം ഭീകരര്‍ കേന്ദ്രീകരിക്കുന്നത് സര്‍ക്കാര്‍ തടഞ്ഞില്ല. കോടതിയിലേക്ക് 200 വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നത്രെ ഗുര്‍മീത് വന്നത് പോലും  . ബലാത്സംഗത്തെ ന്യായീകരിച്ചുകൊണ്ട് ശ്രീകൃഷണന് നൂറുകണക്കിന് ഗോപികമാരുണ്ടെങ്കില്‍ ദൈവമായ തനിക്കും എന്താണ് തടസമെന്നാണ് ഈ ദൈവം ഒരിക്കല്‍ ചോദിച്ചിരിക്കുന്നത്.
2002 ലാണ്  ഗുര്‍മീതിന്റെ ആശ്രമത്തിലെ ഒരു യുവസന്യാസിനി അന്നത്തെ പ്രധാനമന്ത്രിക്ക് ഒരു ഊമകത്ത് അയക്കുന്നത്. ആ വര്‍ഷത്തില്‍ ഒരു രാത്രിയില്‍ ഗുര്‍മീത് അയാളുടെ കിടപ്പുമുറിയിലേക്ക് വിളിച്ച് അശ്ലീല വീഡിയോ കാണിക്കുകയും അത് ഇഷ്ടപ്പെടാത്ത പെണ്‍കുട്ടിയെ കൊന്ന്കളയുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും ചെയ്‌തെന്ന് കത്തില്‍ പറയുന്നു്.  ഈ ദൈവം എല്ലാ ദിവസവും ഓരോ സ്ത്രീയെ ബലാത്സംഗം ചെയ്യുന്നു. ഈ ലൈംഗിക പീഡനം സഹിക്കാന്‍ കഴിയാതെയാണ് പെണ്‍കുട്ടി പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. തുടര്‍ന്ന് അവളുടെ സഹോദരനായ ആശ്രമം മാനേജര്‍ രഞ്ജിത് സിങ് ദുരൂഹമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. അത് വാര്‍ത്തയാക്കിയ മാധ്യമപ്രവര്‍ത്തകന്‍ രാം ചന്ദ് ചത്രപതിയും കൊല്ലപ്പെട്ടു. ആശ്രമത്തിലെ നാനൂറ് അനുയായികളെ ഗുര്‍മീത് നിര്‍ബന്ധിത വന്ധീകരണം ചെയ്യിച്ചിട്ടുമുണ്ട്.
ഹരിയാന ബിജെപി മന്ത്രിസഭയും മോദി സര്‍ക്കാരും 2014 ലെ തിരഞ്ഞെടുപ്പില്‍ തങ്ങളെ സഹായിച്ചതിന് ഗുര്‍മീതിനും സംഘത്തിനും അമിത ആനുകൂല്യം നല്‍കുകയാണ്. രാഷ്ട്രീയ പിന്തുണയുണ്ടെങ്കില്‍ കൊള്ളയും കൊലയും തീവെപ്പുംനടത്താമെന്നും, പോലീസിനെയും പട്ടാളത്തിനെയും വെല്ലുവിളിക്കാമെന്നതും അംഗീകൃത സത്യമായി മാറിക്കഴിഞ്ഞു.
ഗുര്‍മീതിനെ ബലാത്സംഗ കേസില്‍ ശിക്ഷിച്ചതിന് പുറമെ കൊലക്കേസ് വിധി വന്നാല്‍ ഈയാള്‍ക്ക് പരലോക യാത്ര എളുപ്പമാകും. ഇത്തരം സെക്‌സ്‌ഫോബിയ രോഗികള്‍ അര്‍ഹിക്കുന്നത് നിയമപരമായ ലിംഗച്ഛേദമാണ്.
ഇന്ത്യയില്‍ ആള്‍ദൈവ മാഫിയ പടര്‍ന്നുപന്തലിച്ചുകഴിഞ്ഞു. കേരളത്തില്‍ തന്നെ ഒരു ലക്ഷം ആള്‍ദൈവങ്ങള്‍ നിലവിലുണ്ടാവും. സാമ്പത്തിക ആര്‍ത്തി, കൊലപാതകം, ലൈംഗിക അരാജകത്വം, കപടദിവ്യവാദം, എന്നിവിഷയങ്ങളില്‍  ആരോപണ വിധേയരായി നില്‍ക്കുന്ന ആശാറാം ബാപ്പു, സന്ത്‌റാംപാല്‍, മാതാ അമൃതാനന്ദമയി, റാം റഹീം സിങ് എന്നിവര്‍ക്ക് ഇപ്പോഴും ലക്ഷക്കണക്കിന് അനുയായികള്‍ ഉണ്ടാകുന്നു. ഇവര്‍ പലപ്പോഴും ലൈംഗീകമായും സാമ്പത്തികമായും ചൂഷണം ചെയ്യപ്പെടുന്നു. ഇത് നിയമം മൂലം തടഞ്ഞെ തീരു.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25,26 ല്‍ പറയുന്ന മതവിശ്വാസ സ്വാതന്ത്ര്യം ഒരു ആള്‍ദൈവവും മാനിക്കുന്നില്ല. ആര്‍ട്ടിക്കള്‍ 25 ലെ വിശ്വാസസ്വാതന്ത്ര്യത്തിലെ പ്രധാന നിബന്ധന ക്രമസമാധാനപാലനമാണ് എന്നാല്‍ ഗുര്‍മീതിന്റെ ആള്‍ദൈവ സേനയാണ് ഹരിയാനയെ കഴിഞ്ഞദിവസങ്ങളില്‍ ചുട്ടെരിച്ചത്. എന്നിട്ടും ഈ സേനയെ നിരോധിക്കാന്‍ ഹരിയാന ഭരണകൂടത്തിനായില്ല.
മറ്റൊരു നിബന്ധന പൊതുധാര്‍മികത സംരക്ഷിച്ചുകൊണ്ട് മതസ്വാതന്ത്ര്യം ഉപയോഗിക്കാവു എന്നാണല്ലോ. എന്നാല്‍ 2002 മുതല്‍ സ്വന്തം സന്യാസിനികളെ ഊഴമിട്ട് നിരന്തരം ബലാത്സംഗം ചെയ്തിട്ടും ഗുര്‍മീതിന് ഇത് തുടരാന്‍ സര്‍ക്കാര്‍ കൂട്ടായിരുന്നു എന്നാണ് മനസിലാക്കേണ്ടത്.
മറ്റൊരു നിബന്ധന പൊതുജനാരോഗ്യം പാലിച്ചുകൊണ്ടേ മത വിശ്വാസ സ്വാതന്ത്ര്യം അനുവദിക്കു എന്നാണ്. എന്നാല്‍ ഗുര്‍മീത് കുറ്റവാളിയാണെന്ന് കണ്ടെത്തിയ ദിവസം ഉണ്ടാക്കിയ കലാപത്തില്‍ 38 പേര്‍ മരിക്കുകയും 350ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കോടതി നിര്‍ദേശം നല്‍കിയിട്ടും സര്‍ക്കാരിന് ഇത് തടയാന്‍ കഴിഞ്ഞില്ല. ജനജീവിതം തകര്‍ത്ത ഇത്തരം കലാപങ്ങള്‍ ഒരാള്‍ദൈവത്തിനും തന്റെ സ്വന്തം തിണ്ണമിടുക്കുകൊണ്ട് നടത്താനാകില്ല. മത രാഷ്ട്രീയ വര്‍ഗീയ സംസ്‌ക്കാരം സംരക്ഷിക്കാന്‍ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ നടത്തിയ കള്ളക്കളിയാണ് ഇതിനുപിന്നില്‍. ഇവിടെ മതവിശ്വാസ സ്വാതന്ത്ര്യ നിയന്ത്രണ നിബന്ധനകള്‍ കേന്ദ്ര-ഹരിയാന ബിജെപി സര്‍ക്കാരുകള്‍ നിര്‍ലജ്ജം ലംഘിച്ചിരിക്കുന്നു. ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കുന്നതിനെതിരെ സുപ്രീംകോടതിയോട് ഒരു അഭ്യര്‍ത്ഥന (1)ഇന്ത്യയില്‍ മതരാഷ്ട്രീയവും ജാതി രാഷ്ട്രീയവും നിരോധിക്കുന്നതിന് കര്‍ശന നിര്‍ദേശങ്ങള്‍ .കേന്ദ്ര സര്‍ക്കാരിന് ഉടന്‍ നല്‍കണം. (2) പൊതുജനങ്ങളുടെ അന്ധവിശ്വാസത്തെ ചൂണ്ടയാക്കിയാണ് ആള്‍ദൈവങ്ങളും ദിവ്യന്‍മാരും പ്രവര്‍ത്തിക്കുന്നത്. മഹാരാഷ്ട്ര മോഡല്‍ അന്തവിശ്വാസ നിര്‍മാര്‍ജ്ജന നിയമം രാജ്യത്ത് ഉടന്‍ നടപ്പിലാക്കണം. (3)ബലാത്സംഗത്തിന് ഐപിസിയില്‍ ലിംഗച്ഛേദ ശിക്ഷകൂടി ഉള്‍പ്പെടുത്തി നിരന്തര ബലാത്സംഗക്കാരെ നിരായുധരാക്കാന്‍ നിയമഭേദഗതി കൊണ്ടുവരണം.