സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡിന് അപേക്ഷിക്കാം

2017 ലെ സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡിന് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്‍ട്രികള്‍ ക്ഷണിച്ചു.  ഹരിതകേരളം സുന്ദരകേരളം എന്നതാണ് വിഷയം.  ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് യഥാക്രമം 50,000, 30,000, 25,000 രൂപ ക്യാഷ് അവാര്‍ഡിനു പുറമേ ശില്പവും സാക്ഷ്യപത്രവും ലഭിക്കും.  കൂടാലെ പത്ത് പേര്‍ക്ക് പ്രോത്സാഹന സമ്മാനമായി 2,500 രൂപ വീതവും സര്‍ട്ടിഫിക്കറ്റും നല്‍കും.
ഫോട്ടോഗ്രാഫി പ്രൊഫഷനായി സ്വീകരിച്ചവര്‍ക്കും അമച്വര്‍ ഫോട്ടോ ഗ്രാഫര്‍മാര്‍ക്കും പങ്കെടുക്കാം.  എന്‍ട്രിയായി അയക്കുന്ന ഫോട്ടോകളുടെ വലിപ്പം 18 x 12 ഇഞ്ച് ആകണം.  കളര്‍ ഫോട്ടോകള്‍ (ലേസര്‍ പ്രിന്റുകള്‍ ഒഴികെ) മാത്രമേ സ്വീകരിക്കുകയുള്ളു.  സോഫ്റ്റ് കോപ്പി ഡി.വി.ഡി ഫോര്‍മാറ്റില്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. മത്സരത്തിന് ഒരാള്‍ക്ക് മൂന്ന് എന്‍ട്രികള്‍ വരെ അയക്കാം.  അപേക്ഷ അയയ്ക്കുന്ന കവറിനു മുകളില്‍ സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡ് 2017 എന്ന് എഴുതണം.
ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, സൗത്ത് ബ്ലോക്ക്, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം – 695001 എന്ന വിലാസത്തില്‍  ആഗസ്റ്റ് ഏഴ് വരെ എന്‍ട്രികള്‍ സ്വീകരിക്കും.  അപേക്ഷാ ഫാറവും നിബന്ധനകളും ഐ&പി.ആര്‍.ഡി വൈബ്‌സൈറ്റില്‍ (www.prd.kerala.gov.in ) ലഭിക്കും.