സര്‍ക്കാര്‍ മദ്യനയത്തിന്‌ അംഗീകാരം

barദില്ലി: സംസ്ഥാനത്ത്‌ പൂട്ടിയ ബാറുകള്‍ തുറക്കി. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം സുപ്രീംകോടതി അംഗീകരിച്ചു. മദ്യവ്യാപാരം മൗലിക അവകാശമല്ലെന്ന്‌ പറഞ്ഞ സുപ്രീംകോടതി സര്‍ക്കാറിന്റെ വാദങ്ങള്‍ എല്ലാം അംഗീകരിക്കുകയായിരുന്നു. ചൊവ്വാഴ്‌ച പത്തരക്ക്‌ ചേര്‍ന്ന സുപ്രീംകോടതി രണ്ടംഗ ബെഞ്ച്‌ ബാര്‍ലൈസന്‍സ്‌ കേസില്‍ സര്‍ക്കാറിന്റെ നയം പൂര്‍ണമായി അംഗീകരിക്കുന്നു എന്ന രണ്ടുവരി വിധിയാണ്‌ വായിച്ചത്‌.

സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയം ചോദ്യം ചെയ്‌ത്‌ ത്രിസ്‌റ്റാര്‍, ഫോര്‍സ്‌റ്റാര്‍ ഹോട്ടലുകള്‍ നല്‍കിയ ഹര്‍ജികളിലായിരുന്നു സുപ്രീംകോടതി വിധി പറഞ്ഞത്‌. ഏകാംഗ കമ്മീഷന്റെ പ്രധാന ശുപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പിലാക്കില്ല എന്നായിരുന്നു ഹോട്ടലുകളുടെ വാദം കോടതി തള്ളി. സര്‍ക്കാറിന്റെ സാമൂഹ്യപ്രതിബദ്ധത വീണ്ടും തെളിയിക്കപ്പെട്ടു എന്ന്‌ എക്‌സൈസ്‌ മന്ത്രി കെ ബാബു വിധിയോട്‌ പ്രതികരിച്ചു.

സര്‍ക്കാറിന്റെ സുപ്രീംകോടതി അംഗീകരിച്ച വാദങ്ങള്‍ ഇവയാണ്‌-മദ്യഉപഭോഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ്‌്‌ മദ്യനിരോധനം നടപ്പിലാക്കുന്നത്‌, ഘട്ടംഘട്ടമായി മദ്യനിരോധനം കൊണ്ടുവരാനാണ്‌ ബാറുകള്‍ പൂട്ടിയത്‌, സര്‍ക്കാര്‍ മദ്യഷാപ്പുകളുടെ എണ്ണവും കുറച്ചുവരുന്നുണ്ട്‌, ഹൈക്കോടതി മദ്യനയം അംഗീകരിച്ചതാണ്‌, വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്‌ മദ്യനയം കൊണ്ടുവന്നത്‌, മദ്യനയം തെറ്റെന്ന്‌ കണ്ടെത്തിയാല്‍ വീണ്ടും ബാര്‍ ലൈസന്‍സ്‌ നല്‍കും, ഏകാംഗ കമ്മീഷന്റെ ശുപാര്‍ശ അനുസരിച്ചാണ്‌ ബിയര്‍, വൈന്‍ ലൈസന്‍സ്‌ അനുവദിച്ചത്‌, മദ്യനിരോധനം ഒരു രാത്രി കൊണ്ട്‌ എടുത്ത തീരുമാനമല്ല.