സംസ്ഥാനത്തെ ബാറുകള്‍ പൂട്ടി

M_Id_320185_Liquorതിരു : സംസ്ഥാനത്തെ സ്റ്റാര്‍ സൗകര്യങ്ങളില്ലാത്ത ബാറുകളുടെ ലൈസന്‍സ് പുതുക്കണോ എന്ന ആശയകുഴപ്പം നിലനില്‍ക്കേ ലൈസന്‍സ് പുതുക്കി നല്‍കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും പൂട്ടി. ഇവക്ക് പുറമെ ബിയര്‍ പാര്‍ലറുകള്‍,ക്ലബ്ബുകള്‍ തുടങ്ങിയവയുടെ ലൈസന്‍സ് കാലാവധിയും മാര്‍ച്ച് 31 ഓടെ അവസാനിച്ചു. 752 ബാറുകളാണ് കേരളത്തില്‍ പൂട്ടിയത്.

നാളത്തെ മന്ത്രി സഭാ യോഗത്തിന് ശേഷമായിരിക്കും ഏതൊക്കെ ബാറുകളാണ് തുറന്ന് പ്രവര്‍ത്തിക്കേണ്ടത് എന്ന കാര്യത്തില്‍ അവസാന തീരുമാനം വ്യക്തമാകൂ.
സുപ്രീം കോടതി കേരളത്തിലെ നിലവാരം കുറഞ്ഞ 418 ബാറുകള്‍ തുടരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കണമെന്ന് ഉത്തരവിട്ടിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടിയെടുത്തിരുന്നില്ല. ഇതിനിടെ ഈ ബാറുകളുടെ ലൈസന്‍സ് കെപിസിസിയില്‍ ആലോചിച്ചല്ലാതെ പുതുക്കരുതെന്ന് വിഎം സുധീരന്‍ എക്‌സൈസ് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

നാളത്തെ മന്ത്രി സഭായോഗത്തില്‍ പുതിയ നയം പ്രഖ്യപിക്കുന്നത് വരെ എല്ലാം പുതുക്കി നല്‍കുക എന്ന ധാരണയാണ് സര്‍ക്കാരിന്റെ പരിഗണനയില്‍ ഉള്ളത്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബാറുകള്‍ ഒരുമിച്ച് പൂട്ടുന്നത് വ്യാജമദ്യം ഒഴുക്കുന്നതിനും, ദുരന്തങ്ങള്‍ക്കും കാരണമാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്.