മുത്തലാഖിന് വിലക്കേര്‍പ്പെടുത്തി സുപ്രീം കോടതി

ദില്ലി: മുത്തലാഖിന് വിലക്കേര്‍പ്പെടുത്തി സുപ്രീം കോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹര്‍ മുത്തലാഖ് ഭരണഘടന വിരുദ്ധമല്ലെന്ന് വിധി പ്രഖ്യാപിച്ചു. എന്നാല്‍ ഭരണഘടന ബെഞ്ചിലെ മറ്റ് മൂന്ന് ജഡ്ജിമാര്‍ മുത്തലാഖ് ഭരണഘന വിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ടു. ജസ്റ്റിസുമാരായ റോഹിന്റണ്‍ ഫാലി നരിമാന്‍, കുര്യന്‍ ജോസഫ്, ലളിത് തുടങ്ങിയവരാണ് വ്യത്യസ്ത നിലപാട് സ്വീകരിച്ചത്.

മുത്തലാഖ് നിരോധിക്കാന്‍ ആവശ്യമെങ്കില്‍ ആറുമാസത്തിനുള്ളില്‍ നിയമനിര്‍മാണം നടത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. നിയമം നിലവില്‍ വരുന്നതുവരെയാണ് ആറ് മാസത്തേക്ക് മുത്തലാഖിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹര്‍ അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, ആര്‍ എഫ് നരിമാന്‍, യു യു ലളിത്, അബ്ദുള്‍ നസീര്‍ എന്നിവരാണ് അംഗങ്ങളായുണ്ടായിരുന്നത്‌. മുത്തലാഖിന്റെ ഭരണഘടനാപരമായ സാധുതയാണ് പരിശോധിക്കുന്നതെന്ന് അറിയിച്ച ബെഞ്ച് ബഹുഭാര്യാത്വം, നിക്കാഹ് ഹലാല തുടങ്ങിയ വിഷയങ്ങള്‍ പിന്നീട് പരിഗണിക്കാമെന്ന് വ്യക്തമാക്കിയിരുന്നു.