ശ്രീനഗറില്‍ സംഘര്‍ഷം: പെല്ലറ്റ് വെടിവെയ്പ്പില്‍ 12 കാരന്‍ മരിച്ചു

kashmir-police21ശ്രീനഗര്‍: സുരക്ഷാസേന നടത്തിയ പെല്ലറ്റ് വെടിവെപ്പില്‍ പരിക്കേറ്റ 12 കാരന്‍ മരിച്ചു. ജുനൈദ് അഹമ്മദ് എന്ന കുട്ടിയാണ് വീട്ടിന് പുറത്ത് നില്‍ക്കുന്ന സമയത്ത് പെല്ലറ്റ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇതെതുടര്‍ന്നുണ്ടായ സംഘര്‍ഷം നിയന്ത്രിക്കാന്‍ ശ്രീനഗറില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്.

വെടവെപ്പില്‍ തലയ്ക്കും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റ ജുനൈദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടി പ്രതിഷേധക്കാരോടൊപ്പം ഉണ്ടായിരുന്നതല്ലെന്നും വീടിനു പുറത്ത് നില്‍ക്കുമ്പോഴാണ് വെടിയേറ്റതെന്നും പോലീസ് അറിയിച്ചു.

ജുനൈദിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരവെ റോഡിന്റെ ഇരുവശവും തടിച്ചുകൂടിയ നാട്ടുകാര്‍ സര്‍ക്കാറിനെതിരെ മുദ്രാവാക്യം വിളിച്ചു. ഇതിനിടെ മൃതദേഹവുമായി നാട്ടുകാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് തടയുകയും പ്രതിഷേധക്കാര്‍ക്കുനേരെ കണ്ണീര്‍ വാതകം പ്രയോഗിക്കുകയുമായിരുന്നു. നിരവധിപേര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ ജൂലൈയില്‍ ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനി സൈനികനടപടിയില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കാശ്മീരില്‍ സംഘര്‍ഷം ആരംഭിച്ചത്.