ശ്രീ ശ്രീ രവിശങ്കറിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നോട്ടീസ്

ന്യൂഡല്‍ഹി:യമുനാ തീരത്തെ പരിസ്ഥിതി നാശത്തിന് ഹരിത ട്രൈബ്യൂണലും കേന്ദ്രസര്‍ക്കാറുമാണ് ഉത്തരവാദിയെന്ന ആരോപണമുയര്‍ത്തിയ ആര്‍ട്ട് ഓഫ് ലിവിങ്ങ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കോടതിയലക്ഷ്യ നോട്ടീസ്. കേസില്‍ അടുത്ത വാദം നടക്കുന്ന മെയ് ഒമ്പതിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് ഹരിത ട്രൈബ്യൂണല്‍ ചെയര്‍മാന്‍ സ്വതന്തര്‍ കുമാറാണ് നോട്ടീസ് നല്‍കിയത്.

ആര്‍ട്ട് ഓഫ് ലിവിങ്ങ് യമുനാ തീരത്ത് സംഘടിപ്പിച്ച ലോക സാംസ്കാരിക സമ്മേളനം തീരത്തെ നശിപ്പിച്ചതിനാല്‍ അഞ്ചു കോടി രൂപ പിഴ അടക്കാന്‍ ഹരിത ട്രൈബ്യൂണല്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പരിപാടിക്ക് അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാറും ഹരിത ട്രൈബ്യൂണലുമാണ് പരിസ്ഥിതി നാശത്തിന് ഉത്തരവാദികളെന്ന നിലപാടിലാണ് രവിശങ്കര്‍. യമുന അത്രമാത്രം പരിശുദ്ധമായിരുന്നെങ്കില്‍ പരിപാടിക്ക് ഹരിത ട്രൈബ്യൂണലും സര്‍ക്കാറും ആദ്യം അനുമതി നല്‍കരുതായിരുന്നെന്നും രവിശങ്കര്‍ പറഞ്ഞിരുന്നു. ഇതാണ് ഹരിത ട്രൈബ്യുണല്‍ നോട്ടീസ് അയക്കുവാന്‍ ഇടയാക്കിയത്.

സംഭവത്തില്‍ ആര്‍ട്ട് ഓഫ് ലിവിങ്ങ് സ്ഥാപകനെതിരെ നടപടി ആവശ്യപ്പെട്ട് ആക്ടിവിസ്റ്റായ മനോജ് മിശ്ര നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ് അയച്ചത്.