Section

malabari-logo-mobile

ഗൃഹാതുരമായ ബംഗാളിലൂടെ ശ്രീ

HIGHLIGHTS : ഭൂമിശാസ്‌ത്രപരമായി തെല്ല്‌ ദൂരെയാണെങ്കിലും മലയാളികള്‍ക്ക്‌ അയല്‍ക്കാരേക്കാള്‍ അടുത്ത്‌, മനസ്സിനടുത്താണ്‌ ബംഗാള്‍. ബംഗാളിനോട്‌ സ്വന്തം ഗ്രാമത്തോടെന്...

ബംഗാള്‍ മണ്‍പാതകളും മനുഷ്യരും (യാത്ര)
ശ്രീകാന്ത്‌ കോട്ടക്കല്‍
പ്രസിദ്ധീകരണം: ഒലീവ്‌
പേജ്‌: 113
വില: 80

Untitled-1 copyഭൂമിശാസ്‌ത്രപരമായി തെല്ല്‌ ദൂരെയാണെങ്കിലും മലയാളികള്‍ക്ക്‌ അയല്‍ക്കാരേക്കാള്‍ അടുത്ത്‌, മനസ്സിനടുത്താണ്‌ ബംഗാള്‍. ബംഗാളിനോട്‌ സ്വന്തം ഗ്രാമത്തോടെന്നതുപോലൊരു ഗൃഹാതുരത്വംതന്നെ നമ്മള്‍ സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്‌. സാസ്‌കാരികമോ രാഷ്‌ട്രീയമോ ഭൂമിശാസ്‌ത്രപരമോ ഒക്കെയായ ഒരു സാമ്യതയായിരിക്കാം ഇരുദേശങ്ങള്‍ക്കുമിടക്കുള്ള ഈ അന്തര്‍ദ്ധാരയുയെ അടിസ്ഥാനം.

sameeksha-malabarinews

എന്തായാലും ഈ ഗൃഹാതുരത്വമോ പ്രിയങ്ങളോ ഇന്നൊന്നും തുടങ്ങിയതല്ല. ഒരു പക്ഷേ മലയാളിയുടെ പ്രയാണ ജീവിതത്തോളം അതിന്‌ പഴക്കമുണ്ടാവണം. കല്‍ക്കത്തയിലേക്കുള്ള കുടിയേറ്റവും യാത്രകളും ഒരുകാലത്ത്‌ നമ്മുടെ മധ്യവര്‍ഗ്ഗ അന്തസ്സിന്റെപോലും ഭാഗമായിരുന്നു. കല്‍ക്കത്തയും ബംഗാളും മാത്രമല്ല രീന്ദ്രനാഥ ടാഗോറും ബങ്കിംചന്ദ്ര ചാറ്റര്‍ജിയും താരാശങ്കര്‍ ബാനര്‍ജിയും സത്യജിത്‌ റായിയും ബാവുള്‍ ഗായകരുമെല്ലാം നമ്മുടെ എഴുത്ത്‌-സാംസ്‌കാരികരെപ്പോലെ നമുക്ക്‌ പ്രിയങ്കരരുമാണ്‌, ഇന്നും. മറ്റു കൃതികളേക്കാള്‍ ബംഗാളി കൃതികള്‍ മിക്കതും മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെടുകയും വായിക്കപ്പെടുകയും ചെയ്‌തിട്ടുമുണ്ട്‌. ബംഗാളിനെ പശ്ചാത്തലമാക്കി മലയാത്തില്‍ത്തന്നെ കൃതികളും സിനിമകളുമം ഉണ്ടായിട്ടുമുണ്ട്‌. സി. വി. ശ്രീരാമന്റെ വാസ്‌തുഹാര അതില്‍ പ്രമുഖമാണ്‌. ഒടുവില്‍ കെ. ആര്‍. മീരയുടെ `ആരാച്ചാര്‍’ എന്ന നോവല്‍തന്നെ കല്‍ക്കത്തയിലാണ്‌ നടക്കുന്നത്‌. നമ്മുടെ രാഷ്‌ട്രീയ വര്‍ത്തമാനങ്ങളിലും എപ്പോഴും നിറഞ്ഞുനില്‍ക്കുന്ന ഒന്നാണ്‌ ബംഗാള്‍.

രബീന്ദ്ര സംഗീതവും വിശ്വഭാരതിയും ബങ്കിംചന്ദ്ര ചാറ്റര്‍ജിയും കമ്യൂണിസ്റ്റ്‌ ഭരണകൂടവുമെല്ലാം കൊണ്ട്‌ നമ്മുടെ ഇന്നലെകളിലും ഇന്നുകളില്‍പ്പോലും നിറഞ്ഞുനില്‍ക്കുന്ന ബംഗാളിന്റെ വര്‍ത്തമാനകാലത്തിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന ഒരു നല്ല പുസ്‌തകമാണ്‌ ഒലീവ്‌ ബുക്‌സ്‌ പ്രസിദ്ധീകരിച്ച, ശ്രീകാന്ത്‌ കോട്ടക്കലിന്റെ `ബംഗാള്‍ – മണ്‍പാതകളും മനുഷ്യരും’ എന്ന കൃതി. നമ്മള്‍ കാണാത്ത ബംഗാളിന്റെ മണ്‍പാതകളിലൂടെയും നമ്മളറിയാത്ത അവിടത്തെ മനുഷ്യര്‍ക്കിടയിലൂടെയും ശ്രീകാന്ത്‌ നമ്മളെ ആനയിക്കുന്നു. ആ യാത്രയിലെ ചിരിയും കണ്ണീരും വായനക്കാരന്റെ ഉള്ളം കവരുംവിധം ആവിഷ്‌കരിക്കുവാന്‍ ശ്രീകാന്തിന്‌ കഴിഞ്ഞിട്ടുമുണ്ട്‌.

ടാഗോറിന്റെയും സത്യജിത്‌ റേയുടെയും ജയദേവന്റെയും ശ്രീരാമകൃഷ്‌ണ പരമഹംസരുടെയും സ്വാമി വിവേകാന്ദന്റെയും സുബാഷ്‌ ചന്ദ്രബോസിന്റെയും ബംഗാളിലൂടെ, ഹൗറ സ്റ്റേഷനും വിദ്യാസാഗര്‍ സേതുവും ശാന്തിനികേതനവും കണ്ട്‌, എഴുത്തുകാരന്റെ തന്നെ വാക്കുകള്‍ കടമെടുത്ത്‌ പറഞ്ഞാല്‍, `ശാന്തിനികേതനിലെ അറിവും പ്രകൃതിയും സംഗമിച്ച വഴികളിലേക്കും കെന്ദുളിയിലെ ബാവുല്‍ മേളകളിലേക്കും താരാപീഠിലെ താന്ത്രിക രാവുകളിലേക്കും’ വളര്‍ന്ന യാത്രകള്‍ കാളിയും മാര്‍ക്‌സും കൈകോര്‍ത്ത്‌, മന്ത്രവും മുദ്രാവാക്യവും കവിതയും ഗാനവും രബീന്ദ്ര സംഗീതവും ഒരേകാറ്റില്‍ ലയിക്കുന്ന, ആദിമതയും ആധുനികതയും കൈകോര്‍ത്ത ബംഗാളിലൂടെ, അവിടത്തെ മണ്‍പാതകളും മനുഷ്യരെയും കണ്ടറിഞ്ഞ മനോഹരമായ യാത്രയാണ്‌ ഈ പുസ്‌തകം. ബംഗാളിനെ ഉള്ളിലെവിടെയൊക്കെയോ കരുതിവെക്കുന്ന മലയാളിക്ക്‌ തീര്‍ച്ചയായും ഈ പുസ്‌തകം ഇഷ്‌ടപ്പെടും.
ബംഗാള്‍ കണ്ടിട്ടില്ലാത്തവരില്‍പ്പോലും പല ഓര്‍മ്മകളെയും വീണ്ടെടുക്കുകയോ പുനര്‍ജ്ജനിപ്പിക്കുയോ ചെയ്‌തുകൊണ്ട്‌ നമ്മുടെതന്നെ പൂര്‍വ്വകാലം അയവിറക്കുന്നതുപോലെ മധുരമായ ഗൃഹാതുരത്വം പകര്‍ന്നുതരികയാണ്‌ ശ്രീകാന്ത്‌. ഭാഷയും ആഖ്യാനവും വായനയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നുണ്ട്‌.
സുള്‍ഫി താനൂര്‍

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!