Section

malabari-logo-mobile

അതിരുകള്‍ മായ്ക്കുന്ന കവിതകളുമായി ശ്രീജിത്ത് അരിയല്ലൂര്‍

HIGHLIGHTS : മലബാറി ന്യുസിന്റെ കൾച്ചറൽഡസ്ക് പ്രശസ്ത യുവകവി ശ്രീജിത്ത്‌ അരിയല്ലൂരുമായി നടത്തിയ അഭിമുഖത്തിന്റെ പൂർണ്ണരൂപം.

അഭിമുഖം : ശ്രീജിത്ത് അരിയല്ലുര്‍ / സുരേഷ് രാമകൃഷണന്‍

sreejith ariyalloor

സൂക്ഷ്മ രാഷ്ട്രീയത്തിന്റെ മറവിൽ അരാഷ്ട്രീയ രചനകളും അരാഷ്ട്രീയ രചനകളുടെ തണലിൽ അലസ രചനകളും ടണ്‍ കണക്കിന് സൃഷ്ടിക്കപ്പെടുമ്പോൾ വ്യാജ കവിതകളുടെ മസില് പിടുത്തമോ അക്കാദമിക് കവിതകളുടെ ദുരൂഹതയോ ‘വെറും കവി’കളുടെ ലാളിത്യമോ ഇല്ലാതെ, സമകാലിക ലോകജീവിതവുമായി കൊമ്പ്കോർക്കുന്ന ഉജ്ജ്വലമായ രാഷ്ട്രീയകവിതകളുടെ സ്രഷ്ടാവായതിലൂടെയാണ് ശ്രീജിത്ത് അരിയല്ലൂർ എന്ന യുവകവി മറ്റു മലയാള കവികളിൽ നിന്നും വ്യത്യസ്തനാകുന്നത്. 
 
sreejith 3‘100 poems of sreejith ariyallur’ എന്ന ശീർഷകത്തിൽ അദ്ദേഹത്തിന്റെ മലയാള കവിതകൾ സമദ് ഏലപ്പ ഇംഗ്ലീഷിലേക്ക് 
മൊഴിമാറ്റിയിരിക്കുകയാണ്.2014 ജനുവരി 17 ന് പരപ്പനങ്ങാടി മലബാർ കോ-ഓപ്പറേറ്റീവ് കോളേജിൽ വെച്ച് ഉച്ചക്ക് 2 മണിക്ക് പ്രശ്ത ചെറുകഥാകൃത്ത് വി.ആർ .സുധീഷ്‌ ,പ്രമുഖ മാധ്യമപ്രവർത്തകനും കവിയുമായ എം.എസ്.ബനേഷിന് നൽകി പുസ്തകം പ്രകാശിപ്പിക്കുന്നതിന് മുമ്പായി മലബാറി ന്യുസിന്റെ കൾച്ചറൽഡസ്ക് പ്രശസ്ത യുവകവി ശ്രീജിത്ത്‌ അരിയല്ലൂരുമായി നടത്തിയ അഭിമുഖത്തിന്റെ പൂർണ്ണരൂപം.
 
+എന്താണ് താങ്കൾക്ക് കവിത…?
 
വലിയ സംഘബോധത്തിൽ വിശ്വസിക്കുമ്പോഴും പലപ്പോഴും ഞാൻ ഒറ്റയാവുകയോ വിഡ്ഢിയാക്കപ്പെടുകയോ ചെയ്യുന്നു.ഇത് എന്റെ മാത്രം അവസ്ഥയാണെന്ന് ഞാൻ കരുതുന്നില്ല.അപ്പോൾ കവിത എനിക്കൊരു സത്യസന്ധമായ പ്രസ്ഥാനവും എന്റെ വരികൾ വെള്ളം ചേർക്കാത്ത മുദ്രാവാക്യവുമാകുന്നു.എന്റെ വരികൾ ഈ ലോകത്തെ മുഴുവൻ ഒറ്റപ്പെട്ട മനുഷ്യന് വേണ്ടിയും പ്രകൃതിക്ക് വേണ്ടിയുമുള്ള പ്രാർത്ഥനയാകുവാൻ ഞാൻ ആഗ്രഹിക്കുന്നു. അത് പ്രകൃതിയുടേയും മനുഷ്യന്റേയും മുന്നോട്ട് പോക്കിന് ശക്തി പകരുന്നതാകണമെന്ന് ഞാൻ കരുതുന്നു. അത് ചൂഷണ മുക്തമായ സ്നേഹ സമ്പന്നമായ അതിർ വരമ്പുകളില്ലാത്ത ഒരു ലോകത്തെ സൃഷ്ടിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. കവിത ഈ ലോകത്തിനുള്ള എല്ലാ കാലത്തേക്കുമുള്ള മരുന്നാണ്…എനിക്കും…!
+എഴുത്തിന്റെ തുടക്കത്തെ കുറിച്ചൊന്ന് പറയാമോ…?
 
ഒരു ഏഴാം ക്ലാസിസ്സിലൊക്കെ പഠിക്കുമ്പോൾ ചിത്രം വരക്കുമായിരുന്നു. അന്ന് വാട്ടർ കളർ ,പെൻസിൽ ഡ്രോയിംഗ്,കാർട്ടൂണ്‍ എന്നിവയിലൊക്കെ മത്സരിക്കുമായിരുന്നു. പ്രൈസൊകെ കിട്ടും. വല്ല്യേ റ്റ്യൂഷനൊക്കെ ഉള്ള മാഷുമ്മാരുടെ മക്കളൊക്കെ ഉണ്ടാകുമെങ്കിലും നമ്മൾക്കും ഉണ്ടാകും ഫസ്റ്റോ സെക്കന്റോ തേഡോ ഒക്കെ…!ഒരിക്കൽ ‘കലാപ്രതിഭ’യും ആയി…!ഞങ്ങൾ വരക്കുമ്പോ അപ്പുറത്തെ മുറീലിരുന്ന് ഒരു കൂട്ടര് കാര്യായി എഴുതുന്നത്‌ കാണാം. എസ്സേ റൈറ്റിംഗ് ആണത്രേ…!മ്പക്കെന്തു എസ്സേ..?അതിനപ്പുറത്ത് കവിതയും…!അന്നൊക്കെ മ്പക്കെന്തു ‘ഗവിത’…?
പത്താം ക്ലാസ് കഴിഞ്ഞതോടെ പഠനം നിർത്തി. പരപ്പനങ്ങാടി ‘ഡാലി’ ആർട്സിൽ പോയി സഹായിയായി. ബോർഡും ബാനറും മതിലും ഒക്കെ എഴുതാൻ തുടങ്ങി. ചിലപ്പോൾ സ്ഥാപനങ്ങളുടെ പരസ്യ വാചകങ്ങൾ എഴുതി തരുന്ന വലിയ മുതലാളിമാരുടെ ‘ഭാഷ’യൊക്കെ വായിച്ച് അവരുടെ കടയേ കത്തിക്കാൻ  തോന്നും. അവർക്കൊക്കെ ചില പരസ്യ വാചകങ്ങൾ എഴുതി കൊടുക്കും. അവരൊക്കെ സന്തോഷത്തോടെ കൈ തരും. ജ്യൂസ് ഒക്കെ വാങ്ങിത്തരും. അതൊക്കെയായിരിക്കും എഴുത്തിന്റെ തുടക്കം. എനിക്കിപ്പോഴും പരസ്യ വാചകങ്ങൾ എഴുതുവാൻ വലിയ ഇഷ്ടമാണ്. വലിയ പരസ്യ സ്ഥാപനങ്ങൾക്ക് വേണ്ടി ആശയവും സംഭാഷണവും  എഴുതി കൊടുക്കാൻ അധികം താമസിയാതെ ചില അവസരങ്ങൾ എനിക്ക് വന്ന് ചേരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കാരണം അങ്ങിനെ ചില ഓഫറുകൾ കിട്ടിയിട്ടുണ്ട്.
എഴുതുന്നതും മിമിക്രി ചെയ്യുന്നതും പ്രസംഗിക്കുന്നതും ഒക്കെ ക്ലബ്ബ് പ്രവർത്തനത്തിന്റെ തുടർച്ചയായിട്ടാണ്. കേരളോത്സവത്തിനൊക്കെ അവനവന്റെ ക്ലബ്ബിന്‌ പോയിന്റ് കിട്ടാൻ എന്ത് വേഷവും കെട്ടും. അങ്ങിനെ കെട്ടുമ്പോൾ ഒരിക്കൽ ഒരു സംഭവം ഉണ്ടായി. ആസ്ഥാന ചെറുകഥാകൃത്തുക്കൾ ,കവികൾ തുടങ്ങിയവരോടൊപ്പം മത്സരിച്ചപ്പോൾ എനിക്ക് ഫസ്റ്റ് കിട്ടി. അപ്പോൾ എല്ലാരും പറഞ്ഞു നിനക്ക് എഴുതാനുള്ള കഴിവൊക്കെ ഉണ്ടെന്ന്. എനിക്കത് അത്ഭുതമായിരുന്നു. കാരണം അന്നേ വരെ ഞാൻ കവിതയെ കുറിച്ച് ചിന്തിക്കുക പോലും ചെയ്തിരുന്നില്ല.
ആദ്യമായി ഒരു കവിത കുറച്ച് ബോധത്തോടെ എഴുതുന്നത്‌ 2002 ൽ ആണ്. അത് അന്ന് മാതൃഭൂമി ദിനപത്രത്തിലെ ‘കലാശാല’ കോളത്തിലേക്ക് വെറുതേ അയച്ച് കൊടുത്തു. ഞാൻ കോളേജിൽ ഒന്നും പഠിച്ചിട്ടില്ലെങ്കിലും നാട്ടിലെ പാരലൽ കോളേജിന്റെ വിലാസത്തിൽ ‘രാണ്ടാം വർഷ ഡിഗ്രി’ വിദ്യാർഥി എന്നൊക്കെ വെച്ചാണ് അയപ്പ്…!നാട്ടിൽ അങ്ങിനെ അയച്ച് കൊടുക്കുന്ന ‘രണ്ടാം വർഷക്കാർ ‘ ഒക്കെ കുറവായിരുന്നെന്ന് തോനുന്നു…!അയക്കുന്നതെല്ലം വന്നു. ഞാനും ഞാനറിയാതെ ഒരു കവിയായി മാറി. നാട്ടിൽ ആളുകൾക്കൊന്നും ഇപ്പോഴും ഞാൻ കവിത എഴുതുന്നുണ്ടെന്നും യാത്ര ചെയ്യുന്നുണ്ടെന്നും ഒന്നും i അധികം അറിയില്ല. അറിയുന്ന ചിലർ അന്നേ വല്ലപ്പോഴും നേരിൽ കാണുമ്പോൾ എഴുതണം എന്നൊക്കെ പറഞ്ഞു പ്രോത്സാഹിപ്പിക്കുമായിരുന്നു.
+കവിതയെ കുറിച്ച് കൂടുതൽ അറിയുന്നത്,അന്വേഷിക്കുന്നത് എപ്പോൾ മുതലാണ്‌..?
2002 -ൽ കേരള സാഹിത്യ അക്കാദമി വടകരയിൽ 3 ദിവസം നീണ്ടു നിൽക്കുന്ന ഒരു സാഹിത്യ ശിൽപ്പശാല നടത്തിയിരുന്നു. അത് കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട മുപ്പത് യുവാക്കൾക്കുള്ളതായിരുന്നു. 35 വയസ്സിന് താഴെ ഉള്ളവർക്ക്. എനിക്കന്നു പ്രായം 22. എന്നേയും വീട്ടുകാരേയും നാട്ടുകാരേയും
‘ഞെട്ടി’ച്ച് കൊണ്ട് എനിക്ക് അതിലേക്ക് സെലക്ഷൻ കിട്ടി. ആ ക്യാമ്പ് ഒരു കവിയാകുവാൻ നമ്മെ സഹായിക്കുന്നതായിരുന്നു. അന്നാ ക്യാമ്പിൽ പങ്കെടുത്ത ആളുകളാണ് ഇന്നത്തെ യുവകവികളിൽ പലരും. ആ ക്യാമ്പ് ആണ് കവിതയെ കുറിച്ച് അറിയാനും അന്വേഷിക്കാനും കൂടുതൽ പ്രേരിപ്പിച്ചത്.
+.ഇത് വരെ എത്ര കവിതകൾ എഴുതി…?ഏറ്റവും ചർച്ച ചെയ്യപ്പെട്ട കവിതകൾ …?സമാഹാരങ്ങൾ…?അവയുടെ വിൽപ്പന…?അവാർഡുകൾ …?
പുതിയ പുസ്തകങ്ങൾ…?
ഇരുനൂറോളം കവിതകൾ എഴുതി. 2007 ജനുവരിയിൽ എന്റെ സുഹൃത്തുക്കളായ ഹസിലാലും ദീപയും പ്രശസ്ത ഫോട്ടോഗ്രാഫർ ഒ.വിജേഷും ചേർന്നാണ് എന്റെ ആദ്യ കവിതാ സമാഹാരമായ ‘സൈക്കിൾ ചവിട്ടുന്ന പെണ്‍കുട്ടി’പുറത്തിറക്കുന്നത്.അവരുടെ ‘മിസ്റ്റ്’ ബുക്സ് ആയിരുന്നു പ്രസാധകർ. ഫസ്റ്റ് എഡിഷൻ ആയിരം കോപ്പി പെട്ടന്ന് വിറ്റു പോയി .വായിച്ചവരൊന്നും വലിയ തെറ്റ് പറഞ്ഞില്ല. വിമർശനങ്ങൾ കുറവായിരുന്നു. പരസ്യവും ‘പെയ്ട്’  കുറിപ്പെഴുത്തും ഒന്നുമില്ലാഞ്ഞിട്ടും 2010 -ൽ സെക്കന്റ് എഡിഷൻ ഇറങ്ങി. അതും കഴിഞ്ഞു. അതിന് മുമ്പും പിന്നെയും കുറേ എഡിഷൻ ഇറക്കാമായിരുന്നു. പക്ഷെ ,സമാന്തര സംഘമാണ് പ്രസാധകർ എന്നതിനാൽ നമ്മൾ തന്നെ കൊണ്ട് പോയി നടന്നു വിൽക്കുന്നത് പിന്നീട് പറ്റാതായി. എങ്കിലും ആ കാലത്ത് നമ്മളുടെ ഒരു ടീം നടന്ന് വിറ്റ പോലെ അധികം ആരും വിറ്റിട്ടുണ്ടാകില്ല. ഞാൻ സഹ കവികളെയെല്ലാം പുസ്തകം സമാന്തരമായി ഇറക്കാനും വിൽക്കാനും പ്രേരിപ്പിച്ചു. അന്നൊക്കെ ഡി.സി.ഇപ്പോഴത്തെ പോലെ എല്ലാവരുടേയും കവിതകൾ പ്രസിദ്ധീകരിക്കുന്ന പതിവില്ല. അതിനാൽ പലരും സമാന്തരമായി നല്ല സമാഹാരങ്ങൾ ഇറക്കി. കാലം 2007 മുതൽ 2010 വരെ ആണേ …!90 കൾ തൊട്ട് 2000 വരെ മലയാള കവിത അത്രയൊന്നും മൂർച്ചയില്ലാതെ പതുങ്ങി നിൽക്കുകായിരുന്നു. ആഗോളീകരണത്തിന്റെ ആദ്യത്തെ 10 വർഷം. 90 കളുടെ ആദ്യ പകുതി മുഖ്യധാരാ വലതു മാധ്യമങ്ങളുടെ ആഗോളീകരണ ‘സ്തുതി’യിൽ മുഴുകി എന്തോ നല്ലത് വരാൻ പോകുന്നൂ എന്ന പ്രതീതിയിലായിരുന്നൂ നമ്മുടെ ചില നാട്ടുകാരും ചില എഴുത്തുകാരും. പക്ഷെ 90 കളുടെ അവസാന പകുതിയിൽ നമുക്കതിന്റെ കെടുതികൾ നേരിട്ട്  മനസ്സിലായിത്തുടങ്ങി. കവിത 916 ൽ നിന്നും വിട്ട് കുറേ കൂടി പച്ചക്ക് ദുരൂഹതയില്ലാതെ ഇടക്കാലത്ത് അകന്നു പോയ വായനക്കാരെ വീണ്ടും അടുപ്പിക്കാൻ തുടങ്ങി. വായനക്കാർക്ക് തങ്ങളുടെ ജീവിതം കവിതയിലും കഥയിലും വായിക്കാൻ കിട്ടി. 2000 ത്തിന് ശേഷം അരാഷ്ട്രീയ കവിതകളെ തള്ളി മാറ്റിക്കൊണ്ട് ‘നാട്ടുകാരുടെ’ കവിതകളുടെ കുത്തൊഴുക്കുണ്ടായി. അപ്പോഴും 90 കൾ തൊട്ടു 2014 -ൽ, ഇന്നലെ വരെയും എഴുതിയ മലയാളത്തിലെ ഉജ്ജ്വലമായ രാഷ്ട്രീയ കവിതകൾക്ക് ഒരു പഠനമുണ്ടായില്ല എന്നത് വലിയ പോരായ്മയാണ്. ഒറ്റപ്പെട്ട പഠനങ്ങൾ ഉണ്ടായിട്ടില്ലെന്നല്ല. 24 വർഷത്തെ മലയാള കവിതയുടെ ഭാഷ ,രൂപം,സൗന്ദര്യം,രാഷ്ട്രീയം,എന്നിവയെ ഒക്കെ സമഗ്രമായി പഠിക്കുന്ന ഒരു കനപ്പെട്ട നിരൂപണ ഗ്രന്ഥം ഉണ്ടായില്ല എന്നത് നമ്മുടെ സമകാലിക നിരൂപകരുടെ വലിയ പരാജയമാണ്. പല നിരൂപകരുടേയും പഠനത്തേക്കാൾ നല്ലത് കവികള്‍ തന്നെ എഴുതുന്ന കുറിപ്പുകളാണ്. സാഹിത്യത്തിലെ രാഷ്ട്രീയത്തെ തൊടാതെ അതിന്റെ സൗന്ദര്യത്തിൽ മാത്രം സ്ഥിരം പദാവലികളാൽ നിരൂപണം നടത്തുന്ന മാന്യ ദേഹങ്ങൾ ആ പരിപാടി നിർത്തണമെന്ന്‌ ആഗ്രഹിക്കുന്നു.
2000 മുതൽ 2010 വരെ നമ്മുടെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളും മറ്റും ജനപക്ഷത്ത് നിന്ന് കൊണ്ട് അത്യാവശ്യം നല്ല സാഹിത്യ സൃഷ്ടികൾ കൊടുക്കാൻ നിർബന്ധിതരായി .90 കളുടെ തുടക്കത്തിൽ അരാഷ്ട്രീയ രചനകളെ പ്രോത്സാഹിപ്പിച്ച് ആഗോളീകരണത്തിന് നമ്മെ നാമറിയാതെ കൂട്ടിക്കൊടുത്തൂവെങ്കിൽ 2000 ത്തിന് ശേഷം ലോകം മുഴുവൻ നടക്കുന്ന മനുഷ്യരുടെ സമരങ്ങളേയും രചനകളേയും വിറ്റ് തിന്നുക എന്ന കച്ചവടക്കണ്ണ് തുറന്നു വെച്ചിരിക്കുകയാണ് വലതു പക്ഷ അനുകൂലികൾ. ഇപ്പോൾ അവർ നമ്മുടെ കവിതകൾ പ്രസിദ്ധീകരിക്കാൻ മുന്നോട്ട് വരുന്നുണ്ടെങ്കിൽ അതിന് കാരണം കച്ചവടക്കണ്ണ് മാത്രമാണ്. അതിനുമപ്പുറം ഇവർ മടക്കി അയച്ചാലും സൈബർ സ്പെയ്സിലൂടെ നമ്മുടെ രചനകൾ ലോകവുമായി സംവദിക്കും എന്ന് കച്ചവടക്കാർക്ക് അറിയാം. അപ്പോൾ വിൽപ്പനയും ലാഭവും നമ്മുടെ കൈയ്യിലൂടെ ആയ്ക്കോട്ടെ എന്ന വാണിജ്യ ബുദ്ധി. പിന്നെ കവിത എഴുതുന്നവരും വായിക്കുന്നവരും കൂടുന്നുണ്ടെന്നുള്ള സത്യത്തെ എല്ലാവരും അംഗീകരിച്ച് തുടങ്ങിയിരിക്കുന്നു.
2012 ൽ ആണ് എന്റെ രണ്ടാം കവിതാ സമാഹാരമായ ‘സെക്കന്റ് ഷോ’പുറത്തിറങ്ങിയത്. അത് ജെൻസണ്‍ എന്ന പ്രസാധകൻ അദ്ദേഹത്തിന്റെ ‘പുസ്തകഭവൻ ‘എന്ന സ്ഥാപനത്തിലൂടെയാണ് പുറത്തിറക്കിയത്. അതിന്റേയും ആയിരം കോപ്പിയും തീർന്നു .പുതിയ എഡിഷൻ വരാൻ പോകുന്നു. പിന്നെ മൊഴിമാറ്റ പുസ്തകം….!സമദ് ഏലപ്പയാണ് വിവർത്തകൻ. ഈ മൂന്ന്‌ പുസ്തകങ്ങളും എന്റെ കൈയ്യിൽ നിന്നും അമ്പത് പൈസ പോലും വാങ്ങാതെ പ്രസാധകർ ചെയ്തു തരികയായിരുന്നു. അത് തന്നെയാണ് എന്റെ കവിതകൾക്കുള്ള ഏറ്റവും വലിയ അവാർഡ്. ഒരു ബുക്കിറക്കാൻ 20000 രൂപ വേണ്ട കാലത്ത് ഇതൊക്കെ വലിയ ഭാഗ്യമായി കാണുന്നു. ഇനി ഒരു കവിതാ സമാഹാരവും ‘യാത്ര/ഓർമ്മ /അനുഭവം’ പുസ്തകവും വരാനിരിക്കുന്നു. അതും പ്രസാധകർ വക. ഇതൊക്കെ വലിയ അംഗീകാരമായി കാണുന്നു. പിന്നെ മറ്റ് അവാർഡുകൾ ഒന്നും തന്നെ കിട്ടിയിട്ടില്ല. അവാർഡ് വീട്ടിൽ കൊണ്ട് തരാനുള്ള എഴുത്തോ പ്രായമോ ആയിട്ടില്ല…!അവാർഡ് കമ്മറ്റിക്ക് മുമ്പാകെ ഞാൻ ഈ നിമിഷം വരെ ഒരു പുസ്തകവും സമർപ്പിച്ചിട്ടില്ല …!ഭാവിയിൽ സമർപ്പിക്കില്ല എന്ന പിടി വാശിയൊന്നും ഇല്ല….!കഴിയുന്നതും ആരുടേയും കാല്‌ പിടിക്കാതെ അവാർഡ്‌ കിട്ടുന്നതാണ് നല്ലത് എന്ന ഒരഭിപ്രായം എനിക്കുണ്ട്.
യാത്ര,പേര്,സ്നേഹം,സമാധാനം,ആണി,ചിരവ,ജീവിതമേ,ആത്മീയത,ആപ്തവാക്യം,പല്ല്,തുടങ്ങിയ പല കവിതകളും കേരളത്തിലെ സാഹിത്യ സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകർ അവരുടെ പ്രസംഗങ്ങളിലും ലേഖനങ്ങളിലും ഒക്കെ ഉപയോഗിക്കാറുള്ളതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ചില പരീക്ഷാ ക്വസ്റ്റിൻ പേപ്പറിലൊക്കെ ചില കവിതകൾവന്നിട്ടുണ്ട്. അതൊക്കെ കൗതുകം ഉണ്ടാക്കുന്ന കാര്യങ്ങളാണ്. കാരണം അരിയല്ലൂർ ഇപ്പോഴും ഒരു ഗ്രാമമാണ്. ഇവിടെ ഇരുന്നു കൊണ്ട് പ്രസിദ്ധീകരിക്കാനോ നിറഞ്ഞ് നിൽക്കാനോ ‘മെനക്കെടാതെ’ ഇത്രയെങ്കിലും ചെയ്യാൻ പറ്റിയല്ലോ എന്നുള്ളതിൽ നിറഞ്ഞ അഭിമാനം.
~കേരളത്തിൽ ഇന്ന്‌ ഏറ്റവും അധികം പൊതുവേദികളിൽ കവിത ചൊല്ലുന്ന യുവകവിയാണ്‌ താങ്കൾ …അതിനെ കുറിച്ചുള്ള ഓർമ്മകൾ …?
 
കേരളത്തിൽ ഓരോ വില്ലേജിലും ആയിരം കവികള ഉണ്ടെന്നാണ് കവികൾ തന്നെ സ്വയം പരിഹസിച്ച് പറയാറുള്ളത്. ഞാൻ തന്നെ ഈയിടെ ഓണ്‍ ലൈനിലും ഓഫ് ലൈനിലുമായി എഴുതുന്ന ഏറ്റവും സജീവമായി ഇരിക്കുന്ന ആളുകളുടെ എണ്ണം എടുത്തപ്പോൾ ഏകദേശം 500 പേരുണ്ട്…!ഒരു വില്ലേജിൽ ആയിരം കവി എന്ന അപഹസിക്കലിനെ മുഖ വിലക്കെടുത്താൽ കവികളുടെ എണ്ണം അക്കത്തിൽ എഴുതാൻ പറ്റില്ല….!അപ്പോൾ പിന്നെ ആരെങ്കിലും കവിത ചൊല്ലാൻ വിളിക്കുന്നത്‌ തന്നെ വലിയ ഭാഗ്യമായിട്ടാണ് ഞാൻ കരുതുന്നത്. കവിതയെഴുതുന്ന ഏതൊരാൾക്കും ഇത് രണ്ടാമതൊരാൾ വായിക്കണം,കേൾക്കണം,കാണണം എന്ന് തന്നെ ഉള്ളത് കൊണ്ടാണ് എവിടെയായാലും പ്രസിദ്ധീകരിക്കുന്നത്. എനിക്ക് ജനകീയനാവാൻ,ജൻപ്രിയനാവാൻ ഇഷ്ടമില്ല എന്നൊക്കെ പറയുന്നത് വെറും വാചകമടിയാണ്. ഇങ്ങനെ പറയുന്നവനെ ഏതെങ്കിലും ഒരു പൊതു വേദിയിൽ ‘ഒരാശംസക്കു’ വിളിച്ചാൽ പോലും ജുബ്ബയും തയ്പ്പിച്ച് ,നാട്ടിൽ നിന്ന് കാറും വിളിച്ച് പോകും…!എന്നെ മതേതരമായി ചിന്തിക്കുന്ന ഒരു വലിയ ജനാധിപത്യ  സമൂഹമാണ് കവിത ചൊല്ലാൻ വിളിക്കുന്നത്‌. അവർ അങ്ങോണ്ടും ഇങ്ങോണ്ടും കാറിൽ കൊണ്ട് പോകുന്നതും  റൂമെടുത്ത് താമസിപ്പിക്കുന്നതും പരിപാടി കഴിഞ്ഞാൽ തരക്കേടില്ലാത്ത ഒരു സംഖ്യ കീശയിൽ ഇട്ടു തരുന്നതുമൊക്കെ എനിക്കുള്ള വലിയ അംഗീകാരമായി കാണുന്നു…!ഇത്തരം യാത്രകളിൽ ഉണ്ടാകുന്ന അനുഭവങ്ങൾ ഇവിടെ പങ്കു വെച്ചാൽ തീരില്ല.
+ലിറ്റിൽ മാഗസിൻ കാലത്തെ കുറിച്ച് …?
2003 ജനുവരി മുതലാണ്‌ ഞാൻ എഡിറ്ററും ഓണറുമായി ‘നമ്മുടെ മുറ്റം ‘ദ്വൈ മാസിക പ്രസിദ്ധീകരിച്ച് തുടങ്ങിയത്. 2008 നവംബർ ലക്കം വരെ 30 ലക്കങ്ങൾ ഇറക്കി. ഒരു എ ഫോർ പേപ്പർ നാല് മടക്കാക്കിയ രൂപം. അങ്ങിനെ ഒരു രൂപം ആദ്യമായിരുന്നു.അതിൽ നിറയെ സാഹിത്യത്തിന്റെ വിവിധ രൂപങ്ങൾ…!അതിന്റെ സാദാ ലക്കങ്ങളിലും വാർഷികപ്പതിപ്പുകളിലും വന്ന രചനകളാണ് ഇപ്പോഴും പല മുഖ്യധാരകളിലും വന്ന് കൊണ്ടിരിക്കുന്നത് എന്നതാണ് അതിന്റെ വിജയം. അതിൽ എഴുതിയിരുന്ന കൂട്ടുകാരൊക്കെയും ഇപ്പോഴും സജീവമായി എഴുതുന്നു. വ്യക്തിപരമായ തിരക്കും ഓണ്‍ ലൈനിലെ സജീവതയും പതുക്കെ പഴയ ആവേശം കുറച്ചു. എങ്കിലും അത് വീണ്ടും തുടങ്ങാൻ സാധ്യതയുണ്ട്.
+പുതുകവിതയെ കുറിച്ച് എന്താണ് പറയാനുള്ളത്…?SREEJITH 1
ആത്മാർഥമായി എഴുതുന്നവരുടെ കവിതകൾക്ക് എന്നും വായനക്കാരുണ്ട്. വ്യാജ കവിതകൾക്ക് നില നിൽപ്പില്ല. സ്വകാര്യ ജീവിതത്തെ ഒരു ‘സംഭവം’ആക്കിയോ ,വ്യാജമായ ‘പുകഴ്ത്തെഴുത്ത് ‘ നടത്തിച്ചോ ആർക്കും ഒരു കവിയായി നിലനിൽക്കാൻ ആകില്ല. കേരളത്തിൽ നിർജ്ജീവമല്ലാത്ത ഒരേ ഒരു മേഖല എന്നുള്ളത് കവിത എഴുത്താണ്. അവിടെ സജീവമായി ആയിരങ്ങൾ രാപ്പകൽ പണിയെടുക്കുന്നു. നിരന്തരം പുതുക്കി പണിയാൻ ഉള്ള അന്വേഷണങ്ങൾ നടക്കുന്നു. പലരും ഗംഭീരമായ കവിതകളാൽ കൊട്ടി ഘോഷിക്കപ്പെടുന്ന ‘ലോക കവിതകളെ’ പോലും ഭംഗിയായി മറി കടക്കുന്നു..!ഈ കാലത്ത് ജീവിക്കാൻ കഴിഞ്ഞതിൽ ,വല്ലതും രണ്ടു വാക്ക് എഴുതാൻ സാധിച്ചതിൽ അതിയായി ആഹ്ലാദിക്കുന്നു….അഭിമാനിക്കുന്നു…!
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!