HIGHLIGHTS : കൊച്ചി: എറണാകുളം വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് എന്ന യുവാവ് ആശുപത്രിയില്‍ മരിച്ചു. ആന്തരികാവയവങ്ങള്‍ക്കേറ്റ ഗുരുതര പരിക്കിനെ തുട...
കൊച്ചി: എറണാകുളം വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് എന്ന യുവാവ് ആശുപത്രിയില്‍ മരിച്ചു. ആന്തരികാവയവങ്ങള്‍ക്കേറ്റ ഗുരുതര പരിക്കിനെ തുടര്‍ന്നാണ് മരണം എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വെള്ളിയാഴ്ച വരാപ്പുഴയില്‍ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് ശേഷം വീട് കയറി ആക്രമിച്ചതിനെ തുടര്‍ന്നാണ് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തിരുന്നു. ഈ കേസിലാണ് 12ാം പ്രതിയാക്കി ശ്രീജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ശീജിത്തിനെ വെളളിയാഴ്ച വീട്ടില്‍ നിന്ന് പിടിച്ചിറക്കി കൊണ്ടുപോയി ക്രൂരമായി പോലീസ് മര്‍ദ്ദിച്ചെന്നാണ് ബന്ധുക്കളുടെ പരാതി. ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശ്രീജിത്തിനെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പിന്നീട് ബന്ധുക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലാണ് ശ്രീജിത്തിനെ ആശുപത്രിയിലെത്തിച്ചതെന്നും ശസ്ത്രക്രിയക്കും ശേഷവും ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി ശ്രീജിത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ശ്രീജിത്തിനെ സന്ദര്‍ശിച്ച മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി മോഹന്‍ദാസും ഇയാള്‍ക്ക് മര്‍ദ്ദനമേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്.
സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് ശ്രീജിത്തിന്റെ മരണം. എന്നാല്‍ കസ്റ്റഡി മര്‍ദ്ദനം നടന്നിട്ടില്ലെന്ന നിലപാടിലാണ് വരാപ്പുഴ പോലീസ്.