ശ്രീജിത്തും അമ്മയും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

ശ്രീജിവിന്റെ മരണം സംബന്ധിച്ച കേസ്‌ സി.ബി.ഐയെക്കൊണ്ട്‌ ഏറ്റെടുപ്പിക്കുന്നതിന്‌ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അനുകൂലമായ നിലപാട്‌ സ്വീകരിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രീജീവിന്റെ സഹോദരന്‍ ശ്രീജിത്തിനും മാതാവിനും ഉറപ്പ്‌ നല്‍കി. തിങ്കളാഴ്‌ച വൈകിട്ടാണ്‌ ശ്രീജിത്തും അമ്മയും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്‌.

സി.ബി.ഐ അന്വേഷണത്തിനുവേണ്ടി സര്‍ക്കാര്‍ എടുത്ത നടപടികള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. 2017 ജൂലായില്‍ തന്നെ സി.ബി.ഐ അന്വേഷണത്തിന്‌ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ ഈ ആവശ്യം നിരസിച്ചു. ഇതേത്തുടര്‍ന്ന്‌ കേന്ദ്ര സര്‍ക്കാരിനോട്‌ വീണ്ടും ഈ ആവശ്യം ഉന്നയിച്ചിരിക്കുകയാണ്‌.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ ശ്രീജീവിന്റെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചാല്‍ സര്‍ക്കാര്‍ അനുകൂലമായ നിലപാട്‌ എടുക്കുമെന്ന്‌ മുഖ്യമന്ത്രി ഉറപ്പു നല്‍കി.

പോലീസ്‌ കംപ്ലയിന്റ്‌ അതോറിറ്റി നിര്‍ദേശിച്ച നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌ ഹൈക്കോടതി സ്റ്റേ ചെയ്‌തിരിക്കുകയാണ്‌. ഈ സ്റ്റേ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കും. ഇക്കാര്യത്തില്‍ അഡ്വക്കറ്റ്‌ ജനറലിന്‌ ആവശ്യമായ നിര്‍ദേശം നല്‍കിക്കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുറ്റാരോപിതരായ ചില പോലീസുകാര്‍ തന്നെ പരിഹസിക്കുന്നുണ്ടെന്ന്‌ ചര്‍ച്ചയ്‌ക്കിടയില്‍ ശ്രീജിത്തിന്റെ അമ്മ രമണി പ്രമീള മുഖ്യമന്ത്രിയോട്‌ പരാതിപ്പെട്ടു. ഇക്കാര്യം ഗൗരവമായെടുത്ത്‌ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ്‌ മേധാവിക്ക്‌ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

ശ്രീജീവിന്റെ കസ്റ്റഡി മരണം സംബന്ധിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ പരമാവധി കാര്യങ്ങള്‍ ചെയ്‌തിട്ടുണ്ട്‌. ഈ പ്രശ്‌നത്തില്‍ വേദന അനുഭവിക്കുന്ന കുടുംബത്തോടൊപ്പമാണ്‌ സര്‍ക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു.