സരിതയും മന്ത്രിമാരുമൊത്തുള്ള ദൃശ്യങ്ങള്‍ പുറത്തു വിടും; ബിജുവിന്റെ അഭിഭാഷകന്‍

കൊച്ചി : സരിതയും ഉന്നതരും ഉള്‍പ്പെട്ടിട്ടുള്ള ദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് അഡ്വ. ജേക്കബ് മാത്യു. രേഖാമൂലം ബിജുവിന്റെ പക്കല്‍ നിന്ന് അനുവാദം ലഭിച്ചാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ തയ്യാറാണെന്ന്

അഭിഭാഷകന്‍ വ്യക്തമാക്കി. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഉന്നതര്‍ ഉള്‍പ്പെട്ട ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കെ സി വേണുഗോപാല്‍, എ പി അനില്‍ കുമാര്‍, ഗണേഷ് കുമാര്‍ എന്നിവരാണ് ദൃശ്യത്തിലുള്ള മന്ത്രിമാരെന്നും ജേക്കബ് മാത്യു പറഞ്ഞു.

സോളാര്‍ കേസിലെ മുഖ്യപ്രതിയായ സരിത കോടതയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ താന്‍ ബലാത്സംഗത്തിനിരയായതായും മന്ത്രിമാരുടേതടക്കമുള്ള പേരുകള്‍ വെളിപെടുത്തിയതായും സിജെഎം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സരിത പറഞ്ഞ പേരുകള്‍ കോടതി രേഖപ്പെടുത്തുകയോ ശ്രദ്ധിക്കുകയോ ചെയ്തിരുന്നില്ല.

എന്നാല്‍ സരിത കോടതിയില്‍ വെളിപ്പെടുത്തിയത് മൂന്ന് മന്ത്രിമാരുടെ പേരുകളാണെന്ന് പറഞ്ഞ് ബിജു രാധാകൃഷ്ണന്‍ രംഗത്തെത്തി. കെസി വേണുഗോപാല്‍, എപി അനില്‍കുമാര്‍, ഗണേഷ് കുമാര്‍ എന്നിവരുടെ പേരുകളാണ് സരിത വെളിപ്പെടുത്തിയതെന്നും ബിജു പറഞ്ഞു. എന്നാല്‍ ബിജുവിന്റെ ഈ വെളിപ്പെടുത്തലുകള്‍ തെറ്റാണെന്ന് വ്യക്തമാക്കി സരിത രംഗത്തെത്തിയിരുന്നു.

അതേ സമയം സരിതയും മന്ത്രിമാരുമടക്കമുള്ളവരുടെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന വാദവുമായാണ് ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ ജേക്കബ് മാത്യു രംഗത്തെത്തിയിരിക്കുന്നത്.