രശ്മിവധം; ബിജുരാധാകൃഷ്ണന് ജീവപര്യന്തം

images (2)കൊല്ലം : സോളാര്‍ കേസിലെ മുഖ്യ പ്രതി ബിജു രാധാകൃഷ്ണന് ആദ്യഭാര്യ രശ്മിയെ കൊലപെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ വിധിച്ചു. കൊല്ലം മുന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കേസില്‍ ബിജുവിന്റെ അമ്മ രാജമ്മാളിന് 3 വര്‍ഷം തടവിന് വിധിച്ചിട്ടുണ്ട്. കോടതിവിധിയില്‍ തൃപ്തരെന്ന് രശ്മിയുടെ അച്ഛന്‍ പ്രതികരിച്ചു. കേസില്‍ ബിജു രാധാകൃഷ്ണനും അമ്മ രാജമ്മാളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, തെളിവു നശിപ്പിക്കല്‍, പീഡനം, മകനെ മര്‍ദ്ദിച്ചു എന്നീ കുറ്റങ്ങളാണ് ബിജുവിനെതിരെ ചുമത്തിയിരിക്കുന്നത്. സ്ത്രീപീഡനം, കൊലപാതകത്തിന് കൂട്ടുനില്‍ക്കല്‍ എന്നീ കുറ്റങ്ങളാണ് രാജമ്മാളിനെതിരെ ചുമത്തിയിരിക്കുന്നത്.

3 മാസം നീണ്ട വിചാരണക്കൊടുവിലാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്. സരിത എസ് നായര്‍, ശാലുമേനോന്‍ എന്നിവരടക്കം 43 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 3 സാക്ഷികളെയാണ് പ്രതിഭാഗം വിസ്തരിച്ചത്. കേസില്‍ സരിതയെ പ്രതി ചേര്‍ക്കണമെന്ന ഹരജി കോടതി തള്ളിയിരുന്നു.

2008 ഫെബ്രുവരി 3 നാണ് ബിജുവിന്റെ കളപ്പുരയിലെ വീട്ടില്‍ വെച്ച് രശ്മി കൊല്ലപ്പെട്ടത്. നിര്‍ബന്ധിച്ച് മദ്യം നല്‍കി ശ്വാസം മുട്ടിച്ച് കൊന്നു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. സംഭവ സമയത്ത് ഉണ്ടായിരുന്ന ഇവരുടെ 3 വയസ്സുള്ള മകന്‍ മാത്രമാണ് കേസിലെ ഒന്നാം സാക്ഷി.