സോളാര്‍ കേസ്‌: സരിതക്കും ബിജുവിനും മൂന്ന്‌ വര്‍ഷം തടവും പിഴയും

15-saritha-nair-biju-radhakrishnanപത്തനംതിട്ട: സംസ്ഥാനത്ത്‌ ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സോളാര്‍ തട്ടിപ്പ്‌ കേസിലെ ആദ്യവിധി പ്രഖ്യാപിച്ചു. സരിത എസ്‌ നായര്‍ക്കും ബിജു രാധാകൃഷ്‌ണനും കോടതി ആറ്‌ വര്‍ഷത്തെ തടവും പിഴയും വിധിച്ചിട്ടുണ്ട്‌. രണ്ട്‌ കേസുകളിലായി ആറ്‌ വര്‍ഷത്തെ ശിക്ഷയാണ്‌ ഇരുവര്‍ക്കും വിധിച്ചിരിക്കുന്നത്‌. ഈ ശിക്ഷ ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതിയാകും. ഫലത്തില്‍ സരിതയും ബിജുവും മൂന്ന്‌ വര്‍ഷത്തെ ശിക്ഷ അനുഭവിക്കണം. സരിതയ്‌ക്ക്‌ 45 ലക്ഷം രൂപ പിഴയും ബിജു രാധാകൃഷ്‌ണന്‌ 75 ലക്ഷം രൂപയുമാണ്‌ കോടതി പിഴ ചുമത്തിയിരിക്കുന്നത്‌. കേസില്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന്‌ കോടതി സരിതയ്‌ക്ക്‌ ജാമ്യം അനുവദിച്ചിട്ടുണ്ട്‌. എന്നാല്‍ ബിജു രാധാകൃഷണന്‌ ജാമ്യാമില്ല. പത്തനംതിട്ട ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയുടേതാണ്‌ വിധി.

ഇടയാറിലുള്ള സ്വദേശിയും പ്രവാസിയുമായ ബാബുരാജിന്‌ സോളാര്‍ കമ്പനി ചെയര്‍മാന്‍ സ്ഥാനവും ഓഹരിയും വാഗ്‌ദാനം ചെയ്‌ത്‌ ഒരു കോടി 19 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു കേസ്‌. സോളാര്‍ കേസിലെ ആദ്യ കോടതി വിധിയാണിത്‌. വിശ്വാസവഞ്ചന, ഗൂഢാലോചനാക്കുറ്റം, വ്യാജരേഖ ചമക്കല്‍ എന്നീ കുറ്റങ്ങള്‍ ഇരുവര്‍ക്കുമെതിരെ തെളിഞ്ഞതായി കോടതി കണ്ടെത്തി.

കോടതി വിധി മാനിക്കുന്നതായും ശിക്ഷാ വിധി വന്ന ശേഷം നാളെ അപ്പീല്‍ നല്‍കുമെന്നും സരിത പ്രതികരിച്ചു. മറ്റ്‌ കേസുകളില്‍ തടവില്‍ കഴിഞ്ഞ കാലം ശിക്ഷയില്‍ ഇളവ്‌ നല്‍കണമെന്ന ബിജു രാധാകൃഷ്‌ണന്റെ ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്‌.