മണല്‍ വേട്ടക്കിടെ ഡിവൈഎസ്പിയടക്കമുള്ള പോലീസ് സംഘത്തെ ടിപ്പറിടിച്ച് വകവരുത്താന്‍ ശ്രമം

കണ്ണൂര്‍ : മണല്‍ വേട്ടക്കിടെ ഡിവൈ എസ്പിയടക്കമുള്ള പോലീസ് സംഘത്തെ ടിപ്പറിടിച്ച് വകവരുത്താന്‍ ശ്രമം. വെള്ളിയാഴ്ച രാത്രിയാണ് മണല്‍വേട്ടക്കിറങ്ങിയ ഇരിട്ടി ഡിവൈഎസ്പി പി സുകുമാരന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അബ്ദുള്‍ സലാം, ജന്‍സണ്‍ എന്നിവര്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിനെ മണല്‍ ലോറി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് തലനാരിഴക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. മൂന്ന് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ പരിക്ക് സാരമുള്ളതല്ല.

ഇന്നലെ രാത്രി മാമനകുന്നില്‍ മണല്‍കയറ്റി വന്ന ലോറി പോലീസ് സംഘം തടഞ്ഞുവെങ്കിലും ലോറി നിര്‍ത്താതെ പോവുകയായിരുന്നു. ഇതേ തുടര്‍ന്ന് ലോറിയെ പിന്‍തുടര്‍ന്ന പോലീസ് സംഘം മണല്‍ ലോറിയെ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇവര്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഡിവൈഎസ്പിക്ക് നേരെ ഭീഷണ മുഴക്കിയ സംഘം കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

അതേ സമയം നിയന്ത്രണം വിട്ട ലോറി അടുത്തുള്ള മതിലില്‍ ഇടിച്ചു നിന്നു. ലോറിയില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. നമ്പര്‍ പ്ലേറ്റ് ഇല്ലാതെയാണ് ലോറി മണല്‍കടത്ത് നടത്തിയത്. പോലീസ് ലോറിയുടെ ഉടമയെ കണ്ടെത്താനുള്ള അനേ്വഷണം ആരംഭിച്ചു.