സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കാഴ്ചയെ ബാധിക്കും

smartphone-friendsസ്മാര്‍ട്ട് ഫോണ്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ അത് കാഴ്ച ശക്തിയെ ബാധിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും പ്രസരിക്കുന്ന നീല കലര്‍ന്ന വയലറ്റ് വെളിച്ചമാണ് കണ്ണുകളെ ദോഷകരമായി ബാധിക്കുക. സ്മാര്‍ട്ട് ഫോണുകള്‍ തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ അത് കണ്ണിന്റെ റെറ്റിനയ്ക്ക് കേടുവന്ന് അന്ധതവരുവാന്‍ കാരണമാകുന്ന മാകുലര്‍ ഡീജനറേഷന്‍ എന്ന അവസ്ഥയുണ്ടാകുമെന്ന് ബ്രിട്ടീഷ് നേത്ര വിദഗ്ദന്‍ ആന്‍ഡി ഹെപ്പര്‍ത്ത് പറയുന്നു. പ്രായമായവരിലാണ് ഈ രോഗം സാധാരണയായി കാണാറുള്ളത്.

ഈ ഫോണില്‍ വരുന്ന വെളിച്ചം ഉറക്കത്തെ ബാധിക്കുകയും മനോനിലയെ തന്നെ സ്വാധീനിക്കുകയും ചെയ്യുമെന്ന് തെളിഞ്ഞിട്ടുണ്ട്. കമ്പ്യൂട്ടര്‍ സ്‌ക്രീനുകളെ അപേക്ഷിച്ച് സ്മാര്‍ട്ട് ഫോണുകള്‍ കണ്ണിനടുത്തേക്ക് കൂടുതല്‍ അടുപ്പിച്ചു പിടിച്ചാല്‍ അത് കണ്ണിനു ക്ഷിണം ഉണ്ടാകാന്‍ കാരണമാകുമെന്നും അതുമൂലം കണ്ണുകള്‍ വരള്‍ച്ചയും വേദനയും കഴ്ചമങ്ങലും ഉണ്ടാവുകയും ചെയ്യുന്നു. ഇതിനു പുറമെ കണ്ണടയോ കോണ്ടാക്ട് ലെന്‍സോ ഉപയോഗിക്കുന്നവര്‍ക്ക് കണ്ണിന്റെ ആയാസം കൂടും. ഇങ്ങനെ സംഭവിക്കാന്‍ കാരണം കൃത്രിമ കാഴ്ച്ച സഹായികള്‍ ക്രമപ്പെടുത്തുന്നതിനുള്ള അധികജോലിയും ബ്ലൂ വയലറ്റ് രശ്മികള്‍ ഉണ്ടാക്കുന്ന പ്രശ്‌നവും കണ്ണിനു അധികമായി വരുന്നതുകൊണ്ടാണ്.

എന്നാല്‍ ഇക്കാലഘട്ടത്തില്‍ സ്മാര്‍ട്ട്് ഫോണുകള്‍ ഉപയോഗിക്കാതിരിക്കുക എന്നുള്ളത് അപ്രായോഗികമാണ്. അതുകൊണ്ടു തന്നെ ഇവയുടെ ഉപയോഗം കുറയ്ക്കുക എന്നതു മാത്രമെ ഇതിന് പരിഹാരമൊള്ളു വെന്നാണ് നേത്രരോഗ വിദഗ്ദ്ധരുടെ അഭിപ്രായം. ഫോണ്‍ കഴിയുന്നതും കണ്ണില്‍ നിന്ന് അകറ്റിപ്പിടിക്കുന്നതാണ് നല്ലത്. ഫോണ്‍ ചെയ്യുമ്പോള്‍ കഴിവതും കണ്ണുകളടച്ചു പിടിക്കുന്നതും നല്ലതാണെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കുന്നു.