Section

malabari-logo-mobile

ശിരുവാണി ഡാമിലെ വെളളം തമിഴ്‌നാട് കടത്തുന്നത് മിനറല്‍ വാട്ടര്‍ കമ്പനികളിലേക്ക്

HIGHLIGHTS : പാലക്കാട് : ശിരുവാണി ഡാമില്‍ നിന്നും അന്തര്‍ സംസ്ഥാന നദീജല കരാല്‍ ലംഘിച്ച് തമിഴ്‌നാട് കൊണ്ടു പോകുന്ന ജലം എത്തുന്നത് കോയമ്പത്തൂരിലെ മിനറല്‍ വാട്ടര്‍...

SIRUVANIപാലക്കാട് : ശിരുവാണി ഡാമില്‍ നിന്നും അന്തര്‍ സംസ്ഥാന നദീജല കരാല്‍ ലംഘിച്ച് തമിഴ്‌നാട് കൊണ്ടു പോകുന്ന ജലം എത്തുന്നത് കോയമ്പത്തൂരിലെ മിനറല്‍ വാട്ടര്‍ കമ്പനികളിലേക്ക്. കേരളത്തില്‍ നിന്ന് കൊണ്ടു പോകുന്ന ഈ വെള്ളം 30 ലേറെ മിനറല്‍ വാട്ടര്‍ കമ്പനികള്‍ കേരളത്തില്‍ തന്നെയാണ് വില്‍പ്പന നടത്തുന്നത്.

കുടിവെള്ളത്തിന്റെ പരിശുദ്ധിയളക്കുന്ന അന്തര്‍ദേശീയ ഏജന്‍സിയായ നാഷണല്‍ സാനിറ്റേഷന്‍ ഫൗണ്ടേഷന്റെ റാങ്കിങ് പ്രകാരം ലോകത്തെ ഏറ്റവും ശുദ്ധമായ ജലം സൈലന്റ് വാലിയിലെ മലനിരകളില്‍ നിന്നും ഉത്ഭവിക്കുന്ന ശിരുവാണി ഡാമിലേതാണെന്നാണ്. അതേ സമയം കേരളത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ശുദ്ധജല സംഭരണിയില്‍ നിന്നും ഒരു ലിറ്റര്‍ വെള്ളം പോലും സംസ്ഥാനത്തിന് ലഭിക്കുന്നില്ല.പ്രതിദിനം 9 കോടി ലിറ്റര്‍ വെള്ളം ശിരുവാണി ഡാമില്‍ നിന്നും തമിഴ്‌നാടിന് എടുക്കാമെന്നായിരുന്നു കേരളവുമായി ഉണ്ടാക്കിയിരുന്ന കരാര്‍. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഉണ്ടാക്കിയ പ്രതേ്യക കരാറില്‍ 3 കോടി ലിറ്റര്‍ വെള്ളം കൂടി കൊണ്ടു പോകാന്‍ കേരളം അനുവാദം നല്‍കിയിരുന്നു. കോയമ്പത്തൂരിലെ ജനങ്ങള്‍ക്ക് കുടിക്കാന്‍ മാത്രമേ ഈ വെള്ളം ഉപയോഗിക്കാവൂ എന്നായിരുന്നു കരാര്‍. എന്നാല്‍ ഏറെനാളായി കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ച് കോയമ്പത്തൂരിലെ മിനറല്‍ വാട്ടര്‍ കമ്പനികളും മറ്റു വ്യവസായ സംരംഭങ്ങളുമാണ് ശിരുവാണിയില്‍ നിന്നും ഇത്തരത്തില്‍ കൊണ്ടു പോകുന്ന വെള്ളം ഉപയോഗിക്കുന്നത്. കോയമ്പത്തൂരിലെ സാധാരണ ജനങ്ങള്‍ക്ക് കുടിക്കാനായി ശിരുവാണി ഡാമില്‍ നിന്നും കൊണ്ടു പോകുന്ന വെള്ളം ലഭിക്കുന്നില്ല. അവിടത്തെ പൈപ്പുകളില്‍ നിന്ന് ലഭിക്കുന്ന ജലം ശിരുവാണിയിലെ വെള്ളമല്ല. മറിച്ച് അവിടത്തെ മിനറല്‍ വാട്ടര്‍ കമ്പനികളും, വാട്ടര്‍ തീം പാര്‍ക്കുകള്‍ക്കും ഉപയോഗിക്കുന്നത് ശിരുവാണിയിലെ വെള്ളമാണ്.

sameeksha-malabarinews

കോയമ്പത്തൂരിലെ മിക്ക മിനറല്‍ വാട്ടര്‍ കമ്പനികളും നടത്തുന്നത് മലയാളികളാണ്. കേരളത്തിലെ ഏകദേശം 10 ജില്ലകളില്‍ ലഭിക്കുന്നത് തമിഴ്‌നാട്ടില്‍ നിന്ന് എത്തുന്ന ഈ മിനറല്‍ വാട്ടര്‍ തന്നെയാണ്. ശിരുവാണി മലകളില്‍ നിന്ന് വരുന്ന വെള്ളമാണ് കുപ്പിയിലുള്ളതെന്ന് കൃത്യമായി കുപ്പിയുടെ പുറത്ത് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഇത്തരത്തില്‍ ശിരുവാണി ഡാമില്‍ നിന്നും ജലം ഊറ്റുന്നത് വഴി വന്‍ നിയമ ലംഘനമാണ് നടക്കുന്നത്. കടുത്ത വേനലിലും കേരളത്തിലെ ജല അതോറിറ്റിയിലെ ഉന്നത ഉദേ്യാഗസ്ഥര്‍ക്ക് വന്‍ തുക നല്‍കിയാണ് ഇത്തരത്തില്‍ വെള്ളം കൊള്ളയടിക്കുന്നത് എന്നതിനു നേരെ ഉത്തരവാദിത്വപ്പെട്ടവര്‍ കണ്ണടക്കുകയാണ്. ഡാമിലെ പക്ഷി മൃഗാദികളുടെ കുടിവെള്ളാവശ്യത്തിനും ഡാമിന്റെയും വനമേഖലയുടെയും നിലനില്‍പ്പിന് വേണ്ടി ഡെത്ത് സ്റ്റോറേജ് എന്ന പേരില്‍ റിസര്‍വോയറിന്റെ അടിത്തട്ടില്‍ ജല ശേഖരം നിലനിര്‍ത്തുന്നുണ്ട്. എന്നാല്‍ ഡെത്ത് സ്റ്റോറേജ് കഴിഞ്ഞുള്ള വെള്ളമാണ് ഇപ്പോള്‍ കൊണ്ടു പോകുന്നത്. കോയമ്പത്തൂരിലെ വന്‍കിട വ്യവസായങ്ങള്‍ക്ക് വേണ്ടിയാണ് ഇത്തരമൊരു വിട്ടുവീഴ്ചക്ക് കേരളം തയ്യാറായത്. ഇത്തരത്തില്‍ ഡെത്ത് സ്റ്റോറേജില്‍ നിന്നും വെള്ളം എടുക്കുന്നത് സൈലന്റ് വാലിയെയും ശിരുവാണിമേഖലയിലെ മഴക്കാടുകളെയും ഡാം സുരക്ഷയെ തന്നെയും ദോഷകരമായി ബാധിക്കും എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!